മതവും ഫുട്‌ബോളും രണ്ടാണ്; സമസ്ത പരിശോധിച്ച് നടപടിയെടുക്കും- മന്ത്രി അബ്ദുറഹ്‌മാന്‍

Share our post

മലപ്പുറം: മതവും ഫുട്‌ബോളും രണ്ടും രണ്ടാണെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍. കായികതാരങ്ങളെ ഇഷ്ടപ്പെടുക എന്നത് ഒരു വികാരത്തിന്റെ ഭാഗമാണ്. അത് മതപരമല്ല. മതവും വിശ്വാസവും വേറെയാണ്, മന്ത്രി മലപ്പുറത്തു പറഞ്ഞു.

ജനങ്ങളുടെ ഫിസിക്കല്‍ ഫിറ്റ്‌നസിനു വേണ്ടിയാണ് ആരോഗ്യപരമായ കാര്യങ്ങള്‍. പന്തുകളി അതിന് ഏറ്റവും യോജിച്ച കാര്യമാണ്. കൂടുതല്‍ ആളുകളെ ഈ മേഖലയിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഞ്ചുലക്ഷം കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നത് അതിന്റെ ഭാഗമായാണെന്നും അബ്ദുറഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

വിഷയത്തെ കുറിച്ച് അറിയുന്ന ആളുകള്‍ അങ്ങനെ സംസാരിക്കില്ല. പ്രത്യേകിച്ച്‌ സമസ്തയൊന്നും അങ്ങനെ സംസാരിക്കാന്‍ ഇടയില്ല. സമസ്തയിലെ എതെങ്കിലും ഭാരവാഹികളാകാം അതു പറഞ്ഞത്. അത് അവര്‍ തിരുത്തുമായിരിക്കാം. സമസ്ത നേതൃത്വമൊന്നും ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാറില്ല. ഇതുവരെ പറഞ്ഞിട്ടുമില്ല. ഇക്കാര്യത്തില്‍ സമസ്തയെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല. അതില്‍ ബന്ധപ്പെട്ട ഭാരവാഹികള്‍ ആരാണോ അത് സമസ്ത തന്നെ പരിശോധിക്കും. അവര്‍ തന്നെ അതില്‍ നടപടിയെടുക്കും. അതില്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ട ആവശ്യമുണ്ടെന്ന് തനിക്കു തോന്നുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ഫുട്‌ബോള്‍ ആവേശം അതിരു വിടുന്നെന്നും താരാരാധന ഇസ്‌ലാമികവിരുദ്ധമാണെന്നും സമസ്ത കഴിഞ്ഞദിവസം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുശേഷമുള്ള പ്രസംഗങ്ങളില്‍ പരാമര്‍ശിക്കാനാണ് സമസ്ത കേരള ജം ഇയ്യത്തുല്‍ ഖുതുബ ഖത്തീബുമാര്‍ക്ക് ജം ഇയ്യത്തുല്‍ ഖുതുബ സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി നിര്‍ദേശം നല്‍കിയത്. ഇത് ചര്‍ച്ചയായിരുന്നു. പിന്നാലെ കൂടുതല്‍ ഇസ്‌ലാം മതനേതാക്കള്‍ ഫുട്‌ബോള്‍ ആവേശത്തിനെതിരേ രംഗത്തെത്തിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!