കാരവനെക്കാള്‍ സ്റ്റൈലിഷ്, ബെന്‍സിന്റെ എന്‍ജിന്‍; ക്ലാസ് ലുക്കില്‍ ഫോഴ്‌സ് അര്‍ബാനിയ

Share our post

ഇന്ത്യന്‍ നിരത്തുകളില്‍ ഫോഴ്‌സ് എന്ന വാഹന നിര്‍മാതാക്കള്‍ക്ക് കൃത്യമായ മേല്‍വിലാസം ഉണ്ടാക്കി നല്‍കിയ വാഹനമാണ് ട്രാവലര്‍. ആംബുലന്‍സായും ടൂറിസ്റ്റ് വാഹനങ്ങളായും നിരത്ത് നിറഞ്ഞിരിക്കുന്ന ഈ വാഹനത്തിന്റെ പുതിയൊരു പതിപ്പ് നിരത്തുകളില്‍ എത്തിക്കുകയാണ് നിര്‍മാതാക്കള്‍. ഫോഴ്‌സ് അര്‍ബാനിയ എന്ന പേരില്‍ വിപണിയില്‍ എത്തിക്കുന്ന ഈ വാഹനത്തിന് 28.99 ലക്ഷം രൂപ മുതലായിരിക്കും എക്‌സ്‌ഷോറൂം വിലയെന്നാണ് സൂചനകള്‍. അടുത്ത മാസം മുതല്‍ ഈ വാഹനം ഡീലര്‍ഷിപ്പുകളില്‍ എത്തിയേക്കും.

28 സീറ്റുകളുമായി പോലും ട്രാവലര്‍ നിരത്തുകളില്‍ എത്തുന്നുണ്ടെങ്കില്‍ അല്‍പ്പം പ്രീമിയം ഭാവത്തിലാണ് അര്‍ബാനിയയുടെ വരവ്. ഷോര്‍ട്ട്, മീഡിയം, ലോങ്ങ് എന്നീ മൂന്ന് വീല്‍ബേസുകളിലായിരിക്കും അര്‍ബാനിയ എത്തുക. യഥാക്രമം 3350 എം.എം, 3615 എം.എം, 4400 എം.എം. എന്നിങ്ങവെയായിരിക്കും വീല്‍ബേസ്. ഇതിലെ ലോങ്ങ് വീല്‍ബേസ് മോഡലില്‍ 17 സീറ്റും മീഡിയം വേരിയന്റില്‍ 13 പേര്‍ക്കും ഷോര്‍ട്ട് പതിപ്പില്‍ 10 പേര്‍ക്കും യാത്ര ചെയ്യാന്‍ സാധിക്കും. ഷോര്‍ട്ട് വേരിയന്റിന് 29.50 ലക്ഷം, മീഡിയത്തിന് 28.99, ലോങ്ങ് വീല്‍ബേസിന് 31.25 ലക്ഷവുമാണ് വില.

വേള്‍ഡ് ക്ലാസ് വാഹനമെന്നാണ് നിര്‍മാതാക്കള്‍ ഈ വാഹനത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അത്യാഡംബര കാരാവാനുകള്‍ക്ക് സമാനമായി പ്രീമിയം സ്റ്റൈലിലാണ് അര്‍ബാനിയ ഒരുക്കിയിരിക്കുന്നത്. ഇറ്റാലിയന്‍ വിദഗ്ധരുടെ കരവിരുതിലാണ് ഈ വാഹനത്തിന്റെ ബോഡി ഒരുങ്ങിയിരിക്കുന്നത്. കാറുകളിലേതിന് സമാനമായ ഗ്രില്ലും ഇതിന് നടുക്കായി നല്‍കിയിട്ടുള്ള പാനലിലാണ് വാഹനത്തിന്റെ പേര് ആലേഖനം ചെയ്തിരിക്കുന്നത്. വലിയ ഹെഡ്‌ലാമ്പിന് ചുറ്റിലും സി ഷേപ്പില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ലൈറ്റ് ഡി.ആര്‍.എല്‍ ആയും ഇന്റിക്കേറ്ററായും പ്രവര്‍ത്തിക്കും.

