ഓര്‍മ്മപ്പുസ്തകം മടക്കിവെച്ചു; മാധവന്‍ പുറച്ചേരിയുടെ അമ്മ ഗംഗ അന്തര്‍ജനം യാത്രയായി… വിവാഹാലോചനകള്‍ ചുറ്റിലും നടക്കുന്നതൊന്നും അവളറിയുന്നുണ്ടായിരുന്നില്ല. എന്നല്ല, അത്തരം കാര്യങ്ങള്‍ അവളില്‍നിന്ന് മറച്ചുപിടിക്കാറാണ് പതിവ്. അവളെ ഒരാളുടെ കൈയില്‍ ഏല്‍പ്പിച്ചുകൊടുത്തിട്ട് കണ്ണടയണമേ എന്നാണ്അച്ഛനമ്മമാരുടെ അക്കാലത്തെ പ്രാര്‍ത്ഥന. അക്കാലത്തെ ഇല്ലങ്ങളിലെല്ലാം, പ്രതികളെ പോലീസുകാര്‍ ജയിലിലേക്ക് കൈമാറുമ്പോലെയുള്ള ചടങ്ങാണ് വേളി. ഗംഗയുടെ വേളിയാലോചനയ്ക്കും ഒരു കുറവുമുണ്ടായിരുന്നില്ല. കാലിന് ഒരു മുടന്തുണ്ടെന്നതൊഴിച്ചാല്‍ സുന്ദരിയാണവള്‍. ആദ്യവേളിക്കാരന്‍ തൊട്ട് വേളി ആഘോഷമാക്കിയവര്‍വരെ ആലോചിക്കുന്നുണ്ട്.
മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ചനോയമ്പ് നോല്‍ക്കാന്‍ വല്യേട്ടന്‍ പറഞ്ഞപ്പോഴേ കാര്യം പന്തിയല്ലെന്നു തോന്നിത്തുടങ്ങിയിരുന്നു. മൂന്നാമത്തെ തിങ്കളാഴ്ച പൊതുവേ പതിവില്ലാത്തതാണ്. ‘വല്യേട്ടാ, മൂന്നാമത്തെ തിങ്കളാഴ്ചയല്ലേ’ എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞതുകേട്ടാല്‍ മതിയെന്ന് സങ്കടത്തോടെയാണ് പറഞ്ഞത്. ‘മോളേ, നിനക്ക് നല്ലതുവരുന്നതേ ചെയ്യുകയുള്ളൂ’ എന്ന് സമാധാനിപ്പിക്കുകയും ചെയ്തു. മുത്തശ്ശിയും എന്തോ മറച്ചുവെക്കുന്നുണ്ടായിരുന്നു. ഈശ്വരസേവയായതിനാല്‍ മറുത്തൊന്നും പറയാനുമാവില്ല. തിങ്കളാഴ്ചവ്രതമെടുത്തു. ഇത് തന്റെ അവസാനസോമവാരവ്രതമാണെന്ന് ആ സാധു അറിഞ്ഞിട്ടേയില്ല.
സന്ധ്യയ്ക്ക് കാല്‍കഴിച്ചൂട്ടുമ്പോള്‍ തന്റെ പുറത്തു തൊടാന്‍ വല്യേട്ടന്‍ ആവശ്യപ്പെട്ടു. വയസ്സറിയിച്ചപ്പോള്‍ മുതല്‍ ഇനി തൊടാന്‍ പാടില്ലെന്ന് പറഞ്ഞ അതേ വല്യേട്ടനാണ് പുറം തൊടാന്‍ പറയുന്നത്. ബ്രാഹ്‌മണരെ കാല്‍ കഴുകിക്കുമ്പോള്‍ ആര്‍ക്കുവേണ്ടിയാണോ ശിവപൂജ കഴിക്കുന്നത് അവര്‍ രക്ഷിതാവിന്റെ പുറം തൊടണമെന്നാണ് ചടങ്ങ്. ഗൃഹാന്തരീക്ഷത്തില്‍ ചില ചില മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. രണ്ട് ഏട്ടന്മാരും തിരക്കുകളിലായി. അവളുടെ വേളിക്കാര്യം തീരുമാനമായെന്ന് അറിയാത്ത ഒരേയൊരാള്‍ അവള്‍ മാത്രമായിരുന്നു.
