മഞ്ഞുരുകുന്നു: ലോകവീക്ഷണം രാഷ്ട്രീയത്തിന് ആവശ്യമെന്ന് സുധാകരന്‍, യാതൊരു പ്രശ്‌നവുമില്ലെന്ന് തരൂര്‍

Share our post

കൊച്ചി: ശശി തരൂരിനെച്ചൊല്ലി കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ കെട്ടടങ്ങുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി നല്ല ബന്ധമാണെന്നും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും കൊച്ചിയില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ ശശി തരൂര്‍ പറഞ്ഞു.

പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ കോണ്‍ക്ലേവില്‍ കെ.പി.സി.സി. പ്രസിഡന്റ് നേരിട്ട് പങ്കെടുക്കാത്തതിന് വിവാദവുമായി യാതൊരു ബന്ധവുമില്ലെന്നും ആരോഗ്യകാരണങ്ങളാലാണ് അദ്ദേഹം പങ്കെടുക്കാത്തതെന്നും തരൂര്‍ പറഞ്ഞു. അതേസമയം കെ സുധാകരന്‍ കോണ്‍ക്ലേവ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

കെ സുധാകരനുമായി നല്ല ബന്ധമാണെന്നും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും കോണ്‍ക്ലേവില്‍ ശശി തരൂര്‍ പറഞ്ഞു. സുധാകരന്റെ ആരോഗ്യം മെച്ചപ്പെടട്ടെ എന്നാണ് പ്രാര്‍ഥന. എന്റെ ഭാഗത്തുനിന്ന് വിവാദമോ, അമര്‍ഷമോ, ആരോപണമോ ഉണ്ടായിട്ടില്ല. പാര്‍ട്ടി കീഴ്‌വഴക്കം ലംഘിച്ചിട്ടില്ല. തെറ്റ് ഉണ്ടായാലേ നോട്ടീസ് നല്‍കേണ്ടതുള്ളൂ. തനിക്ക് ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.

വിവാദങ്ങളെപ്പറ്റിയൊന്നും മിണ്ടാതെയായിരുന്നു സുധാകരന്റെ പ്രസംഗം. മാറുന്ന രാഷ്ട്രീയത്തില്‍ പ്രൊഫഷണലുകളുടെ ലോക വീക്ഷണം ആവശ്യമാണെന്നാണ് സുധാകരന്‍ പറഞ്ഞത്. പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസിന്റെ ഭൗതിക ശക്തിയാണ്. പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികള്‍ക്കും കോണ്‍ഗ്രസിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തരൂരിനെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ തത്കാലത്തേക്ക് ഒഴിവാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പരസ്പരം പോരടിക്കുന്നത് പാര്‍ട്ടിയുടേയും മുന്നണിയുടേയും വിശ്വാസ്യതയെ ബാധിക്കും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും പ്രശ്‌നപരിഹാരത്തിന്റെ വഴി തേടണമെന്ന നിര്‍ദേശം നല്‍കിയതോടെയാണ് വിവാദം താത്കാലികമായി കെട്ടടങ്ങുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!