കണ്ടൽ കാടുകളുടെ നാശമുറപ്പിച്ച് പ്ലാസ്റ്റിക് മാലിന്യം; മത്സ്യ സമ്പത്തിനും ഭീഷണി

Share our post

പഴയങ്ങാടി: മലിനീകരണത്തിനെതിരെ ഒരുഭാഗത്ത് ബോധവൽക്കരണം നടക്കുമ്പോൾ മറുഭാഗത്ത് പ്ലാസ്റ്റിക് മാലിന്യം തളളി കണ്ടൽ കാടുകളെ നശിപ്പിക്കുന്നു. മറ്റെവിടെയുമല്ല ഈ കാഴ്ച. പഴയങ്ങാടി ബസ് സ്റ്റാൻഡിനടുത്ത കണ്ടൽക്കാടുകളുടെ കേന്ദ്രത്തിലാണ്. രാത്രി കാലങ്ങളിലാണ് ഇവിടെ പ്ലാസ്റ്റിക് മാലിന്യം തളളുന്നത്. പലപ്പോഴും ഇതിന് തീയിടുന്നത് വിഷ പുക ഉയരാൻ കാരണമാകുന്നു. അലർജി പോലെയുളള അസുഖമുളളവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് ഇതുണ്ടാക്കുന്നത്.

വിഷ പുക പരന്നത് കണ്ട് ഇവിടെ എത്തിയപ്പോഴാണ് ചാക്ക് കണക്കിന് പ്ലാസ്റ്റിക് മാലിന്യം ഇവിടെ തളളിയത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഇവിടത്തെ ഓവുചാലിലും മാലിന്യം കുമിഞ്ഞ് കൂടിയ നിലയിലാണ്. കണ്ടൽക്കാടിന് പുറമേ ഇവിടത്തെ മത്സ്യ സമ്പത്തിനും പ്ലാസ്റ്റിക് മാലിന്യം ഭീഷണിയാകുന്നുണ്ട്. ഇവിടത്തെ കൈപ്പാടുകളിൽ വേലിയേറ്റ സമയങ്ങളിൽ നിന്ന് പ്ലാസ്റ്റിക് ഒഴുകി പഴയങ്ങാടി പുഴയിലേക്കാണ് എത്തിചേരുന്നത്.

സമീപത്തെ ചെമ്മീൻ കണ്ടികൾക്കും ഇത് ദുരിതം സൃഷ്ടിക്കുന്നുണ്ട്. ഏഴോം പഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവർ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ സ്ഥിതിഗതികൾ പരിതാപകരമാകും. ബസ് സ്റ്റാൻഡിന് സമീപം വാഹന പാർക്കിങ് സൗകര്യം ഉളള സ്ഥലത്തിന് അരികിലാണ് കൂടുതലായി പ്ലാസ്റ്റിക് മാലിന്യം തളളിയിട്ടുളളത്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നുളള പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെ കൂടുതൽ തളളിയിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!