തൊട്ടടുത്ത പറമ്പിലാണ് സ്വന്തം ക്ഷേത്രമുള്ളത്. വയസ്സറിയിച്ചതുതൊട്ട് കൃഷ്ണസ്വാമിയെ തൊഴുതിട്ടില്ല. ഒരു ദിവസം രാവിലെ അമ്പലത്തില്‍ പോയി തൊഴാന്‍ ആവശ്യപ്പെട്ടു. ഏച്ചിയോടൊപ്പം ഇല്ലത്തിന്റെ വടക്കേപ്പറമ്പിലെ അമ്പലത്തിലേക്ക് അവള്‍ ആനയിക്കപ്പെട്ടു. ഒരു മറക്കുട അവള്‍ക്കായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അപായസൂചന തിരിച്ചറിഞ്ഞതുമുതല്‍ അമ്മ കരയാന്‍ തുടങ്ങി.
അമ്മയും ഏട്ടന്മാരും പലവട്ടം സമാധാനിപ്പിച്ചു. നിനക്കു നല്ലതു വരാനുള്ള തീരുമാനമാണെന്ന് പറഞ്ഞു. ഭക്ഷണം ഉപേക്ഷിച്ച് അമ്മ കരച്ചില്‍ തുടര്‍ന്നു. അമ്മാവന്‍ കോറോത്തുനിന്നു വന്ന് വാത്സല്യത്തോടെ സമാശ്വസിപ്പിച്ചു. ഞാന്‍ എല്ലാം അന്വേഷിച്ചതാണെന്ന് പലവട്ടം പറഞ്ഞു. ഇല്ലത്തെ പെണ്‍കിടാങ്ങളുടെ പാരതന്ത്ര്യത്തിന്റെ ആഴം മുഴുവന്‍ ഒരു മറക്കുട അവള്‍ക്ക് കാട്ടിക്കൊടുത്തിട്ടുണ്ടാവണം.
ഇല്ലങ്ങളിലെ ദൈനംദിനജീവിതത്തിന്റെ ഭാഗമാണ് ദാസികളായ പെണ്ണുങ്ങള്‍. വാല്യക്കാരത്തി, തുണക്കാരത്തി തുടങ്ങി ആവശ്യാനുസരണം ഇവര്‍ പല പേരുകളില്‍ വിളിക്കപ്പെടും. ഇല്ലങ്ങളിലുള്ളവര്‍ക്ക് വിളിക്കാനുള്ള ഏതെങ്കിലും ഒരു പേരു വേണമെന്നു മാത്രം. എണ്‍പതു കഴിഞ്ഞ വൃദ്ധയായാലും അഞ്ചുവയസ്സുള്ള ഇല്ലത്തെ കുട്ടികള്‍പോലും അവരുടെ പേരാണ് വിളിക്കുക. ഏത് ദരിദ്രയില്ലത്തിനുപോലും ഇവരില്ലെങ്കില്‍ ദൈനംദിനകാര്യങ്ങള്‍ ഒരിഞ്ച് മുന്നോട്ടുപോകാനാകില്ല. അന്തര്‍ജ്ജനങ്ങള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ ഇവര്‍ വേണം. എല്ലാ ദിവസം മുറ്റമടിച്ച് ചാണകവെള്ളം തളിക്കും.
തലേന്നത്തെ പാത്രങ്ങള്‍ വൃത്തിയില്‍ കഴുകിക്കമിഴ്ത്തി വെക്കുക, ഇടയ്ക്കിടെ ഇല്ലം മുഴുവന്‍ ചാണകം തേച്ച് മിനുക്കുക, രാത്രി അന്തര്‍ജ്ജനങ്ങള്‍ മാത്രമേയുള്ളൂവെങ്കില്‍ കൂട്ടുകിടക്കുക. ഇങ്ങനെ പത്തോ പതിനഞ്ചോ പുറത്തിലെഴുതിയാലും അവരുടെ ജോലികള്‍ തീരുമെന്ന് തോന്നുന്നില്ല. സ്വന്തം കൂരയില്‍ കിടന്നുറങ്ങാന്‍ അപൂര്‍വ്വമായേ ഇവര്‍ക്കാവൂ.
