സ്വര്‍ണക്കടത്ത്: അസാധാരണ കേസെങ്കില്‍ മാത്രമെ വിചാരണ മറ്റുസംസ്ഥാനത്തേക്ക് മാറ്റൂ; വിശദവാദം കേള്‍ക്കും

ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനം. കേസിലെ എല്ലാ പ്രതികളുടെയും വാദം കേട്ട ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളുവെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം.എം. സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ള കേസ് ആയതുകൊണ്ട് വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ കാരണത്താല്‍ വിചാരണ മാറ്റിയാല്‍ സമാനമായ ഹര്‍ജികളുടെ പ്രളയമാകും ഉണ്ടാവുകയെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. അസാധാരണമായ കേസ് ആണെങ്കില്‍ മാത്രമേ വിചാരണ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാന്‍ അനുവദിക്കൂ എന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യറിയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
അസാധാരണ കേസ് ആണെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കോടതിയില്‍ വാദിച്ചു. തുടര്‍ന്നാണ് കേസില്‍ വിശദവാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. ഇ.ഡിയുടെ ഹര്‍ജി പ്രാഥമിക ഘട്ടത്തില്‍ തന്നെ തള്ളണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല.
കേരളത്തിന് വേണ്ടി കപില്‍ സിബലിന് പുറമെ, സീനിയര്‍ അഭിഭാഷകന്‍ സി.യു. സിംഗ്, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി എന്നിവര്‍ ഹാജരായി. തടസ ഹര്‍ജി നല്‍കിയിരുന്ന എം. ശിവശങ്കറിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, അഭിഭാഷകരായ സെല്‍വിന്‍ രാജ, മനു ശ്രീനാഥ് എന്നിവരാണ് ഹാജരായത്.