സ്‌ത്രീകളെ അടുക്കളയിൽനിന്ന് അരങ്ങത്തെത്തിച്ചത് കുടുംബശ്രീ

തളിപ്പറമ്പ്: സംസ്ഥാനത്ത് ലക്ഷക്കണക്കിന് സ്‌ത്രീകളെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എത്തിച്ചത് കുടുംബശ്രീ പ്രസ്ഥാനമാണെന്ന് തദ്ദേശമന്ത്രി എം. ബി .രാജേഷ്. സ്വന്തമായി വരുമാനം ആർജിച്ച് സ്വന്തംകാലിൽനിൽക്കാൻ സ്‌ത്രീകളെ പ്രാപ്‌തമാക്കി. കാൽനൂറ്റാണ്ടിന്റെ അനുഭവവുമായി മുന്നോട്ടുപോവുന്നതിന്റെ വളർച്ച പഠനത്തിനും ഗവേഷണത്തിനും വിഷയമാക്കണമെന്ന് മന്ത്രി പറഞ്ഞു. തളിപ്പറമ്പ് മണ്ഡലം കുടുംബശ്രീ സംരംഭക ശിൽപ്പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സൂക്ഷ്‌മ ഗ്രാമീണ സംരംഭങ്ങളിലൂടെ സ്‌ത്രീകൾക്ക് മികച്ചവരുമാനം ആർജിക്കുന്നതിന് മികച്ച പങ്കാണ് കുടുംബശ്രീ വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചിറവക്ക് മൊട്ടമ്മൽ ഹാളിൽ എം. വി .ഗോവിന്ദൻ എം.എൽ.എ അധ്യക്ഷനായി. അഞ്ചുവർഷംകൊണ്ട് 20 ലക്ഷംപേർക്ക് തൊഴിൽനൽകാനുളള പ്രവർത്തനത്തിന്റെ ഭാഗമാണ് സംരംഭക ശിൽപ്പശാലകൾ നടത്തുന്നതെന്ന് എംഎൽഎ പറഞ്ഞു.
കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, നടൻ സന്തോഷ് കീഴാറ്റൂർ, വനിതാ സംരംഭകരായ നിഷ കൃഷ്‌ണൻ, സംഗീത അഭയ്, ഹർഷ പുതുശേരി, അയിഷ സമീഹ എന്നിവർ സംസാരിച്ചു. പി എം റിയാസ് ക്ലാസെടുത്തു. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ സ്വാഗതവും കുടുംബശ്രീ ജില്ലാ കോ–-ഓഡിനേറ്റർ ഡോ. എം സുർജിത്ത് നന്ദിയും പറഞ്ഞു. ശിൽപ്പശാല ഞായറാഴ്‌ച സമാപിക്കും.