Connect with us

Breaking News

ചെറിയ പനിക്കുപോലും ആന്റിബയോട്ടിക് ഉപയോ​ഗം, കരുതലില്ലെങ്കിൽ വലിയവില കൊടുക്കേണ്ടിവരും

Published

on

Share our post

യുക്തിപൂർവമല്ലാത്ത മരുന്നുപയോഗത്തിന് ഇന്ത്യ വലിയവില കൊടുക്കേണ്ടിവരുമെന്ന ഐ.സി.എം.ആറിന്റെ (ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്) മുന്നറിയിപ്പ് വന്നിട്ട് അധികമായില്ല. കൃത്യമായ നിയന്ത്രണനടപടികളില്ലെങ്കിൽ ഔഷധപ്രതിരോധം പകർച്ചവ്യാധിയുടെ സ്ഥിതിയിലേക്കാകുമെന്നായിരുന്നു വിദഗ്‌ധരുടെ വിലയിരുത്തൽ. ഇപ്പോഴിതാ അനിയന്ത്രിതമായ ആന്റിബയോട്ടിക് ഉപയോ​ഗത്തിന് കടിഞ്ഞാൺ ഇടണമെന്ന് വ്യക്തമാക്കുകയാണ് ഐ.സി.എം.ആർ.

പനി, ജലദോഷം തുടങ്ങിയ ചെറുരോ​ഗലക്ഷണങ്ങൾ വന്നാൽപ്പോലും ഡോക്ടറെ കാണാതെ ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കുന്നവർ ഏറെയാണ്. ഇത്തരത്തിലുള്ള അനിയന്ത്രിതമായ ആന്റിബയോട്ടിക്കുകളുടെ ഉപയോ​ഗം ​രോ​ഗിക്ക് ​ഗുണം ചെയ്യില്ലെന്നും മറിച്ച് ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് എന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നുമാണ് ഐ.സി.എം.ആർ വ്യക്തമാക്കുന്നത്.

ബാക്ടീരിയകളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ പ്രവര്‍ത്തനത്തില്‍, മാറ്റം വരുത്തുകയോ, അനുരൂപമാക്കുകയോ ചെയ്യുന്നതിലൂടെ, അവയെ ഫലശൂന്യമാക്കുന്ന, ബാക്ടീരിയയുടെ ആര്‍ജ്ജിത പ്രതിരോധശേഷിയെയാണ്, ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് എന്നു വിളിക്കുന്നത്.

2021 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ നടത്തിയ സർവേ ആധാരമാക്കിയാണ് ആന്റിബയോട്ടിക് ഉപയോ​ഗം വിവേകപൂർണമാകണം എന്ന് ഐ.സി.എം.ആർ വ്യക്തമാക്കുന്നത്. അലക്ഷ്യമായ ഉപയോ​ഗം മൂലം രോ​ഗികളിൽ ഭൂരിഭാ​ഗത്തിനും മരുന്നിന്റെ ഫലം ലഭിക്കുന്നില്ലെന്നും ആന്റിബയോട്ടിക് റെസിസ്റ്റൻസ് ആണ് വികസിക്കുന്നതെന്നും പഠനത്തിൽ പറയുന്നു.

ആന്റിബയോട്ടിക് ഉപയോ​ഗം എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച മാർ​ഗനിർദേശങ്ങളും ഐ.സി.എം.ആർ വ്യക്തമാക്കുന്നുണ്ട്. ചെറിയ പനി, വൈറൽ ബ്രോങ്കൈറ്റിസ് തുടങ്ങിയ രോ​ഗങ്ങൾക്ക് ആന്റിബയോട്ടിക് ഉപയോ​ഗിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നതാണ് പ്രധാനം. അനുയോജ്യമായ സാഹചര്യങ്ങളിൽ മാത്രമേ രോ​ഗികൾക്ക് ഡോക്ടർമാർ ആന്റിബയോട്ടിക് നിർദേശിക്കാവൂ എന്നും പറയുന്നുണ്ട്.

കോവിഡ് കാലത്തിനു ശേഷം ഈ സ്ഥിതി ​ഗുരുതരമായെന്നും പഠനം വ്യക്തമാക്കുന്നു. കോവിഡ് കാലത്ത് നിരവധിപേർ രോ​ഗലക്ഷണങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ സ്വയം ഉപയോ​ഗിച്ചതാണ് കാരണം. ഈ സാഹചര്യം നിരവധി ആന്റിബയോട്ടിക്കുകൾക്കും ആന്റിഫം​ഗലുകൾക്കും എതിരായ റെസിസ്റ്റൻസ് നില വർധിപ്പിക്കുകയാണ് ഉണ്ടായത്.

