50 ലക്ഷം വില വരുന്ന 650 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് പേർ അറസ്റ്റിൽ

Share our post

ഗുരുവായൂർ: ചില്ലറ വിപണിയിൽ 50 ലക്ഷത്തോളം രൂപ വിലവരുന്ന 650 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് പേർ ഗുരുവായൂർ പൊലീസിന്റെ പിടിയിൽ. ചാവക്കാട് പുന്ന വലിയപറമ്പ് പുതുവീട്ടിൽ ഷെഫീക് എന്ന സപ്പൂട്ടൻ (36), ചാവക്കാട് ഓവുങ്ങലിൽ താമസിക്കുന്ന വാടാനപ്പിള്ളി ഗണേശമംഗലം പണിക്കവീട്ടിൽ ഷായി (25) എന്നിവരെയാണ് ഗുരുവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ കെ.ജി ജയപ്രദീപും തൃശൂർ സിറ്റി പൊലീസ് ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടിയത്.പ്രതികൾ സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറുടെ സീറ്റിന്റെ അടിയിൽ കുപ്പിയിലാക്കിയാണ് ഹാഷിഷ് ഓയിൽ സൂക്ഷിച്ചത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷഫീക്, ചാവക്കാട് പുന്ന ഭാഗങ്ങളിൽ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ബാംഗ്ലൂർ, ആന്ധ്ര എന്നിവിടങ്ങളിൽ നേരിട്ടുപോയി വാങ്ങി നാട്ടിലെത്തിക്കുന്ന മയക്കുമരുന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ചില്ലറ വിൽപ്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഷെഫീക്കിനെ പിടികൂടാൻ പൊലീസ് പലതവണ വലവിരിച്ചെങ്കിലും തന്ത്രപരമായി രക്ഷപെടുകയായിരുന്നു.

കഴിഞ്ഞദിവസം ഗുരുവായൂരിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ കൈ കാണിച്ചിട്ടും നിറുത്താതെ പോയ വാഹനത്തെ പോലീസ് പിൻതുടർന്നതിനെ തുടർന്ന്, പേരകം ഭാഗത്ത് വണ്ടി ഉപേക്ഷിച്ച് ഇവർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പോലീസ് ഇവരെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി അങ്കിത് അശോകിന് ലഭിച്ച രഹസ്യവിവരപ്രകാരം ഗുരുവായൂർ അസി.

കമ്മിഷണർ കെ.ജി സുരേഷ്, ഗുരുവായൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ കെ.ജി ജയപ്രദീപ്, കെ.ജി ഗോപിനാഥൻ, ശരത്ത് ബാബു എന്നിവരും, തൃശൂർ ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ എൻ.ജി സുവ്രതകുമാർ, പി.രാകേഷ്, പി.എം റാഫി, കെ.ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പഴനിസാമി, ടി.വി ജീവൻ, വിപിൻദാസ്, എസ്.സുജിത്, ആഷിഷ് ജോസഫ്, എസ്.ശരത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!