തലശ്ശേരിയിലെ ഭൂപ്രകൃതി സംയോജിത കൃഷിക്ക് ഉതകുന്നതെന്ന് പഠനം

തലശ്ശേരി ബ്ലോക്കിലെ ഭൂപ്രകൃതി സംയോജിത കൃഷി സമ്പ്രദായത്തിന് ഉതകുന്നതാണെന്ന് പഠനം. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞർ, കൃഷി വിജ്ഞാൻ കേന്ദ്ര ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി വിവിധ കൃഷിയിടങ്ങൾ പരിശോധിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. മണ്ണ്, കാലാവസ്ഥ, ഭൂപ്രകൃതി ഇവയിൽ കർഷകർ കൂടുതൽ അറിവ് നേടണം.
പരമ്പരാഗത കൃഷി രീതിയിൽ നിന്ന് മാറി മണ്ണിന് ഉതകുന്ന കൃഷികളുമായി കർഷകർ മുന്നോട്ടുവരണം. തലശ്ശേരി ബ്ലോക്കിലെ ഒമ്പത് പഞ്ചായത്തിലെയും കൃഷിയിടങ്ങൾ സംഘം പരിശോധിച്ചു. ഇവിടങ്ങൾ ഇടനാടൻ കുന്നിൻ പ്രദേശവും തീരദേശ പ്രദേശവുമാണ്. ഇടനാടൻ കുന്നിൻ പ്രദേശങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന കാർഷിക വിളകളിൽ രോഗങ്ങൾ വരുന്നതായി കാണുന്നു.
വാഴയിലും പച്ചക്കറികളിലുമാണ് ഇത് കാണുന്നത്. തുടക്കത്തിലെ ചികിത്സ ഉറപ്പാക്കാനായാൽ ഇത് പരിഹരിക്കാനാകും. മണ്ണിന്റെ പോരായ്മ അറിഞ്ഞ് അതാത് പ്രദേശങ്ങളിൽ കൃഷി ചെയ്യാൻ കഴിയണം. ആരേഗ്യമുള്ള മണ്ണിൽ ആദായം വിളയുമെന്നും കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ പ്രൊഫ. പി ജയരാജ്, കാർഷിക സർവകലാശാലയിലെ പ്രൊഫ. ഡോ. ജേക്കബ് ജോൺ എന്നിവർ അറിയിച്ചു.