ഒഴുകിയിറങ്ങും പോലെയുള്ള ബോണറ്റും എസ്.യു.വികള്‍ക്ക് സമാനമായ ബമ്പറുമാണ് മുന്നിലെ മറ്റ് ആകര്‍ഷണങ്ങള്‍. മോഡുലാര്‍ മോണോകോക്ക് പാനലിലാണ് ഈ വാഹനത്തിന്റെ ബോഡിയും മറ്റും തീര്‍ത്തിരിക്കുന്നത്. ഇത് കൂടുതല്‍ സുരക്ഷയും ദൃഢതയും ഉറപ്പാക്കുന്നു. വശങ്ങളിലേക്ക് സ്ലൈഡ് ചെയ്യുന്ന ഡോറാണ് ഇതിലുള്ളത്. വിന്‍ഡോയുടെ സ്ഥാനത്ത് ഫിക്‌സഡ് ഗ്ലാസ് നല്‍കിയത് വാഹനത്തിന് പ്രീമിയം ഭാവം ഒരുക്കുന്നു. ലൈറ്റ് ഗൈഡ് ടെക്‌നോളജി നല്‍കിയിട്ടുള്ള ടെയ്ല്‍ലാമ്പാണ് പിന്നിലെ ഹൈലൈറ്റ്.

നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായാണ് അര്‍ബാനിയ എത്തിയിരിക്കുന്നത്. കാറുകള്‍ക്ക് സമാനമായാണ് ഈ വാഹനത്തിന്റെ ഡാഷ്‌ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മാനുവല്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, മുന്‍നിരയില്‍ തന്നെ നാല് എ.സി. വെന്റുകള്‍, ഡാഷ്‌ബോര്‍ഡില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഗിയര്‍ ലിവര്‍, മള്‍ട്ടി സ്‌പോക്ക് സ്റ്റിയങ്ങ് വീല്‍ തുടങ്ങിയവയാണ് അര്‍ബാനിയയുടെ ഡ്രൈവര്‍ കംപാര്‍ട്ട്‌മെന്റില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകള്‍.

സെഗ്മെന്റിലെ ഏറ്റവും മികച്ച സൗകര്യങ്ങളും യാത്ര അനുഭവം ഉറപ്പാക്കുന്ന തരത്തിലാണ് പിന്‍നിര ഒരുക്കിയിരിക്കുന്നത്. 2+1 രീതിയിലാണ് സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പുഷ്ബാക്ക് സീറ്റുകള്‍, എല്ലാ നിരയിലും യു.എസ്.ബി. ചാര്‍ജിങ്ങ്, ഇന്‍ഡിവിജ്വല്‍ എ.സി. വെന്റ്, പനോരമിക് വിന്‍ഡോ ഗ്ലാസ്, ഉയര്‍ന്ന ലെഗ്‌റൂമും ഹെഡ്‌റൂം തുടങ്ങി യാത്രക്കാരെ കംഫര്‍ട്ടബിളാക്കുന്നതിന് പ്രധാനം നല്‍കിയാണ് ഈ വാഹനത്തിന്റെ പിന്‍നിരയിലെ സീറ്റുകളും മറ്റ് ഫീച്ചറുകളുമെല്ലാം ഒരുക്കിയിരിക്കുന്നത്.

സുരക്ഷയ്ക്കും മുന്‍തൂക്കം നല്‍കിയാണ് അര്‍ബാനിയ എത്തുന്നത്. മുന്‍നിരയില്‍ നല്‍കിയിട്ടുള്ള രണ്ട് എയര്‍ബാഗ് ശ്രേണിയില്‍ തന്നെ ആദ്യമായാണ്. അഡ്വാന്‍സ്ഡ് ഇ.എസ്.പി, എ.ബി.എസ് വിത്ത് ഇ.ബി.ഡി, പെഡസ്ട്രല്‍ ഇന്‍ജുറി കുറയ്ക്കുന്ന രീതിയില്‍ തീര്‍ത്തിട്ടുള്ള ബമ്പര്‍, ബോഡി റോള്‍ കുറയ്ക്കുന്നതിനായി നല്‍കിയിട്ടുള്ള ഹൈ-സ്ട്രങ്ത്ത് സ്റ്റീലുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, എന്‍ജിന്‍ ഇമ്മോബിലൈസര്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളാണ് ഫോഴ്‌സ് അര്‍ബാനിയയില്‍ നല്‍കിയിരിക്കുന്നത്.
ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സീഡിസാണ് ഈ വാഹനത്തിന് മെക്കാനിക്കല്‍ ഫീച്ചറുകള്‍ നല്‍കുന്നതെന്നാണ് സൂചന. ബെന്‍സ് നല്‍കുന്ന 113 ബി.എച്ച്.പി പവറും 350 എന്‍.എം. ടോര്‍ക്കുമേകുന്ന സി.ആര്‍.ടി.ഇ. ഡീസല്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഏറ്റവും മികച്ച യാത്ര ഉറപ്പാക്കുന്നതിനായി മുന്നില്‍ ട്രാന്‍സ്‌വേഴ്‌സ് സ്ട്പിങ്ങ് നല്‍കിയിട്ടുള്ള ഡിപെന്‍ഡന്റ് സസ്‌പെന്‍ഷന്‍ ആണ് ഒരുക്കിയിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!