മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കുന്നംകുളം : മാനസിക വൈകല്യമുള്ള യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതിയായ കോൺഗ്രസ് നേതാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്‌തു. കോൺഗ്രസ് ആർത്താറ്റ് മണ്ഡലം സെക്രട്ടറിയും ബൂത്ത് പ്രസിഡന്റുമായ ആർത്താറ്റ് പുളിക്കപറമ്പിൽ സുരേഷി (50) നെയാണ് കുന്നംകുളം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ 29ാം വാർഡിലെ യുഡിഫ് സ്ഥാനാർഥിയായിരുന്നു. അച്ഛനും അമ്മയും മരിച്ചതിനെ തുടർന്ന് വിദേശത്ത് ജോലി ചെയ്യുന്ന സഹോദരന്റെ ഭാര്യയോടൊപ്പമാണ് യുവതി കഴിഞ്ഞിരുന്നത്. സഹോദരന്റെ ഭാര്യ പുറത്തുപോയ സമയത്ത് സുരേഷ് വീട്ടിൽ കയറി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് യുവതിയുടെ സ്വഭാവത്തിൽ വന്ന മാറ്റം കണ്ട് സഹോദരന്റെ ഭാര്യ കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡനം നടന്നതായി അറിഞ്ഞത്.
വീട്ടുകാർ നൽകിയ പരാതിയിൽ രണ്ട് മാസം മുമ്പ് സുരേഷിനെതിരേ പൊലീസ് കേസെടുത്തിരുന്നു. ഇതോടെ മാസങ്ങളായി ഒളിവിലായിരുന്ന പ്രതി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് അംഗങ്ങൾ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.