ഇല്ലത്തെ കാര്യത്തിനുശേഷമുള്ള ജീവിതമേ ഇവര്‍ക്ക് വിധിച്ചിട്ടുള്ളൂ. കൊടിയദാരിദ്ര്യവും പട്ടിണിയുംകൊണ്ട് ആശ്രയിച്ച് ജീവിക്കുന്നവരുടെ എല്ലാ പങ്കപ്പാടും ഇവര്‍ക്കൊപ്പമുണ്ടാവും. ഇല്ലത്തെ ഇന്നലത്തെ ഭക്ഷണത്തിന്റെ ബാക്കി, സദ്യയ്ക്കു പോയാല്‍ അന്തര്‍ജ്ജനം ഉണ്ട ഇലയില്‍ കുറച്ചധികം ചോറ് കരുതിയത് അഥവാ എച്ചില്‍, മാസാമാസം നല്‍കുന്ന ചെറിയ വേതനം ഇതെല്ലമാണ് ഇവര്‍ക്ക് കിട്ടുന്ന കാരുണ്യം. മനസ്സും ശരീരവും ഇല്ലങ്ങള്‍ക്കര്‍പ്പിച്ച് മരിച്ചുപോകുന്ന പാവങ്ങള്‍!
ഇവരിലൂടെയാണ് ലോകഗതി പതുക്കപ്പതുക്കെ ഇല്ലങ്ങളുടെ അകത്തളങ്ങളിലേക്ക് പ്രവേശിക്കുന്നത്. ജനനമരണങ്ങള്‍, പിഴച്ച പെണ്ണുങ്ങളുടെ കഥകള്‍, യക്ഷിക്കഥകള്‍ തുടങ്ങി അന്തര്‍ജ്ജനങ്ങളുടെ ലോകവിവരത്തിന്, അങ്ങനെയൊന്നുണ്ടെങ്കില്‍ അതിന് പ്രേരകമാവുന്നത് വാല്യക്കാരത്തികളാണ്.
ചെറിയയും മകളായ പാര്‍തിയുമാണ് രാമക്കാട്ടില്ലത്തെ ദാസികള്‍. ചെറിയ ചാവുമ്പം എണ്‍പതു വയസ്സായിട്ടുണ്ടാവും.
ചെറിയ ചത്തു എന്നേ അക്കാലത്ത് ആരും പറയുകയുള്ളൂ. അവര്‍ക്ക് ഇല്ലത്തോടു ചേര്‍ന്നല്ലാതെ ഒരസ്തിത്വമില്ല. ഒരായുസ്സ് മുഴുവന്‍ അന്തര്‍ജ്ജനങ്ങള്‍ക്കും പെണ്‍കിടാങ്ങള്‍ക്കുമിടയില്‍ ജീവിച്ചത്ര സമയത്തിന്റെ ആയിരത്തിലൊരംശം സ്വന്തം കുട്ടികള്‍ക്കു നല്‍കാന്‍ ആ നിര്‍ഭാഗ്യജന്മങ്ങള്‍ക്ക് അര്‍ഹതയില്ല. അവര്‍ക്കും ഒരു ഭര്‍ത്താവുണ്ടായിരിക്കും. അയാള്‍ മിക്കവാറും മുഴുക്കുടിയനായിരിക്കും. അയാള്‍ക്ക് തന്റെ പ്രിയപ്പെട്ടവളുടെ സാമീപ്യം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായേ ലഭിക്കുകയുള്ളൂ. അയാള്‍ മദ്യപാനിയായില്ലെങ്കിലേ അദ്ഭുതമുള്ളൂ.
