കുന്നത്തൂർപാടി മഹോത്സവം 18ന്‌ തുടങ്ങും

Share our post

ശ്രീകണ്ഠപുരം: കുന്നത്തൂർപാടിയിൽ തിരുവപ്പന മഹോത്സവം 18 മുതൽ ജനുവരി 16വരെ നടക്കും. ഉത്സവത്തിന്റെ ഭാഗമായുള്ള പാടിയിൽപണി 10ന് തുടങ്ങും. വനാന്തരത്തിലെ ദേവസ്ഥാനം കാടുവെട്ടിത്തെളിച്ച് ഉത്സവത്തിനൊരുക്കുന്ന ചടങ്ങുകളാണ് പാടിയിൽ പണി. സ്ഥിരം ക്ഷേത്രമില്ലാത്ത ദേവസ്ഥാനത്ത് ഓലയും ഈറ്റയുംകൊണ്ട് താൽക്കാലിക മടപ്പുര നിർമിക്കും. സ്ഥാനികപന്തലുകളും നിർമിക്കും.

ഉത്സവനാളുകളിൽ വനാന്തരത്തിലെ ദേവസ്ഥാനത്ത് 24 മണിക്കൂറും ആളുകൾക്ക് ദർശന സൗകര്യമുണ്ടാകും. 18ന് താഴെപൊടിക്കളത്ത് കോമരം പൈങ്കുറ്റിവച്ചശേഷമാണ് പാടിയിൽ പ്രവേശിക്കുന്ന ചടങ്ങിന് തുടക്കമാകുക. പാടിയിലെ തിരുമുറ്റത്ത് തന്ത്രിയുടെ കാർമികത്വത്തിൽ നടക്കുന്ന ശുദ്ധികർമങ്ങൾക്കും കലശപൂജയ്ക്കും ശേഷം കങ്കാണിയറയിൽ വിളക്ക് തെളിയുന്നതോടെ ഉത്സവത്തിന് തുടക്കമാവും.

ആദ്യദിവസം പുതിയ മുത്തപ്പൻ, പുറംകാല മുത്തപ്പൻ, നാടുവാഴിശ്ശൻ ദൈവം, തിരുവപ്പന എന്നിവ കെട്ടിയാടും. മറ്റ് ഉത്സവദിവസങ്ങളിൽ വൈകിട്ട് അഞ്ചിന് ഊട്ടും വെള്ളാട്ടവും രാത്രി ഒമ്പതിന് തിരുവപ്പനയും കെട്ടിയാടും. ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റ ഭഗവതിയുടെ കോലം കെട്ടിയാടും. ഉത്സവത്തിന് മുന്നോടിയായി താഴെ പൊടിക്കളത്തെ മുത്തപ്പൻ മടപ്പുരയിലെ ശ്രീകോവിലും സോപാനവും പീഠവും പിച്ചളയിൽ പൊതിയുന്ന പ്രവൃത്തി പൂർത്തിയായി. മോഹനൻ മാവുങ്കൽ കുഞ്ഞിമംഗലത്തിന്റെ നേതൃത്വത്തിലാണ് പണി നടത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!