നിയമവ്യവസ്ഥ താറുമാറായി; വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കണം: അദാനി

Share our post

കൊച്ചി : വിഴിഞ്ഞത്തു കേന്ദ്ര സേനയെ വിന്യസിക്കണം എന്ന ആവശ്യം ആവർത്തിച്ച് വീണ്ടും അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. ഇവിടെ നിയമവ്യവസ്ഥ താറുമാറായെന്നും ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് കേസ് പരിഗണിക്കുമ്പോഴാണ് അദാനി ഗ്രൂപ്പിന്റെ അഭിഭാഷകൻ നിലവിലെ സാഹചര്യങ്ങൾ കോടതിയെ അറിയിച്ചത്.

തുറമുഖ നിർമാണ സ്ഥലത്തേയ്ക്കു പാറ ഉൾപ്പെടെയുള്ള സാമഗ്രികളുമായി വരുന്ന വാഹനങ്ങൾ കടന്നുപോകാൻ സമരക്കാർ അനുവദിക്കുന്നില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. പൊലീസ് കാഴ്ചക്കാരായി നിൽക്കുന്നു. കോടതി വിധികൾക്കു പുല്ലുവില കൽപ്പിക്കുകയാണ്. കഴിഞ്ഞദിവസം വലിയ സംഘർഷമാണ് പ്രദേശത്തുണ്ടായത്. സമരക്കാർ നിയമം കയ്യിലെടുക്കുന്ന സാഹചര്യമാണ്. നിരവധി പൊലീസുകാർ ആശുപത്രിയിലായെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

നിലവിൽ സമരക്കാരുമായി ചർച്ചകൾ നടക്കുകയാണെന്ന വിവരമാണ് സർക്കാരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ആവശ്യമെങ്കിൽ 144 പ്രഖ്യാപിക്കുന്നത് ഉൾപ്പെടെ പരിഗണിക്കുന്നുണ്ട്. മോശം സാഹചര്യമാണ് നിലനിൽക്കുന്നത്. അക്രമം നടത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത 3,000 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിച്ചവരിൽനിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

വിഴിഞ്ഞത്തു ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. സാധ്യമാകുന്നതെല്ലാം ചെയ്യാന്‍ സര്‍ക്കാരിന് നിര്‍ദേശം നൽകി. വിഷയം വഷളാകാതിരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ സംഘർഷാവസ്ഥ സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിക്കാൻ സമയം നൽകണമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. തുടർന്നു കോടതി കേസ് പരിഗണിക്കുന്നതു വെള്ളിയാഴ്ചത്തേയ്ക്കു മാറ്റി.

വിഴിഞ്ഞം വിഷയത്തിൽ ഇന്നും സമാധാന ചർച്ചയുണ്ട്. ഉച്ചയ്ക്കു ശേഷം കലക്ടറുടെ ചേംബറിലാണു ചർച്ച. നിലവിൽ പ്രദേശത്ത് 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നാണ് ഇന്നലെ ചർച്ചകൾക്കു ശേഷം കലക്ടർ അറിയിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!