.(അമ്മയുടെ ഓര്‍മ്മപ്പുസ്തകം- മാധവന്‍ പുറച്ചേരി)
എട്ടു പതിറ്റാണ്ട് മുമ്പുള്ള ഒരു നമ്പൂതിരിപ്പെണ്‍കുട്ടിയുടെ ജീവിതം നമുക്കിന്ന് സങ്കല്പിക്കാന്‍ പോലും കഴിയാത്തതാണ്. നീന്തിക്കടന്ന ദുരിതക്കടലിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഓര്‍മയില്‍ വന്നതെല്ലാം ഗംഗ അന്തര്‍ജനം മുത്തുകള്‍ പോലെ ശേഖരിച്ചു. മകന്‍ മാധവന്‍ പുറച്ചേരിയാവട്ടെ അതെല്ലാം അക്ഷരങ്ങളാവുന്ന മാലയില്‍ ഭംഗിയായി കോര്‍ത്തെടുക്കുകയും ചെയ്തു. അത് മാതൃഭൂമി ബുക്‌സ് ‘അമ്മയുടെ ഓര്‍മ്മപ്പുസ്തകം’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചത് കുറച്ചുദിവസങ്ങള്‍ക്കുമുമ്പാണ്. മലയാളം ഒരു അമ്മയെക്കൂടി വായനയുടെ നെഞ്ചിലേറ്റിയ സമയത്താണ് ഈ വിയോഗം. ഓര്‍മകള്‍ ഒഴിഞ്ഞ ഹൃദയം ഇന്ന് ജീവനെയും വിട്ടകന്നുപോയിരിക്കുന്നു. ഗംഗ അന്തര്‍ജനം ഇനി ‘അമ്മയുടെ ഓര്‍മ്മപ്പുസ്തക’ത്തിലൂടെ മലയാളത്തിന്റെ തന്നെ അമ്മയായി ചിരകാലം വാഴും.
വടക്കന്‍ മലബാറിലെ കണ്ണൂര്‍ ജില്ലയില്‍ ജനിച്ച ഗംഗ അന്തര്‍ജം അന്നത്തെ സാമൂഹികാവസ്ഥകളുടെ ഫലമായി മൂന്നാം ക്ലാസ് വരെയാണ് ഔപചാരിക വിദ്യാഭ്യാസം നേടിയത്. നമ്പൂതിരി ഗൃഹങ്ങളിലെ സ്ത്രീകളുടെ മഹാനരകജീവിതത്തിന്റെ ബാക്കിപത്രമായിരുന്ന തന്റെ അമ്മയുടെ കൂടെ സഹോദരങ്ങളോടൊപ്പം ഇല്ലായ്മയോട് സമരസപ്പെട്ട് കഴിഞ്ഞുവരേയാണ് പ്രമുഖ കമ്യൂണിസ്റ്റ് പ്രചാരകനായ ഇ.വി ഗോവിന്ദന്‍ നമ്പൂതിരിയുടെ രണ്ടാം വേളിയാവുന്നത്.
ഭര്‍ത്താവിന്റെ ആദ്യഭാര്യ മരണപ്പെടുകയും ആ ബന്ധത്തില്‍ പിറന്ന പെണ്‍കുട്ടിയെ ഗംഗ അന്തര്‍ജനത്തിന്റെ സഹോദരന് വിവാഹം കഴിച്ചുകൊടുക്കുക വഴി മാറ്റക്കല്യാണം എന്ന സമ്പ്രദായത്തിലൂടെയാണ് ഗംഗ അന്തര്‍ജനം പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. നവോത്ഥാനം നമ്പൂതിരിഗൃഹങ്ങളിലും അലയടിക്കുന്നതും പുരോഗമനം എന്ന ആശയം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതും ഗംഗ അന്തര്‍ജനം തന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങളിലൂടെ അറിയുന്നുണ്ട്. ആഗ്രഹമുണ്ടായിരുന്നിട്ടും അറിവുനേടാന്‍ അനുമതിയില്ലാതെ പോയ, കെട്ടകാലത്തിന്റെ നേര്‍സാക്ഷിയായ തന്റെ അമ്മയെ അതീവ ഹൃദ്യമായ ഭാഷയിലൂടെയാണ് മാധവന്‍ പുറച്ചേരി അവതരിപ്പിച്ചിരിക്കുന്നത്. ഗംഗ അന്തര്‍ജനത്തിന് പ്രണാമം.