മകൾക്ക് പത്താംതരം പരീക്ഷയെഴുതണം.. സുകുമാരി പോരാട്ടത്തിലാണ്

കണ്ണൂർ: മകൾ അക്ഷരയ്ക്ക് പത്താംതരം പരീക്ഷ എഴുതിയെടുക്കണം.. അതിന് ഏതറ്റം വരെ പോകാനും ഈ അമ്മ തയ്യാറാണ്. കഴിഞ്ഞ എട്ട് വർഷമായി കണ്ണൂർ നരിക്കടവു ചെട്ടിയാംപറമ്പു സ്വദേശി പി.എൻ. സുകുമാരിയുടെ പോരാട്ടം തുടരുകയാണ്. മകളുടെ ജനന സർട്ടിഫിക്കറ്റുമായി ഓഫീസുകൾ തോറും കയറിയിറങ്ങുന്നുണ്ട്.മകളുടെ ജനന സർട്ടിഫിക്കറ്റിൽ മാതാപിതാക്കളുടെ പേര് അധികൃതർ തെറ്റായി രേഖപ്പെടുത്തിയതാണ് ഇപ്പോൾ മകളുടെ ഭാവിക്ക് തന്നെ തിരിച്ചടിയായത്.
മകൾ പി.എൻ അക്ഷര കേളകം സ്‌കൂളിലെ പത്താം തരം വിദ്യാർത്ഥിനിയാണ്. സ്‌കൂൾ സർട്ടിഫിക്കറ്റിൽ ചേർക്കേണ്ട വിവരങ്ങൾ അടുത്ത ആഴ്ചക്കുള്ളിൽ നൽകിയാൽ മാത്രമേ കുട്ടിയുടെ മാതാപിതാക്കളുടെ പേരുകൾ മാറ്റാൻ സാധിക്കൂ. പേര് തിരുത്തിയാൽ മാത്രമേ ഇത്തവണ പത്താംതരം പരീക്ഷയെഴുതാൻ കഴിയുള്ളു.പരീക്ഷയെഴുതാൻ കഴിഞ്ഞില്ലെങ്കിൽ മരിക്കുമെന്ന മകളുടെ വാക്കുകൾക്ക് മുന്നിൽ അവസാന പ്രതീക്ഷയുമായി ഇന്നലെ കളക്ടറെ നേരിട്ട് കാണാനെത്തിയതായിരുന്നു സുകുമാരി.
എന്നാൽ കളക്ടറെ കാണാൻ കഴിയാത്തതിനാൽ പരാതി ഓഫീസിലേൽപ്പിച്ച് മടങ്ങുകയായിരുന്നു.2006ലാണ് സുകുമാരി തലശേരി ജനറൽ ആശുപത്രിയിൽ മകളെ പ്രസവിച്ചത്. ജനനം രജിസ്റ്റർ ചെയ്യുന്ന സമയം അച്ഛന്റെ പേര് സോമൻ എന്നതിനു പകരം പി. ജോഷി വേൽ എന്നും അമ്മയുടെ പേര് പി.എൻ. സുകുമാരിക്കു പകരം കുമാരി പി.എ എന്നും തെറ്റായി ചേർത്തു.വിവാഹം നടത്തിയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, കേളകം പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, ജനറൽ ആസ്പത്രിയിലെ ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, വില്ലേജ് ഓഫീസറുടെ വൺ ആന്റ് സെയിം സർട്ടിഫിക്കറ്റ്, ഭർത്താവിന്റെ മരണ സർട്ടഫിക്കറ്റ് തുടങ്ങിയവയിൽ ഭർത്താവിന്റെ പേര് സോമൻ എന്നു തന്നെയാണ് രേഖപ്പെടുത്തിയത്.
ഇത് തിരുത്തുന്നതിന് 2017ൽ മരണപ്പെട്ട ഭർത്താവിന്റെ പേര് തെളിയിക്കുന്ന മറ്റ് ഔദ്യോഗിക രേഖകളോ വിവരങ്ങളോ തന്റെയടുത്തില്ലെന്ന് സുകുമാരി പറഞ്ഞു. തിരുപ്പൂരിൽ പണിക്കുപോയ സോമൻ അവിടെ വച്ച് മരണപ്പെടുകയായിരുന്നു.പരിശോധന പ്രകാരം കുട്ടി ജനിക്കുന്ന സമയത്ത് മാതാവിന്റെയും പിതാവിന്റെയും യാതൊരു സർക്കാർ ഓദ്യോഗിക രേഖയുമുണ്ടായിരുന്നില്ല.
ഇരുവരുടെയും വിവാഹം സംബന്ധിച്ച് എസ്.എൻ.ഡി.പി യോഗം ശാഖ യോഗത്തിൽ അത്തൊരുമൊരു വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് നിലവിലെ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. രേഖകളിൽ അവ്യക്തതയുള്ളത് കാരണമാണ് തീരുമാനമെടുക്കാൻ കഴിയാത്തത്. രജിസ്ട്രേഷൻ ആക്ട് പ്രകാരം കുട്ടി ജനിച്ചപ്പോഴുള്ള ഏതെങ്കിലും ഔദ്യോഗിക രേഖ മതി.