മൂത്രനാളിയെയും ശ്വാസകോശത്തെയും ശരീരത്തിന്റെ മറ്റുപലഭാ​ഗങ്ങളെയും ബാധിക്കുന്ന ബാക്റ്റീരിയയായ Acinetobacter baumannii മിക്ക ആന്റിബയോട്ടിക്കുകളെയും പ്രതിരോധിക്കാനുള്ള ആർജിതപ്രതിരോധശേഷി കൈവരിച്ചതാണെന്ന് പഠനത്തിൽ കണ്ടെത്തി. സർവേ പ്രകാരം പ്രസ്തുത ബാക്റ്റീരിയയുടെ 87.5 % സാംപിളുകളും കടുത്ത ബാക്ടീരിയബാധയ്ക്കെതിരേ ഫലപ്രദമായി ഉപയോഗിക്കുന്ന കാർബാപെനെം എന്ന ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്നതായി കണ്ടെത്തി. ന്യൂമോണിയ, സെപ്റ്റിസീമിയ എന്നിവയുടെ ചികിത്സയിൽ മികച്ചനിലയിൽ ഉപയോഗിക്കുന്ന ഈ മരുന്നിന്റെ ഫലപ്രാപ്തി മുൻകാലത്തെ അപേക്ഷിച്ച് കുറയുന്നതായി നേരത്തേ ഐ.സി.എം.ആർ കണ്ടെത്തിയിരുന്നു.

ഇ-കോളി ബാക്റ്റീരിയയ്ക്കെതിരായി നൽകുന്ന Imipenem എന്ന ആന്റിബയോട്ടിക്കിനെതിരായ ആർജിത പ്രതിരോധശേഷി 2014ൽ 14 ആയിരുന്നെങ്കിൽ 2021 ആയപ്പോഴേക്കും 36 ശതമാനമായെന്ന് സർവേയിൽ പറയുന്നു.

ആന്റിബയോട്ടിക് റെസിസ്റ്റൻസ് നിരക്ക് ഏറ്റവുമധികമുള്ള രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന നിരക്ക് ഇന്ത്യയിലാണ്. 2019ൽ മാത്രം 1.3 മില്യൺ പേരാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ് മൂലം മരണപ്പെട്ടതെന്ന് പഠനം വ്യക്തമാക്കുന്നു. ആന്റിബയോട്ടിക്കുകൾ നിർദേശിക്കുന്ന കാലയളവ് സംബന്ധിച്ചും മാർ​ഗനിർദേശമുണ്ട്. സ്കിൻ, സോഫ്റ്റ് ടിഷ്യൂ എന്നിവയിലെ ഇൻഫെക്ഷനുകൾക്ക് അഞ്ചുദിവസത്തെ ആന്റിബയോട്ടിക് ആണ് നൽകേണ്ടത്.

അണുബാധ ഏതെന്ന് നിർണയിക്കും മുമ്പ് അനുമാനത്തിന്റെ അടിസ്ഥാനത്തിൽ ആന്റിബയോട്ടിക് നിർദേശിക്കുന്ന എംപിരിക് തെറാപ്പി ​ഗുരുതര രോ​ഗമുള്ളവരിൽ മാത്രമാക്കി പരിമിതപ്പെടുത്തണമെന്നും ഐ.സി.എം.ആർ പറയുന്നു.

ആന്റിബയോട്ടിക്കിനെതിരെ ആർജിതപ്രതിരോധശേഷി കൈവരിക്കുന്ന സ്ഥിതിവിശേഷം രോ​ഗവ്യാപനം വർധിപ്പിക്കാൻ ഇടയാക്കുമെന്നതാണ് ആശങ്കപ്പെടുത്തുന്ന ഘടകം. ബാക്റ്റീരിയ, ഫം​ഗി, വൈറസുകൾ തുടങ്ങിയ മരുന്നുകളോട് പ്രതിരോധിക്കുന്ന സാഹചര്യം നാൾക്കുനാൾ വർധിക്കുകയുമാണ്. അനുയോജ്യമായ ടെസ്റ്റുകൾക്ക് ശേഷം ബാക്റ്റീരിയൽ ഇൻഫെക്ഷന്റെ സാന്നിധ്യം കണ്ടെത്തിയാൽ രോ​ഗികൾക്ക് നൽകേണ്ട ആന്റിബയോട്ടിക്കുകൾ ഏതാണെന്ന് തീരുമാനിക്കുന്നതാണ് പരിഹാരമെന്ന് വിദ​ഗ്ധർ കരുതുന്നത്. നിർദേശിച്ച കാലയളവിനപ്പുറം സ്വയംചികിത്സ എന്ന രീതിയിൽ ആന്റിബയോട്ടിക്കുകൾ തുടരുന്ന സാഹചര്യങ്ങളും ഒഴിവാക്കണമെന്ന് വിദ​ഗ്ധർ വ്യക്തമാക്കുന്നു.


