അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ മറയാക്കരുത്: പി.പി.ഇ കിറ്റ് അഴിമതിയിൽ വിമർശനവുമായി ഹൈക്കോടതി

Share our post

കൊച്ചി: കൊവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ ലോകായുക്ത ഇടപെടലിനെതിരെ നൽകിയ ഹർജിയിൽ വിമർശനവുമായി ഹൈക്കോടതി. ദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുത്. അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ ആരുംതന്നെ മറയാക്കരുത്. ലോകായുക്ത അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നതെന്ന് കോടതി ഉദ്യോഗസ്ഥരോട് ചോദിച്ചു. ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ആരോഗ്യവകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. ലോകായുക്തയുടെ അന്വേഷണം ചോദ്യം ചെയ‌്തുകൊണ്ടായിരുന്നു ഹർജി.മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജ, അന്നത്തെ ആരോഗ്യ സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെ, മെഡിക്കൽ സർവീസസ് കോർപറേഷൻ എം.ഡിയായിരുന്ന ബാലമുരളി, മെഡിക്കൽ സർവീസസ് കോർപറേഷൻ മുൻ ജനറൽ മനേജർ എസ്.ആർ.ദിലീപ് കുമാർ, സ്വകാര്യ കമ്പനി പ്രതിനിധികൾ എന്നിവരടക്കം 11 പേർക്കെതിരെയാണു പരാതി. ഐ.എ.എസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്കാണ് ലോകായുക്ത നോട്ടിസ് അയച്ചത്.

പ്രാഥമിക വാദവും അന്വേഷണവും പൂർത്തിയായതിനെത്തുടർന്നാണു കേസ് ഫയലിൽ സ്വീകരിച്ചത്. ഡിസംബർ എട്ടിന് ഹാജരാകണമെന്ന് കാണിച്ച് കെ.കെ ശൈലജയ‌്ക്ക് ലോകായുക്ത നോട്ടീസ് അയച്ചിരുന്നു.പി.പി.ഇ അഴിമതി ആരോപപിച്ച് കോൺഗ്രസ് പ്രവർത്തക വീണ എസ്.നായരാണ് ലോകായുക്തയെ സമീപിച്ചത്. പി.പി.ഇ കിറ്റുകൾക്കു പുറമേ സർജിക്കൽ ഉപകരണങ്ങൾ വാങ്ങിയതിലും അഴിമതി നടന്നതായി പരാതിയിൽ ആരോപിക്കുന്നു. ചട്ടങ്ങൾ പാലിക്കാതെ മരുന്നുകളും ഉപകരണങ്ങളും വാങ്ങിയതിലൂടെ ഖജനാവിനു വലിയ നഷ്ടമുണ്ടായി.

മന്ത്രിയായിരുന്ന ശൈലജയുടെ അറിവോടെയാണ് ഇടപാടുകൾ നടന്നത്. വിപണി നിരക്കിനെക്കാൾ മൂന്നിരട്ടി വിലയ്ക്കാണു സ്വകാര്യ കമ്പനികളിൽ നിന്നു പി.പി.ഇ കിറ്റുകൾ വാങ്ങിയത്. സാധാരണഗതിയിൽ സാധനങ്ങൾ വിതരണം ചെയ്‌ത ശേഷമാണു പണം അനുവദിക്കുക. കിറ്റുകൾ വിതരണം ചെയ്യുന്നതിനു മുൻപു തന്നെ കമ്പനിക്ക് 9 കോടി രൂപ അനുവദിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!