17,809 വീടുകളിൽകൂടി കണക്‌ഷൻ സുലഭം, ശുദ്ധജലം

Share our post

കണ്ണൂർ: കൊളച്ചേരി ശുദ്ധജല പദ്ധതിയിലൂടെ 17,809 വീടുകളിൽകൂടി പുതുതായി കുടിവെള്ളമെത്തിക്കുന്നതിനുള്ള പ്രവൃത്തി മാർച്ചോടെ പൂർത്തിയാകും. ഇതിൽ മയ്യിൽ പഞ്ചായത്തിൽ 2000 കണക്‌ഷനും കൊളച്ചേരിയിൽ 1000 കണക്ഷനും നൽകി. ജലജീവൻ മിഷൻ പദ്ധതിയിലാണ്‌ കുടിവെള്ളം ലഭ്യമാക്കുന്നത്‌. നാറാത്ത്‌ പഞ്ചായത്തിൽ പുതുതായി 3419 വീടുകളിൽ ശുദ്ധജലമെത്തും. മയ്യിൽ–-4400, മുണ്ടേരി–-4222, കൂടാളി–-3407, കുറ്റ്യാട്ടൂർ–-2316 എന്നിങ്ങനെയാണ്‌ പുതുതായി കണക്ഷൻ. ഇതോടെ ഈ പഞ്ചായത്തുകളിൽ അപേക്ഷിച്ചവർക്കെല്ലാം ശുദ്ധജലം ലഭിക്കും.
കൊളച്ചേരി പദ്ധതിയിൽ നേരത്തെ മൂന്ന്‌ ദിവസമായിരുന്നു കുടിവെള്ളം നൽകിയിരുന്നത്‌. ഇപ്പോൾ അഞ്ച്‌ ദിവസം വെള്ളം ലഭിക്കാൻ സംവിധാനമായി. പുതിയ പൈപ്പ് ലൈൻ വരുന്നതോടെ ആഴ്‌ചയിൽ എല്ലാ ദിവസവും ജലവിതരണം നടത്താനാവും.
മട്ടന്നൂർ നഗരസഭയുടെ ചാവശേരി പ്ലാന്റിൽനിന്ന്‌ കൊളച്ചേരി പദ്ധതിയുടെ പാടിക്കുന്ന്‌ ടാങ്കിലേക്കുള്ള മുഖ്യ പൈപ്പിടുന്ന പണി ജനുവരി ആദ്യവാരംതീരും. 26 കിലോമീറ്ററിലാണ്‌ പ്രധാന പൈപ്പ്‌. കൊളോളം, കൊടോളിപ്രം ഭാഗത്താണ്‌ ഇനി പൈപ്പിടാനുള്ളത്‌. വെള്ളക്കെട്ട്‌ ഉണ്ടായതിനാലാണ്‌ വൈകിയത്‌. മയ്യിൽ ചെക്യാട്ടുകാവ്‌ മുതൽ വടുവൻകുളംവരെ ഇപ്പോൾ പൈപ്പിടുന്നില്ല . ഇതിലൂടെ വിമാനത്താവള റോഡിന്റെ പണി നടക്കാനിടയുള്ളതിനാലാണ്‌ പ്രവൃത്തി തുടങ്ങാതിരുന്നത്‌. പുതിയ റോഡിൽ പൈപ്പിടാനുള്ള സംവിധാനമുണ്ടാകുമെന്നാണ്‌ പ്രതീക്ഷ.
പഴയ എസി (ആസ്‌ബസ്‌റ്റോഴ്‌സ്‌ സിമന്റ്‌) പൈപ്പിന്‌ പകരം ഡി.ഐ (ഡുക്റ്റൈൽ അയേൺ) പൈപ്പ്‌ ഇടുന്ന പ്രവൃത്തിയാണ്‌ നടക്കുന്നത്‌. 500 എം.എം. ഡി.ഐ പൈപ്പാണ്‌ ഇടുന്നത്‌. ഇതോടെ പൈപ്പ്‌ പൊട്ടുന്നതും ജലചോർച്ചയും പരിഹരിക്കാം. ജനുവരിയോടെ പാടിക്കുന്നിലെ ടാങ്കിൽ വെള്ളമെത്തും. 10 ലക്ഷം ലിറ്ററാണ്‌ സംഭരണശേഷി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!