തെലങ്കാനയ്‌ക്ക്‌ വേണം, കേരളത്തിന്റെ ഫർണിച്ചർ ക്ലസ്‌റ്ററുകൾ

Share our post

കണ്ണൂർ: കേരള മാതൃകയിൽ തെലങ്കാനയിൽ ഫർണിച്ചർ ക്ലസ്റ്ററുകൾ തുടങ്ങുമെന്ന് തെലങ്കാന വാണിജ്യവ്യവസായ പഠനസംഘം. സംസ്ഥാനത്തെ മരാധിഷ്‌ഠിത വ്യവസായത്തെ കുറിച്ച്‌ പഠിക്കാനെത്തിയ സംഘം സർക്കാർ സ്‌കീമിലുള്ള ക്ലസ്റ്റർ കോമൺ ഫെസിലിറ്റി സെന്ററുകൾ തെലങ്കാനയിലും സ്ഥാപിക്കുന്നതിനാവശ്യമായ ഇടപെടൽ നടത്തുമെന്ന്‌ വ്യക്തമാക്കി.

തെലങ്കാന വ്യവസായ വകുപ്പ് അസി. ഡയറക്ടർ ബി തുളസിദാസ്, കാമറെഡ്ഡി ജില്ലാ വ്യവസായ കേന്ദ്രം ഇൻഡസ്ട്രീസ് പ്രമോഷൻ ഓഫീസർ എം. മധുസൂദന റെഡ്ഡി, സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രൊജക്ട് മാനേജർ രാമകൃഷ്ണ അയ്യ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ സംഘം ഫർണിച്ചർ വ്യവസായ സംഘം ചെറുകിട ഫർണിച്ചർ ഉൽപ്പാദകരുടെ കൂട്ടായ്മയായ തളിപ്പറമ്പ് അമ്മാനപ്പാറയിലെ മലബാർ ഫർണിച്ചർ കൺസോർഷ്യം സന്ദർശിക്കുകയായിരുന്നു.

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോകോത്തര നിലവാരത്തിലുള്ള ഡിസൈനുകളിൽ ഫർണിച്ചറുകൾ നിർമിക്കുന്ന സ്ഥാപനമാണ് മലബാർ ഫർണിച്ചർ കൺസോർഷ്യം. മരത്തടികളുമായി വന്നാൽ ഫർണിച്ചർ നിർമിച്ച് കൊണ്ടുപോകാം. ഇത്തരം ക്ലസ്റ്റർ കോമൺ ഫെസിലിറ്റി സെന്ററുകൾവഴി ചെറുകിട ഫർണിച്ചർ വ്യവസായികളെ ഒരു കുടക്കീഴിലാക്കാനാകുമെന്ന്‌ വിലയിരുത്തിയ സംഘം ഫെസിലിറ്റി സെന്ററിന്റെ രൂപീകരണം, അംഗീകാരം, നടത്തിപ്പ് എന്നിവ സംബന്ധിച്ചും ചോദിച്ചറിഞ്ഞു.

ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ .എസ് ഷിറാസ്, മലബാർ ഫർണിച്ചർ കൺസോർഷ്യം ചെയർമാൻ സി. അബ്ദുൽകരീം, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ്‌ ജോസഫ് ബെനവൻ, കെ.എസ്എ.സ്‌.ഐ.എ ജില്ലാ പ്രസിഡന്റ്‌ ജീവരാജ് നമ്പ്യാർ എന്നിവർ സംഘത്തെ സ്വീകരിച്ചു.

2012ലാണ് മലബാർ ഫർണിച്ചർ കൺസോർഷ്യത്തിന് കേന്ദ്ര സർക്കാരിന്റെ കോമൺ ഫെസിലിറ്റി സെന്ററായിഅംഗീകാരം ലഭിച്ചത്. കൺസോർഷ്യത്തിൽ 70 ശതമാനം കേന്ദ്ര സർക്കാരും 20 ശതമാനം സംസ്ഥാന സർക്കാരും 10 ശതമാനം വ്യക്തിഗത അംഗങ്ങളുമാണ് മുതൽമുടക്കിയിട്ടുള്ളത്. കൺസോർഷ്യത്തിന്റെ ഫാക്ടറി പരിയാരം അമ്മാനപ്പാറയിൽ നാലര ഏക്കറിലാണ്. അന്താരാഷ്ട്രനിലവാരത്തിലുള്ള ഫർണിച്ചർ ഉൽപ്പാദിപ്പിക്കാനും കയറ്റുമതിചെയ്യാനും സാധിക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!