ദീർഘദൂര ബസുകൾ അങ്കമാലി വരെ; പിന്നെ മാറിക്കയറണം: മാറ്റത്തിന് കെഎസ്ആർടിസി

കൊച്ചി : തിരുവനന്തപുരത്തുനിന്നു വടക്കൻ ജില്ലകളിലേക്കു പുതിയ യാത്രാ പരിഷ്കാരവുമായി കെഎസ്ആർടിസി. ദേശീയപാത വഴിയും എംസി റോഡ് വഴിയും വടക്കൻ ജില്ലകളിലേക്കു യാത്ര ചെയ്യുന്നവർക്കായി അങ്കമാലിയിൽ ഇറങ്ങി മറ്റൊരു ബസിൽ യാത്ര തുടരാവുന്ന ‘ട്രാൻസിറ്റ്’ സംവിധാനം നടപ്പാക്കും. അങ്കമാലി അതോടെ ‘ട്രാൻസിറ്റ് ഹബ്’ ആകും.
കെഎസ്ആർടിസിയിൽ നടപ്പാക്കുന്ന സിംഗിൾ ഡ്യൂട്ടി ദീർഘദൂര സർവീസുകളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമാണിത്. ഇതോടെ ഡ്രൈവർമാരുടെ അമിത ജോലിഭാരം കുറയും. പദ്ധതി നടപ്പാകുന്നതോടെ തിരുവനന്തപുരത്തുനിന്നുള്ള ദീർഘദൂര ബസുകൾ അങ്കമാലി വരെ മാത്രമേ സർവീസ് നടത്തൂവെന്നു കെ.എസ്ആർ.ടി.സി എം.ഡി .ബിജു പ്രഭാകർ പറഞ്ഞു. യാത്രക്കാർ റിസർവ് ചെയ്ത അതേസീറ്റ് അടുത്ത ബസിലും ലഭ്യമാക്കുമെന്നും വ്യക്തമാക്കി.
തിരുവനന്തപുരത്തും കോഴിക്കോട്ടും നടത്തി വന്നിരുന്ന ക്രൂ ചേഞ്ച് ഇനി അങ്കമാലിയിൽ നടപ്പാക്കും. ബസ് ജീവനക്കാർക്കു വിശ്രമിക്കാനും മറ്റുമായി അങ്കമാലി കെ.എസ്ആർ.ടി.സി സമുച്ചയത്തിന്റെ ഒരു നില ഉപയോഗിക്കും.
ബസ് സർവീസ് കുറയ്ക്കാം
എംസി റോഡ് വഴിയും ദേശീയപാത വഴിയും അങ്കമാലിയിൽ എത്തുന്ന ദീർഘദൂര ബസുകൾ മുഴുവനും പൂർണമായും ലക്ഷ്യസ്ഥലത്തേക്കു പോകേണ്ടതില്ല. തിരുവനന്തപുരത്ത് നിന്നുള്ള അത്രയും യാത്രക്കാർ അങ്കമാലിയിൽ നിന്നു തുടർന്നും പലപ്പോഴും ഉണ്ടാകാറില്ല. 100 ബസുകളിലായി അങ്കമാലി വരെ എത്തുന്ന യാത്രക്കാരെ 70 ബസുകളിൽ അങ്കമാലി മുതൽ ലക്ഷ്യസ്ഥാനത്തെത്തിക്കാം. ബാക്കി വരുന്ന 30 ബസുകൾ തിരികെ തിരുവനന്തപുരത്തേക്ക് സർവീസ് നടത്താനായി ഉപയോഗിക്കാം. ഇതുവഴി അങ്കമാലി മുതൽ വടക്കോട്ട് റോഡിൽ ബസുകളുടെ എണ്ണം കുറയ്ക്കാം.