പദ്മരാജന്റെ കൂടെനില്‍ക്കാനാഗ്രഹിച്ചു; പയ്യന്നൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് സതീഷ്ബാബു കൂടുമാറി

Share our post

തിരുവനന്തപുരം: ഞാനൊരു യാത്രപോകുന്നു. നീ വരുന്നോ? സതീഷ് ബാബുവിനോട് പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഈ ചോദ്യം കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതായിരുന്നു. കൈതപ്രത്തിനൊപ്പം ആ യാത്ര അവസാനിച്ചത് മെര്‍ക്കാറയില്‍ ഇന്നലെയുടെ ലൊക്കേഷനില്‍ പദ്മരാജന്റെയടുത്തും. തൊട്ടുമുന്‍പ് സതീഷ് ബാബുവിന്റെ ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ചതിനാല്‍ കൈതപ്രത്തിന് പരിചയപ്പെടുത്തല്‍ എളുപ്പമായി.

പുലര്‍കാലത്തെ കൂടിക്കാഴ്ചയില്‍ സിനിമകളുടെ ഗന്ധര്‍വന്‍ കൂട്ടുകാരനെപ്പോലെയാണ് പെരുമാറിയതെന്നു സതീഷ്ബാബു പിന്നീട് പറഞ്ഞിട്ടുണ്ട്. ശക്തനായ കഥാകൃത്ത് എന്നാണ് അന്ന് പദ്മരാജന്‍ സതീഷ് ബാബുവിനെ വിശേഷിപ്പിച്ചതും.

കൈതപ്രം മടങ്ങിയെങ്കിലും മെര്‍ക്കാറയില്‍ അഞ്ചുദിവസം സതീഷ് താമസിച്ചു. പദ്മരാജന്റെ അസോസിയേറ്റ് ജോഷി മാത്യുവിന്റെ മുറിയില്‍. തിരക്കഥ എഴുതിനോക്കാന്‍ അന്നത്തെ കൂടിക്കാഴ്ചയിലുണ്ടായ ചങ്ങാത്തത്തില്‍ പ്രേരണയായത് പദ്മരാജനാണ്. ‘ആ യാത്ര സതീഷിന്റെ ജീവിതത്തിലെ വലിയൊരു തുടക്കമായിരുന്നു. പിന്നീട് വളര്‍ച്ചയുടെ പടവുകള്‍’-കൈതപ്രം ഓര്‍ക്കുന്നു.

എസ്.ബി.ടി.യുടെ തൃക്കരിപ്പൂര്‍ ശാഖയില്‍നിന്ന് സ്ഥലംമാറ്റം വാങ്ങി തിരുവനന്തപുരത്തുവന്നാല്‍ കൂടെ നിര്‍ത്താമോയെന്ന ചോദ്യത്തിന്, നോക്കാമെന്ന് പദ്മരാജന്റെ മറുപടി. അതായിരുന്നു തിരുവനന്തപുരത്തേക്കുള്ള കൂടുമാറ്റത്തിന് സതീഷ് ബാബുവിന് പ്രചോദനമായതും.

പക്ഷേ, തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് ടിക്കറ്റ് ബുക്കുചെയ്യാന്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ പദ്മരാജന്റെ വിയോഗവാര്‍ത്ത ഞെട്ടലോടെ സതീഷ് കേട്ടു. ഇനിയെന്തിന് യാത്രയെന്ന മനസ്സിന്റെ ചോദ്യത്തെ അടക്കിനിര്‍ത്തി, യാത്ര തുടര്‍ന്നു.

എസ്.ബി.ടി.യുടെ ആസ്ഥാന ഓഫീസിലേക്ക് സ്ഥലംമാറിയെത്തുമ്പോള്‍ പദ്മരാജന്റെ അസോസിയേറ്റ് ജോഷി മാത്യുവായിരുന്നു തിരുവനന്തപുരത്തെ കൂട്ട്. ആ കൂട്ടുചേരലില്‍ പിന്നീട് നക്ഷത്രക്കൂടാരത്തിന് തിരക്കഥ പിറന്നു, ജോഷിയുടെതന്നെ കഥയില്‍. ഓ ഫാബിയിലും സതീഷിന്റെ കൈയൊപ്പുണ്ടായി. നക്ഷത്രക്കൂടാരത്തിന് സംഭാഷണവും എഴുതി.

സിനിമകളുടെയും ടെലിവിഷന്‍ പരിപാടികളുടെയും ഭാഗമായെങ്കിലും സ്വന്തംകഥയില്‍ സിനിമ സംവിധാനംചെയ്യുക എന്നതായിരുന്നു വലിയൊരു മോഹം. സംവിധായകനാകുന്നതിന്റെ തിരക്കിലാണെന്ന് ദിവസങ്ങള്‍ക്കുമുന്‍പാണ് പുസ്തക പ്രസാധകന്‍കൂടിയായ സുഹൃത്ത് അജിത് സൈന്ധവയോട് സതീഷ് ബാബു പറഞ്ഞത്.

മലയാളത്തില്‍ ടെലിവിഷന്‍ ചാനലുകളുടെ തുടക്കത്തില്‍ പനോരമ തയ്യാറാക്കിയ പ്രഭാതപരിപാടികള്‍ ശ്രദ്ധിക്കപ്പെട്ടതോടെ എഴുത്തിന് പുറത്തേക്കും സതീഷ് വളര്‍ന്നു. ചെറുപ്പംതൊട്ടേ കഥകളുടെ ലോകത്തായ സതീഷ് ബാബുവിനെ പ്രമുഖ എഴുത്തുകാരുടെ പട്ടികയിലേക്ക് ഉയര്‍ത്തിക്കാട്ടിയത് ‘മഞ്ഞസൂര്യന്റെ നാളുകളില്‍’ എന്ന നോവലാണ്.

ബാങ്കില്‍ ജോലികിട്ടിയെങ്കിലും അക്കങ്ങള്‍ നല്‍കുന്ന സമ്മര്‍ദത്തില്‍നിന്നു പുറത്തുചാടണമെന്ന ആഗ്രഹമാണ് ബാങ്കിന്റെതന്നെ പബ്ലിക് റിലേഷന്‍സ് വകുപ്പിലേക്ക് ഇരിപ്പിടവും ജോലിയും മാറ്റിവാങ്ങിയത്. കഥാസമാഹാരങ്ങളും നോവലും നോവലൈറ്റുകളുമൊക്കെ അങ്ങനെ സതീഷ് ബാബു പയ്യന്നൂരിന്റേതായി പിറന്നുകൊണ്ടിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!