Share our post

Breaking News

കോവിഡ് കേസുകള്‍ കൂടുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഹോങ്കോങ്ങും സിങ്കപ്പൂരും, ചൈനയിലും വര്‍ധന

Published

on

Share our post

ഏഷ്യയിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ടുകൾ. ഹോങ്കോങ്ങ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ അധികാരികൾ ജാ​ഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേസുകളിലെ ഈ വർധനവ് ഒരു പുതിയ കോവിഡ് തരം​ഗത്തെ സൂചിപ്പിക്കുന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

കോവിഡ്-19 പോസിറ്റീവാകുന്ന സാമ്പിളുകളുടെ എണ്ണം ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായാണ് ഹോങ്കോങ്ങിലെ ആരോ​ഗ്യ അധികാരികൾ പറയുന്നത്. ​ഗുരുതരമാകുന്ന കേസുകളിലും മരണത്തിന് കാരണമാകുന്ന കേസുകളിലും ഇതേ രീതിയിൽ ആശങ്കാജനകമായ വർധനവുണ്ട്. ആദ്യമായാണ് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ചൈനയിൽ കോവിഡിന്റെ പുതിയ തരം​ഗമുണ്ടെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. മേയ് നാല് വരെയുള്ള അഞ്ച് ആഴ്ചകളിൽ ചൈനയിലെ ആളുകൾക്കിടയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയിലധികം വർധിച്ചതായും റിപ്പോർട്ടുണ്ട്.

സിങ്കപ്പൂരും അതീവ ജാ​ഗ്രതയിലാണ്. മേയ് മൂന്നിന് ആവസാനിക്കുന്ന ആഴ്ചയിലെ കണക്ക് പരിശോധിക്കുമ്പോൾ അതിന് മുമ്പുള്ള ആഴ്ചയിലേതിനേക്കാൾ 28 ശതമാനത്തോളം കേസുകൾ രാജ്യത്ത് വർധിച്ചിട്ടുണ്ട്. 14,200 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു വർഷത്തിനുശേഷം ഇത് ആദ്യമായാണ് സിങ്കപ്പൂർ ആരോഗ്യ മന്ത്രാലയം കോവിഡ് സംബന്ധിച്ച കണക്കുകൾ പുറത്തുവിടുന്നത്.

എഷ്യയിലുടനീളം കോവിഡ് അണുബാധ കഴിഞ്ഞ മാസങ്ങളിൽ വർധിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വാക്സിനേഷൻ എടുക്കണമെന്നും അപകടസാധ്യത കൂടുതലുള്ളവർ ബൂസ്റ്റർ ഷോട്ടുകൾ എടുക്കേണ്ടിവരുമെന്നും ആരോ​ഗ്യവിദ​ഗ്ധർ ഓർമിപ്പിക്കുന്നുണ്ട്.


Share our post
Continue Reading

Breaking News

മ‍ഴ മാത്രമല്ല, മിന്നലും ഉണ്ടാകും; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

Published

on

Share our post

ഇന്നും 18, 19 തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരിയായതിനാൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

 ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

– പട്ടം പറത്തുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

– വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല, കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ് പ്രൊട്ടക്ടർ ഘടിപ്പിക്കാം.

– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.


Share our post
Continue Reading

Breaking News

കാലവർഷം നേരത്തെയെത്തി, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ആൻഡമാനിലും വ്യാപിച്ചു; കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴ

Published

on

Share our post

തിരുവനന്തപുരം: തെക്കുകിഴക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖലയിലും, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപ്, തെക്കൻ ബംഗാൾ ഉൾക്കടൽ, എന്നിവയുടെ ചില ഭാഗങ്ങളിലും കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ മെയ് 15,18,19 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയും പ്രവചിക്കുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, കണ്ണൂര്‍ എന്നീ നാലു ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ആൻഡമാൻ കടൽ, വടക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് എന്നിവയുടെ ചില മേഖലകളിലാണ് കാലവർഷം എത്തിയത്. തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ മുഴുവനായും, ആൻഡമാൻ കടലിന്‍റെ ബാക്കി ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ത വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. കേരളത്തിൽ മെയ് 27 ഓടെയായിരിക്കും കാലവര്‍ഷം എത്തുമെന്നാണ് പ്രവചനം. ഇതിൽ നാലു ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.


Share our post
Continue Reading

Trending

error: Content is protected !!