രാജ്യത്തെ ടെലികോം രംഗം 5ജിയിലേക്ക് കടന്നിട്ട് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ആഗോളതലത്തില്‍ തുടക്കത്തിന്റേതായ എല്ലാ പരിമിതികളും ഈ പുത്തന്‍ വിവരവിനിമയ സാങ്കേതികവിദ്യയ്ക്കുണ്ട്. അതിലൊന്നാണ് വ്യോമയാനരംഗത്ത് 5ജി ഉയര്‍ത്തുന്ന ഭീഷണികള്‍. 5ജി വിന്യാസം ആരംഭിച്ചത് മുതല്‍ തന്നെ ആഗോളതലത്തില്‍ വിവിധ മേഖലകളില്‍നിന്ന് ആശങ്കകളുയര്‍ന്നു. അതില്‍, ഗൗരവതരമായ ഒന്നായിരുന്നു വ്യോമയാന രംഗത്തുനിന്നുള്ളത്.
5ജി നെറ്റ്‌വർക്കുകളിലെ സി-ബാന്‍ഡ് സ്പെക്ട്രം വിമാനങ്ങളിലെ ആള്‍ട്ടിമീറ്ററുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുമെന്നതാണ് പ്രധാന ആശങ്ക. ഇക്കാര്യം അറിയിച്ച് സെപ്റ്റംബറില്‍ ഡി.ജി.സി.എ. ടെലികോം വകുപ്പിന് കത്തയച്ചിരുന്നു. ഇന്ത്യയേക്കാള്‍ മുമ്പ് 5ജി നെറ്റ്വര്‍ക്ക് വിന്യസിക്കാന്‍ തുടങ്ങിയ യു.എസിലും ഇതേ ആശങ്കയുമായി വിമാനക്കമ്പനികള്‍ രംഗത്തുവന്നിരുന്നു. അന്ന് ചില വിമാനകമ്പനികള്‍ തീരുമാനിച്ച യാത്രകള്‍ വരെ റദ്ദ് ചെയ്യുന്ന സ്ഥിതി വന്നു. വിമാനങ്ങളുടെ പ്രവര്‍ത്തനത്തെ 5ജി നെറ്റ് വര്‍ക്ക് ബാധിച്ചുവെന്ന് വ്യക്തമാക്കുന്ന നിരവധി കേസുകള്‍ യു.എസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ വിമാനത്താവളങ്ങളിലും പരിസരങ്ങളിലുമുള്ള 5ജി തരംഗങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണികളില്‍നിന്ന് വിമാനങ്ങളുടെ പ്രവര്‍ത്തനത്തിന് സംരക്ഷണം നല്‍കുന്നതിനുള്ള പദ്ധതി താമസിയാതെ തന്നെ വ്യോമയാന മന്ത്രാലയവും ടെലികോം മന്ത്രാലയവും ചേര്‍ന്ന് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് 5ജി നെറ്റ്‌വർക്ക് വിമാനങ്ങള്‍ക്ക് ഭീഷണിയാവുന്നത് എന്ന് പരിശോധിക്കാം.
5ജി വിമാനങ്ങള്‍ക്ക് ഭീഷണിയാവുന്നത് എങ്ങനെ?
അതിസങ്കീര്‍ണമായ ഒട്ടേറെ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ആധുനിക വിമാനങ്ങളുടെയെല്ലാം പ്രവര്‍ത്തനം. ആകാശയാത്രയ്ക്കിടെയുണ്ടാവുന്ന പലവിധ സാഹചര്യങ്ങളെ തിരിച്ചറിയാനും നേരിടാനുമുള്ള സാങ്കേതികവിദ്യകള്‍ വിമാനങ്ങളിലുണ്ട്. പറന്നുയരുന്നതിനും ലാന്‍ഡ് ചെയ്യുന്നതിനും നിലത്തുകൂടി നീങ്ങുന്നതിനും കാലാവസ്ഥ പരിശോധിക്കുന്നതിനും വിമാനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുമെല്ലാം വിമാനത്തിനകത്തും പുറത്തുമായി പലവിധ സെന്‍സറുകള്‍ ഉപയോഗിക്കുന്നുണ്ട്.
വ്യത്യസ്തങ്ങളായ കാലാവസ്ഥകളില്‍ വിമാനങ്ങളെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യാന്‍ സഹായിക്കുന്നതിനായി ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം എന്ന് വിളിക്കുന്ന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. കംപ്യൂട്ടര്‍ പ്രോഗ്രാമുകളുടേയും വിവിധ റേഡിയോ തരംഗ സാങ്കേതികവിദ്യകളുടേയും സഹായത്തോടെയാണ് ഇതിന്റെ പ്രവര്‍ത്തനം.
