Connect with us

Breaking News

എസ്‌.എഫ്‌.ഐ വനിതാ നേതാവിനെതിരായ വധശ്രമത്തിന് പിന്നിൽ മയക്കു മരുന്ന്‌ സംഘം

Published

on

Share our post

കൽപ്പറ്റ : മേപ്പാടി പോളിടെക്‌നിക്‌ കോളേജിൽ യു.ഡി.എസ്‌.എഫ്‌–-മയക്കുമരുന്ന്‌ സംഘം നടത്തിയത്‌ ആസൂത്രിത ആക്രമണം. എസ്‌.എഫ്‌.ഐ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ അപർണ ഗൗരിയെ വധിക്കുകയായിരുന്നു ലക്ഷ്യം. എസ്‌.എഫ്‌.ഐ പ്രവർത്തകർ ഓടിയെത്തിയതിലാണ്‌ ജീവൻ രക്ഷിക്കാനായത്‌. അതിക്രൂരമായാണ്‌ മർദിച്ചത്‌.

കോളേജിലെ മയക്കുമരുന്ന്‌ സംഘമായ “ട്രാബിയോക്കും’ യു.ഡി.എസ്‌.എഫും ചേർന്നാണ്‌ എസ്‌.എഫ്‌.ഐ വനിതാ നേതാവിനെ വധിക്കാൻ ശ്രമിച്ചത്‌. പെൺകുട്ടിയെന്ന പരിഗണനപോലും ഇല്ലാതെയാണ്‌ മുപ്പതോളം വരുന്ന ആൺകൂട്ടത്തിന്റെ മർദനം. അപർണ ഒറ്റയ്‌ക്ക്‌ ഇരിക്കുന്നത്‌ നിരീക്ഷിച്ചായിരുന്നു ആക്രമണം. കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

മുടിക്ക്‌ കുത്തിപ്പിടിച്ച്‌ മതിലിനോട്‌ ചേർത്ത്‌ നിർത്തി വടികൊണ്ട്‌ മർദിച്ചു. പിന്നീട്‌ ഉയർന്ന മതിലിന്‌ മുകളിലൂടെ താഴേയ്‌ക്ക്‌ തള്ളിയിട്ടു. താഴെ വീണപ്പോൾ ദേഹത്ത്‌ കയറി ചവിട്ടി. എസ്‌.എഫ്‌.ഐ പ്രവർത്തകർ ഓടിയെത്തുമ്പോഴേക്കും അപർണ അബോധാവസ്ഥയിലായിരുന്നു. രക്ഷിക്കാൻ ശ്രമിച്ചവരെയും മർദിച്ചു.മയക്കുമരുന്ന്‌ സംഘത്തോടൊപ്പം യുഡിഎസ്‌എഫുകാർ അഴിഞ്ഞാടി. തെരഞ്ഞെടുപ്പിൽ മയക്കുമരുന്ന്‌ സംഘത്തിനെതിരെ എസ്‌.എഫ്‌.ഐ പ്രചാരണം നടത്തിയിരുന്നു.

കോളേജിൽ എസ്‌എഫ്‌ഐ സംഘടനാ ചുമതല അപർണയ്‌ക്കായിരുന്നു. ജില്ലയിലാകെ വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന്‌ ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണമാണ്‌ എസ്‌.എഫ്‌.ഐ നടത്തുന്നത്‌. ഇതിൽ വിറളിപൂണ്ട മയക്കുമരുന്ന്‌ സംഘത്തെ യു.ഡി.എസ്‌.എഫ്‌ ഒപ്പം ചേർക്കുകയായിരുന്നു. അപർണയുടെ നേതൃത്വത്തിൽ സജീവമായ ഇടപെടലുകളാണ്‌ മേപ്പാടി പോളിടെക്‌നിക്കിൽ നടത്തിയത്‌. ഇതോടെയാണ്‌ ഇവർ അപർണയെ ലക്ഷ്യമിട്ടത്‌.

