കണ്ണൂർ ജില്ലയിൽ ഈ വർഷം 52 പേർക്ക്‌ എയ്‌ഡ്‌സ്‌ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്‌

Share our post

കണ്ണൂർ: ജില്ലയിൽ ഈ വർഷം 52 പേർക്ക്‌ എയ്‌ഡ്‌സ്‌ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്‌. 34,982 പേരെയാണ്‌ ഈ വർഷം എച്ച്‌ഐവി പരിശോധനയ്‌ക്ക്‌ വിധേയമാക്കിയത്‌. ഇതിൽ 19,460 പുരുഷന്മാരും 15315 സ്‌ത്രീകളും 207 ട്രാൻസ്‌ ജൻഡറുകളുമാണുള്ളത്‌. എയ്‌ഡ്‌സ് ബാധിതരുടെ എണ്ണം കുറയുന്ന പ്രവണതയാണുള്ളതെന്ന്‌ ജില്ലാ ടി.ബി ആൻഡ്‌ എയ്‌ഡ്‌സ്‌ കൺട്രോൾ ഓഫീസർ ഡോ. ജി അശ്വിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ 917 പേരാണ്‌ ചികിത്സയിലുള്ളത്‌. ജില്ലാ ആശുപത്രിയിൽ 866 പേരും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ 51 പേരുമാണ്‌ ചികിത്സ നടത്തുന്നത്‌. സ്‌ത്രീ ലൈംഗിക തൊഴിലാളികൾക്കിടയിൽ ചോല, പുരുഷ സ്വവർഗാനുരാഗികൾക്കിടയിൽ സ്‌നേഹതീരം, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കിടയിൽ ഹെൽത്ത്‌ ലൈൻ, അതിഥിത്തൊഴിലാളികൾക്കിടയിൽ ജില്ലാ പഞ്ചായത്ത്‌ പദ്ധതി എന്നിങ്ങനെ നാല്‌ പദ്ധതികളാണ്‌ നടപ്പാക്കുന്നത്‌. 2030 ഓടെ പുതിയ എയ്‌ഡ്‌സ്‌ രോഗികളില്ലാത്ത വർഷം എന്നതാണ്‌ ലക്ഷ്യമെന്നും ഡോ. ജി. അശ്വിൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. വി .പി. രാജേഷ്‌, ടി. എ. ശശിധരൻ, പി. പി. സുനിൽകുമാർ എന്നിവരും പങ്കെടുത്തു.
എയ്‌ഡ്‌സ്‌ ദിനാചരണം 
നാളെ
കണ്ണൂർ
ആരോഗ്യ വകുപ്പിന്റെ ലോക എയ്‌ഡ്‌സ്‌ ദിനാചരണം വ്യാഴം പകൽ 11ന്‌ കണ്ണൂർ ഐ.എം.എ ഹാളിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്‌ഘാടനംചെയ്യും. ജില്ലാ മെഡിക്കൽ ഓഫീസർ ദിനാചരണ സന്ദേശം നൽകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!