ആള്‍ട്ടിമീറ്റര്‍ :- വിമാനവും ഭൂമിയും തമ്മിലുള്ള ഉയരം കൃത്യമായി കണക്കാക്കുന്ന സുപ്രധാനപ്പെട്ട സുരക്ഷാ ഉപകരണമാണ് ആള്‍ട്ടിമീറ്റര്‍. വിമാനത്തിന് താഴെയുള്ള ഭൂപ്രദേശവുമായുള്ള അകലം സംബന്ധിച്ച വിവരങ്ങള്‍ പൈലറ്റുമാര്‍ക്ക് നല്‍കുന്നതും ടെറൈന്‍ വാണിങ്, കൊളിഷന്‍ അവോയിഡന്‍സ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനും സഹായിക്കുന്നത് ഈ സംവിധാനമാണ്.
5ജി വിന്യാസത്തിനായി ഉപയോഗിക്കുന്ന സബ്-6 ഗിഗാഹെര്‍ട്സ് ‘സി-ബാന്‍ഡ് സ്പെക്ട്രം’ ഈ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുമെന്നാണ് വിദഗ്ദര്‍ മുന്നോട്ടുവെക്കുന്ന ആശങ്ക. ആള്‍ടിമീറ്ററിന്റെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതും സി-ബാന്‍ഡ് ഫ്രീക്വന്‍സി റേഞ്ച് തന്നെയായതാണ് ഈ ആശങ്കയ്ക്കിടയാക്കുന്നത്.
എന്നാല്‍, അത്തരം ഒരു അപകടം ഉണ്ടെന്നോ ഇല്ലെന്നോ വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുമില്ല. എങ്കിലും വിമാനയാത്രികരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ അധികൃതര്‍ അതുമായി ബന്ധപ്പെട്ട ആശങ്കയ്ക്ക് പ്രാധാന്യം നല്‍കി നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യുന്നത്.
സി ബാന്‍ഡ് :- ടെലികോം സേവനദാതാക്കള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഫ്രീക്വന്‍സികളിലൊന്നാണ് സി-ബാന്‍ഡ്. ഉയര്‍ന്ന ബാന്‍ഡ് വിഡ്തും മികത്ത കവറേജും ഇത് ഉറപ്പുവരുത്തുന്നതിനാല്‍ വര്‍ധിച്ച ഇന്റര്‍റര്‍നെറ്റ് വേഗത ഇതില്‍ ലഭിക്കും.
പ്രശ്‌ന പരിഹാരത്തിന് എന്തെല്ലാം ക്രമീകരണങ്ങള്‍ പ്രതീക്ഷിക്കാം?
വിമാനത്താവളങ്ങളില്‍നിന്നും പരിസരങ്ങളില്‍നിന്നും 5ജി നെറ്റ് വര്‍ക്കുകള്‍ ഒഴിവാക്കുന്നതിന് പകരം. 5ജി ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളില്‍ നിന്നുള്ള റേഡിയോ സിഗ്നലുകള്‍ വിമാനങ്ങളുടെ പ്രവര്‍ത്തനത്തിന് തടസമാവാത്ത വിധം ക്രമീകരിക്കാനുള്ള ശ്രമങ്ങളാണ് തങ്ങള്‍ നടത്തിവരുന്നത് എന്ന് യു.എസിലെ ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി ഔദ്യോഗിക വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്.
ശക്തി കുറഞ്ഞ പവര്‍ ഫ്രീക്വന്‍സികളുടെ ഉപയോഗം, വിമാനങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാത്തവിധം 5ജി നെറ്റ്‌വര്‍ക്ക് ആന്റിനകള്‍ ക്രമീകരിക്കുക, വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ആള്‍ടിമീറ്ററുകളില്‍ മാറ്റം വരുത്തുക ഉള്‍പ്പടെയുള്ള നടപടികളാണ് ഫെഡറല്‍ ഏവിയേഷന്‍ അതോറിറ്റി മുന്നോട്ട് വെക്കുന്നത്. ഇന്ത്യയിലും സമാനമായ നീക്കങ്ങള്‍ക്കാണ് അധികൃതര്‍ ഒരുങ്ങുന്നത് എന്നാണ് വിവരം.
വിമാനത്താവളങ്ങളില്‍നിന്ന് നിശ്ചിത ദൂരത്തേക്ക് 5ജി നെറ്റ് വര്‍ക്കുകള്‍ നിയന്ത്രിക്കുക, വിമാനത്താവളത്തിനടുത്തുള്ള മേഖലകളില്‍ ശക്തികുറഞ്ഞ സിഗ്നലുകള്‍ ഉപയോഗിക്കുക, 2023 ഓടുകൂടി വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ആള്‍ടിമീറ്റര്‍ പരിഷ്‌കരിക്കുക ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ ഇതിന്റെ ഭാഗമായുണ്ടാവും.