കീഴാറ്റൂർ മുച്ചിലോട്ട് കളിയാട്ട മഹോത്സവം നാളെ തുടങ്ങും
        തളിപ്പറമ്പ: കീഴാറ്റൂർ മുച്ചിലോട്ട് കാവിലെ കളിയാട്ട മഹോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും. 2 ന് രാവിലെ ഗണപതി ഹോമം, വൈകീട്ട് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം, തുടർന്ന് കുഴിയടുപ്പിൽ തീപകരൽ. രാത്രി 8 മണിക്ക് ഫോക് ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് പ്രഭാഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ പുലിയൂർ കണ്ണൻ, പുലിയൂർ കാളി, കണ്ണങ്ങാട്ട് ഭഗവതി, ഗുളികൻ, വിഷ്ണുമൂർത്തി, കുണ്ടോർ ചാമുണ്ഡി, കുറത്തിയമ്മ, നരമ്പിൽ ഭഗവതി എന്നീ തെയ്യക്കോലങ്ങൾ കെട്ടിയാടും.
3 ന് രാത്രി 7.30 മുതൽ ക്ഷേത്ര വനിതാ കമ്മിറ്റി അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ, തുടർന്ന് കരോക്കെ ഗാനമേളയും, കുട്ടികൾ അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടിയും. തിങ്കളാഴ്ച ഉച്ചക്ക് 1.30 ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരൽ.
രാത്രി 11 മണിക്ക് ആറാടിക്കൽ ചടങ്ങോടെ കളിയാട്ടം സമാപിക്കും. വാർത്താ സമ്മേളനത്തിൽ ടി.വി. രാജേഷ്, ടി.വി. കുഞ്ഞിരാമൻ, ടി.വി. വിനോദ് കുമാർ, വി. ബാലൻ കാരണവർ എന്നിവർ പങ്കെടുത്തു.
