അയ്യങ്കുന്ന് വനിതാ സംഘത്തിൽ വൻ വെട്ടിപ്പ്

ഇരിട്ടി: കോൺഗ്രസ് നിയന്ത്രണത്തിലുള്ള അയ്യങ്കുന്ന് വനിതാ സഹകരണ സംഘത്തിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തി. വായ്‌പവെട്ടിപ്പും നിക്ഷേപകർ അറിയാതെ ലക്ഷങ്ങൾ പിൻവലിച്ചതടക്കമുള്ള തട്ടിപ്പിനെത്തുടർന്ന് സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി. അങ്ങാടിക്കടവിൽ പ്രവർത്തിക്കുന്ന സംഘത്തിലാണ് അഴിമതി നടന്നത്. സംഘത്തിന് രണ്ടുകോടി രൂപയുടെ ബാധ്യത വരുത്തുന്ന തരത്തിൽ വായ്പവിതരണത്തിൽ വൻതിരിമറി നടന്നതായി ഓഡിറ്റിൽ കണ്ടെത്തി.
നിക്ഷേപകർ അറിയാതെ 40 ലക്ഷത്തോളം രൂപ സംഘം ചുമതലക്കാരി പിൻവലിച്ചെന്നും പുറത്തറിയുമെന്നായപ്പോൾ ചില നിക്ഷേപങ്ങൾ തിരിച്ചടച്ചു. പലർക്കും നിക്ഷേത്തുക തിരികെ ലഭിച്ചിട്ടില്ല.
സംഘം കെട്ടിടത്തിന് ആറുവർഷത്തെ വാടക നിക്ഷേപമായി നൽകിയെന്നാണ് ബാങ്ക് രേഖകളിൽ പറയുന്നത്. പലിശയടക്കമുള്ള തുകയുടെ നിക്ഷേപം പിൻവലിക്കാനായിട്ടില്ല. ഈ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
അംഗങ്ങൾ അറിയാതെ സംഘത്തിൽ ഒട്ടേറെ ബിനാമി വായ്‌പകൾ വിതരണം ചെയ്‌തതും സഹകരണ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പരാതി വ്യാപകമായതോടെ സംഘം പ്രസിഡന്റ് സഹകരണ അസി. രജിസ്ട്രാർക്ക് രാജിക്കത്ത് നൽകി.
പരമാവധി നിക്ഷേപത്തിന് സഹകരണ മേഖല നൽകുന്ന പലിശ ഏഴര ശതമാനമാണ്. ഇവിടെ പതിനെട്ടര ശതമാനം വരെ നിക്ഷേപങ്ങൾക്ക് പലിശ നൽകിയെന്നും സൂചനയുണ്ട്. മൂന്നരക്കോടിയോളം രൂപ നിക്ഷേപമുള്ള സംഘത്തിൽ ഇതിലുമധികം രൂപ വായ്‌പകുടിശ്ശികയുണ്ട്. സംഘത്തിന്റെ ആസ്തി, ബാധ്യതാ പരിശോധനയും സഹകരണ വകുപ്പ് നടത്തുന്നുണ്ട്.