ഉണ്ടചോറിലും പിടിച്ചുപറി; പ്രളയ അരിക്ക്‌ 205 കോടി രൂപ ഉടൻവേണമെന്ന്‌ കേന്ദ്രം

Share our post

തിരുവനന്തപുരം : മഹാപ്രളയകാലത്ത്‌ വിതരണം ചെയ്‌ത സൗജന്യ അരിയുടെ വില പിടിച്ചുവാങ്ങി കേന്ദ്രസർക്കാർ. അരിയുടെ വിലയായ 205.81 കോടി രൂപ ഉടൻ അടച്ചില്ലെങ്കിൽ സംസ്ഥാനത്തിനുള്ള ദുരന്ത നിവാരണ ഫണ്ടിൽനിന്നോ, സംസ്ഥാനത്തിനു നൽകേണ്ട ഭക്ഷ്യ സബ്‌സിഡിയിൽനിന്നോ പിടിക്കുമെന്നാണ്‌ ഭീഷണി. 2018ലെ പ്രളയസമയത്ത്‌ റേഷൻകടവഴി വിതരണംചെയ്‌ത 89,540 മെട്രിക് ടൺ അരിയുടെ വിലയാണ്‌ വട്ടിപ്പലിശക്കാരെപ്പോലെ കേന്ദ്രം പിടിച്ചുവാങ്ങുന്നത്‌.

പണം നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവച്ചു. കേന്ദ്രം വായ്പാ വിഹിതം വെട്ടിക്കുറച്ചതിനാൽ സാമ്പത്തിക ഞെരുക്കത്തിൽ ബുദ്ധിമുട്ടുന്ന സംസ്ഥാനത്തെ, കൂടുതൽ ബുദ്ധിമുട്ടിക്കുകയെന്ന സമീപനമാണ്‌ അരിപ്പണം പിടിച്ചുവാങ്ങലിനു പിന്നിൽ.

എഫ്‌.സി.ഐയിൽനിന്നാണ്‌ 2018ൽ കേരളം അരിയെടുത്തത്‌. രണ്ട്‌ പ്രളയം ബാധിച്ച സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ തുക ഈടാക്കുന്നത്‌ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേരളം നൽകിയ കത്ത്‌ കേന്ദ്രം പരിഗണിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽക്കണ്ട്‌ മുഖ്യമന്ത്രി കത്തും നൽകി. പണം അടച്ചില്ലെങ്കിൽ ദുരന്തനിവാരണ ഫണ്ടിൽനിന്നോ ഭക്ഷ്യ സബ്‌സിഡിയിൽനിന്നോ പിടിക്കുമെന്ന ഭീഷണിക്കത്താണ്‌ മറുപടി ലഭിച്ചത്‌.

ഇളവില്ലെന്നും പണം അടച്ചേ മതിയാകൂവെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ്‌ ഗോയലും മുഖ്യമന്ത്രിയെ അറിയിച്ചു. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിന്റെ 75 ശതമാനവും കേന്ദ്രത്തിൽനിന്നാണ്‌. ഭക്ഷ്യസബ്‌സിഡി കിട്ടാതെ വന്നാൽ ഒരുകിലോ അരിക്ക്‌ 25 രൂപ കേരളം നൽകേണ്ടിവരും. വർഷം 7.5 ലക്ഷം മെട്രിക്‌ ടൺ അരിയാണ്‌ റേഷൻ വിതരണത്തിനായി കേന്ദ്രത്തിൽനിന്ന്‌ വാങ്ങുന്നത്‌.

ബി.ജെ.പി ഭരണ സംസ്ഥാനങ്ങൾക്ക്‌ ആവശ്യപ്പെടാതെ തന്നെ വാരിക്കോരി പണം നൽകുന്ന കേന്ദ്രസർക്കാർ പ്രളയകാലത്ത് ബുദ്ധിമുട്ടിലായ കേരളത്തോട് കരുണയില്ലാത്ത സമീപനം മുമ്പും സ്വീകരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഹെലികോപ്റ്ററിന് പണം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം വായ്പ വിഹിതം വെട്ടി കുറച്ചതിനാൽ സാമ്പത്തിക ഞെരുക്കത്തിൽ ബുദ്ധിമുട്ടുന്ന സംസ്ഥാനത്തെ, കൂടൂതൽ പ്രതിസസന്ധിയിലാക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!