ഫാസിസത്തിന്റെ അജൻഡ കേരളത്തിലേക്കും ഒളിച്ചുകടത്തുന്നു: കെ.ഇ.എൻ
        കണ്ണൂർ:വിശ്വാസങ്ങളെയെല്ലാം അന്ധവിശ്വാസങ്ങളുടെ പട്ടികയിൽപ്പെടുത്താനാകില്ലെന്ന് കെ. ഇ.എൻ. കേവല യുക്തിവാദത്തിന്റെ പേരിൽ വിശ്വാസികളെ അടച്ചാക്ഷേപിക്കുന്നതിൽ അർഥമില്ല. സമൂഹത്തിന് ദോഷം ചെയ്യാത്തതും അവനവന് സമാധാനം നൽകുന്നതുമായ വിശ്വാസത്തെ ആ അർഥത്തിൽ മനസ്സിലാക്കണം. നവനാസ്തികവാദികൾ ഫാസിസത്തിന്റെ അജൻഡകൾ ഒളിച്ചുകടത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘അന്ധവിശ്വാസത്തെയും അനാചാരത്തെയും യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും വെളിച്ചം കൊണ്ട് നേരിടുക’ എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന സംവാദസദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കെ. ഇ. എൻ. സംഘാടകസമിതി ചെയർമാൻ കെ. പി.സുധാകരൻ അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ.വിജയൻ , പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പി.പി. ബാബു, പി.സൗമിനി എന്നിവർ സംസാരിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 1500 സംവാദ സദസ്സുകളാണ് സംഘടിപ്പിക്കുന്നത്. ഡിസംബർ 12 വരെ നീളുന്ന ആദ്യഘട്ടത്തിന്റെ സമാപന പരിപാടിയിൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ പ്രഭാഷണം നടത്തും.
