മാലിന്യ സംസ്കരണത്തിൽ കേരളത്തിന്റെ നടപടികളിൽ തൃപ്തി രേഖപ്പെടുത്തി ദേശീയ ഗ്രീൻ ട്രിബ്യൂണൽ

Share our post

ന്യൂഡൽഹി : ഖര ദ്രവ്യ മാലിന്യ സംസ്കരണ രംഗത്ത് കേരളം സ്വീകരിച്ച നടപടികളിൽ ഗ്രീൻ ട്രൈബ്യൂണൽ തൃപ്തി രേഖപ്പെടുത്തി.സോളിഡ് വേസ്റ്റ് മാനേജ്മെൻറ് നിയമം 2016 നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ വീഴ്ച വരുത്തിയ പല സംസ്ഥാനങ്ങൾക്കും വൻതുകയാണ് ഗ്രീൻ ട്രിബ്യൂണൽ ഇതിനോടകം പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. മഹാരാഷ്ട്രക്ക് 12000 കോടിയും ബംഗാളിന് 3500 കോടിയും ഗുജറാത്തിന് 3000 കോടിയും പഞ്ചാബിന് 2180 കോടിയും പിഴ ശിക്ഷ വിധിച്ചപ്പോൾ കേരളം നഷ്ടപരിഹാര ശിക്ഷയിൽ നിന്നും ഒഴിവായിരിക്കുന്നത് വലിയ നേട്ടമായി.

ഉൽപ്പാദിപ്പിക്കപ്പെടുന്ന മാലിന്യം കൃത്യമായി സംസ്കരിക്കപ്പെടുന്നുണ്ടെന്നും മാലിന്യങ്ങൾ നദികളിലോ പൊതുസ്ഥലങ്ങളിലോ കുമിഞ്ഞ് കൂടി കിടക്കുന്നത് കേരളത്തിൽ കുറവാണെന്നും
ട്രിബ്യൂണൽ മുൻപാകെ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ സംസ്ഥാനം ബോധ്യപ്പെടുത്തി.

ഖര / ദ്രവ്യ മാലിന്യ സംസ്കരണത്തിനായി നഗരങ്ങളിൽ 1696 .61 കോടി രൂപയും , ഗ്രാമങ്ങളിൽ 646. 57 കോടിയുമടക്കം 2343. 18 കോടി നീക്കി വെച്ചു കഴിഞ്ഞു വെന്നും കേരളം ബോധ്യപ്പെടുത്തി. പഴക്കം ചെന്ന മാലിന്യങ്ങൾ ദീർഘകാലമായി സംസ്കരിക്കാൻ കഴിയാതെ കെട്ടിക്കിടക്കുന്ന ലാലൂർ , ബ്രഹ്മപുരം ,കുരീപുഴ എന്നീ സ്ഥലങ്ങളിൽ മാലിന്യ സംസ്കരണത്തിന് കേരളം കൈകൊണ്ട നടപടികളിൽ ട്രിബ്യൂണലിൻ്റെ പ്രിൻസിപ്പൾ ബെഞ്ച് സന്തുഷ്ടി രേഖപ്പെടുത്തി.

മാലിന്യ കൂമ്പാരങ്ങൾ നശിപ്പിക്കാൻ 15 . 15 കോടി രൂപ കേരളം പ്രത്യേകം മാറ്റിവെച്ചതായി സത്യവാങ്ങ് മൂലത്തിൽ ചൂണ്ടിക്കാട്ടി.
അടുത്ത ആറ് മാസത്തിനുള്ളിൽ മാലിന്യ സംസ്കരണ രംഗത്ത് കേരളം സ്വീകരിക്കാൻ പോകുന്ന നടപടികൾ രേഖാമൂലം ചീഫ് സെക്രട്ടറി ട്രിബ്യൂണലിൻ്റെ രജിസ്ട്രാർക്ക് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു.

മാലിന്യ സംസ്കരണത്തിനായി സമയബന്ധിതമായി കൂടുതൽ പദ്ധതികൾ തയ്യാറാക്കാനും ട്രിബ്യൂണൽ കേരളത്തോട് ആവശ്യപ്പെട്ടു.

