കായികവിദ്യാർഥികൾക്കുള്ള ഭക്ഷണഗ്രാന്റ് മുടങ്ങിയിട്ട് എട്ടുമാസം

ഇരിങ്ങാലക്കുട: സംസ്ഥാനത്തെ സർവകലാശാലകളിലെ കായികവിദ്യാർഥികൾക്ക് നൽകിവരുന്ന ഭക്ഷണഗ്രാന്റ് മുടങ്ങിയിട്ട് എട്ടുമാസം. ജില്ലാ സ്പോർട്സ് കൗൺസിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന കൗൺസിൽ നൽകുന്ന സഹായമാണ് ഏപ്രിൽ മുതൽ തടസ്സപ്പെട്ടിരിക്കുന്നത്. പണം വൈകുന്നത് ആയിരക്കണക്കിന് കായികവിദ്യാർഥികളുടെ പഠനത്തെയും പരിശീലനത്തെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പല കുട്ടികളും മറ്റുപല ജില്ലക്കാരാണെന്നതും പ്രശ്നമാണ്. ഹോസ്റ്റലുകൾ നിർത്തിയാൽ ഈ കുട്ടികളുടെ പഠനംതന്നെ പാതിയിൽ നിലച്ചുപോകുമോയെന്ന ആശങ്കയുമുണ്ട്. മൂന്നുവർഷമായി കായികവിദ്യാർഥികൾക്കുള്ള കിറ്റ് നൽകിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. ദേശീയ അത്‌ലറ്റിക്സ് മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ സ്വന്തമായി ഫണ്ടുണ്ടാക്കി പങ്കെടുക്കേണ്ട അവസ്ഥയാണ്.
അതേസമയം ജില്ലാ സ്പോർട്സ് കൗൺസിൽ വഴി ബിൽ നൽകിയിട്ടുള്ള എല്ലാവർക്കും ഭക്ഷണഗ്രാന്റ് ട്രഷറി വഴി വിതരണം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ അറിയിച്ചു. കോവിഡ്മൂലമാണ് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യാൻ കഴിയാതിരുന്നതെന്നും ഡിസംബറോടെ അവ വിതരണം ചെയ്യുമെന്നും സ്പോർട്സ് കൗൺസിൽ വ്യക്തമാക്കി.