“ട്രാബിയോക്‌’ സംഘവും യു.ഡി.എസ്‌.എഫ്‌ പ്രവർത്തകരും പൊടുന്നനെയാണ്‌ ആക്രമണം നടത്തിയത്‌. രക്ഷിക്കാൻ ശ്രമിച്ച ശരത്‌, വിഷ്‌ണു എന്നിവർക്കും മർദനമേറ്റു. കണ്ണൂർ, കാലിക്കറ്റ്‌ സർവകലാശാലകൾക്ക്‌ കീഴിലായി നടന്ന കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിലും വെറ്ററിനറി, കാർഷിക സർവകലാശാല തെരഞ്ഞെടുപ്പിലും ഐ.ടി.ഐ തെരഞ്ഞെടുപ്പിലും ജില്ലയിൽ എസ്‌.എഫ്‌.ഐ നേടിയ വൻ വിജയത്തിൽ യു.ഡി.എസ്‌.എഫ്‌ വിറളിപൂണ്ടിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ മയക്കുമരുന്ന്‌ ക്രിമിനൽ സംഘത്തെ കൂട്ടുപിടിച്ചത്‌. ഗുരുതര പരിക്കുകളോടെ അപർണ മേപ്പാടി വിംസ്‌ മെഡിക്കൽ കോളേജ്‌ ആസ്പത്രിയിൽ ചികിത്സയിലാണ്‌.


Share our post

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Breaking News

കോവിഡ് കേസുകള്‍ കൂടുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഹോങ്കോങ്ങും സിങ്കപ്പൂരും, ചൈനയിലും വര്‍ധന

Published

on

Share our post

ഏഷ്യയിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ടുകൾ. ഹോങ്കോങ്ങ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ അധികാരികൾ ജാ​ഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേസുകളിലെ ഈ വർധനവ് ഒരു പുതിയ കോവിഡ് തരം​ഗത്തെ സൂചിപ്പിക്കുന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

കോവിഡ്-19 പോസിറ്റീവാകുന്ന സാമ്പിളുകളുടെ എണ്ണം ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായാണ് ഹോങ്കോങ്ങിലെ ആരോ​ഗ്യ അധികാരികൾ പറയുന്നത്. ​ഗുരുതരമാകുന്ന കേസുകളിലും മരണത്തിന് കാരണമാകുന്ന കേസുകളിലും ഇതേ രീതിയിൽ ആശങ്കാജനകമായ വർധനവുണ്ട്. ആദ്യമായാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ചൈനയിൽ കോവിഡിന്റെ പുതിയ തരം​ഗമുണ്ടെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. മേയ് നാല് വരെയുള്ള അഞ്ച് ആഴ്ചകളിൽ ചൈനയിലെ ആളുകൾക്കിടയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയിലധികം വർധിച്ചതായും റിപ്പോർട്ടുണ്ട്.

സിങ്കപ്പൂരും അതീവ ജാ​ഗ്രതയിലാണ്. മേയ് മൂന്നിന് ആവസാനിക്കുന്ന ആഴ്ചയിലെ കണക്ക് പരിശോധിക്കുമ്പോൾ അതിന് മുമ്പുള്ള ആഴ്ചയിലേതിനേക്കാൾ 28 ശതമാനത്തോളം കേസുകൾ രാജ്യത്ത് വർധിച്ചിട്ടുണ്ട്. 14,200 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു വർഷത്തിനുശേഷം ഇത് ആദ്യമായാണ് സിങ്കപ്പൂർ ആരോഗ്യ മന്ത്രാലയം കോവിഡ് സംബന്ധിച്ച കണക്കുകൾ പുറത്തുവിടുന്നത്.

എഷ്യയിലുടനീളം കോവിഡ് അണുബാധ കഴിഞ്ഞ മാസങ്ങളിൽ വർധിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാക്സിനേഷൻ എടുക്കണമെന്നും അപകടസാധ്യത കൂടുതലുള്ളവർ ബൂസ്റ്റർ ഷോട്ടുകൾ എടുക്കേണ്ടിവരുമെന്നും ആരോ​ഗ്യവിദ​ഗ്ധർ ഓർമിപ്പിക്കുന്നുണ്ട്.


Share our post
Continue Reading

Breaking News

മ‍ഴ മാത്രമല്ല, മിന്നലും ഉണ്ടാകും; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

Published

on

Share our post

ഇന്നും 18, 19 തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരിയായതിനാൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

 ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

– പട്ടം പറത്തുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.


Share our post
Continue Reading

Trending

error: Content is protected !!