മാലിന്യ സംസ്കരണ രംഗത്ത് കേരളം മറ്റ് ഇതര ഇന്ത്യൻ സംസ്ഥാനങ്ങളേക്കാൾ വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്.ഖര / ദ്രവ്യ മാലിന്യ രംഗത്ത് കേരളം സ്വീകരിച്ചിരിക്കുന്ന നടപടികൾ ഇതിനോടകം ദേശീയ ശ്രദ്ധയാകർഷിച്ചു. ഉറവിട മാലിന്യ സംസ്കരണത്തിലും ,ഖര / ദ്രവ്യ മാലിന്യ സംസ്കരണത്തിലും വലിയ മുന്നേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞ ആറര വർഷം കൊണ്ട് കേരളത്തിന് കഴിഞ്ഞു. കോഴി വേയിസ്റ്റ് അടക്കമുള്ള മാലിന്യങ്ങൾ നശിപ്പിച്ച ശേഷം പ്രോട്ടീൻ പൗഡർ അടക്കമുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നുണ്ടെന്ന് കേരളം ഗ്രീൻ ട്രിബ്യൂണൽ മുമ്പാകെ ചൂണ്ടിക്കാട്ടി.

കൂടാതെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച ശേഷം പ്ലാസ്റ്റിക്ക് റീസൈക്കിൾ യൂണിറ്റിലെത്തിച്ച് നശിപ്പിക്കുന്നുണ്ട്. നശിപ്പിക്കാൻ കഴിയാത്ത പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ റോഡ് നിർമ്മാണത്തിനും , ഫാക്ടറികളിലെ ഫർണസ് കത്തിക്കാനുള്ള ഊർജ്ജമായി ഉപയോഗിക്കുന്നതായും കേരളം ചൂണ്ടികാട്ടി.

വീടുകളിൽ നിന്നും ഹരിത കർമ്മ സേനാംഗങ്ങൾ മാലിന്യം ശേഖരിക്കുന്നതും ശേഖരിച്ച മാലിന്യങ്ങൾ കൃത്യമായ അളവിൽ പ്ലാൻറുകളിൽ എത്തിച്ച് സംസ്കരിക്കുന്നതിനും കേരളം വലിയ പുരോഗതി കൈവരിച്ചു. റീസൈക്കിൾ ചെയ്യാൻ കഴിയാത്ത മാലിന്യങ്ങൾ സിമന്റ് പ്ലാൻ്റുകളിൽ എത്തിച്ച് മീൻ വളമാക്കി മാറ്റുന്നതിലൂടെ പുനരുപയോഗ രംഗത്ത് കേരളം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വലിയ നേട്ടം കൈവരിച്ചുകഴിഞ്ഞു .

ക്ലീൻ കേരള കമ്പനി രൂപീകരിച്ച മാലിന്യ സംസ്കരണ രംഗത്ത് കേരളം ഇതിനോടകം വലിയ കാൽവെപ്പുകൾ നടത്തി. നാൽപതോളം റെൻഡറിംഗ് പ്ലാൻറുകളാണ് ഇതിനോടകം കേരളത്തിൽ സ്ഥാപിച്ചു കഴിഞ്ഞിട്ടുള്ളത്. ഈ നടപടികളാകെ വിലയിരുത്തിയാണ് കേരളത്തിന് വൻ നഷ്ടപരിഹാര ശിക്ഷ വിധിക്കുന്നതിൽ നിന്നും പിൻ വാങ്ങിയ ശേഷം ട്രിബ്യൂണൽ കേരളത്തിൻ്റെ നടപടികളിൽ തൃപ്തി രേഖപ്പെടുത്തിയത്.

ഗ്രീൻ ട്രിബ്യൂണലിൻ്റെ ചെയർമാനായ ജസ്റ്റിസ് . ആദർശ് കുമാർ ഗോയൽ , ജസ്റ്റിസ് സുധീർ അഗർവാൾ , എ സെന്തിൽവേൽ എന്നീവരടങ്ങുന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

കേരളത്തിന് വേണ്ടി ചീഫ് സെക്രട്ടറി ഡോ.വി പി ജോയി , ആഭ്യന്തര സെക്രട്ടറി ഡോ. വി വേണു , തദ്ദേശ സ്വയംഭരണ സെക്രട്ടറി ശാരദാ മുരളീധരൻ, പൊല്യുഷൻ കൺട്രോൾ ബോർഡ് മെമ്പർ സെക്രട്ടറി ഷീലാ മോസസ് എന്നീവരാണ് ഹാജരായത് .

ശുചിത്വമിഷൻ, ഹരിതകേരളം മിഷൻ, ക്ളീൻ കേരള കമ്പനി തുടങ്ങിയവയുടെയും ഉദ്യോഗസ്ഥരുടെയും വിവിധ തദേശ സ്ഥാപനങ്ങളുടെയും ആത്മാർത്ഥമായ പരിശ്രമം നേട്ടത്തിന് കാരണമായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!