ആറളം ഫാം പുനരധിവാസ മേഖലയിൽ കൃഷിയിടത്തിൽ തങ്ങിയ മൂന്ന് കാട്ടാനകളെ കാട്ടിലേക്ക് തുരത്തി

Share our post

ഇരിട്ടി : ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ വീടുകളോടു ചേർന്ന കൃഷിയിടത്തിൽ തമ്പടിച്ച മൂന്ന് കാട്ടാനകളെ കാട്ടിലേക്ക് തുരത്തി. 13-ാം ബ്ലോക്കിലെ 55-ൽ ജനവാസ കേന്ദ്രത്തിൽ മല്ലിക ജോഷി, നിർമല മുരളി എന്നിവരുടെ വീടിനോടു ചേർന്ന കൃഷിയിടത്തിലാണ് കാട്ടാനകൾ എത്തിയത്.

വനം ആർആർടി ഡപ്യൂട്ടി റേഞ്ചർ ശശികുമാർ ചെങ്കൽവീട്ടിൽ, ആറളം സെക്‌ഷൻ ഫോറസ്റ്റർ കെ.രമേശൻ, അരുൺ രമേശ്, മുഹമ്മദ് ഷാഫി, മനോജ് വർഗീസ്, പി.അശോകൻ എന്നിവരുടെ നേതൃത്വത്തിൽ വാച്ചർമാർ ഉൾപ്പെടുന്ന 15 അംഗ വനപാലക സംഘം ഏറെ പണിപ്പെട്ടാണ് കാട്ടാനകളെ പുനരധിവാസ മേഖലയിൽ നിന്ന് വിയറ്റ്നാം ഭാഗത്തെ വനത്തിലേക്കു തുരത്തിയത്.

തുരത്തുന്നതിനിടെ കാട്ടാനകൾ പല തവണ വനപാലകർക്കു നേരെ തിരിഞ്ഞതു ഭീതി പരത്തി. 2 ഘട്ടമായി നടത്തിയ ശ്രമത്തിലാണ് ആനകളെ ഓടിക്കാനായത്.

പുനരധിവാസ മേഖലയിലും ഫാമിലും ആയി എഴുപതോളം ആനകൾ തമ്പടിച്ചു സ്ഥിരം നാശം വരുത്തുന്നതായാണ് പ്രദേശവാസികൾ നൽകുന്ന സൂചന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!