ജിഷ കൊലക്കേസ്; പ്രതി അമീറുൾ ഇസ്ലാമിനെ ആസാമിലേയ്ക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി

Share our post

ന്യൂഡൽഹി: പെരുമ്പാവൂർ ജിഷാ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിനെ നിലവിലെ ജയിൽചട്ട പ്രകാരം ആസാമിലേയ്ക്ക് മാറ്റാനാകില്ലെന്ന് സുപ്രീം കോടതി. ജയിൽ മാറ്റം ആവശ്യമാണെങ്കിൽ കേരള സർക്കാർ പുറത്തിറക്കിയ 2014ലെ ചട്ടങ്ങൾ കൂടി ഹർജിയിൽ ചോദ്യം ചെയ്യാൻ സുപ്രീം കോടതി നിർദേശിച്ചു.

അമീറുളിന്റെ ഹർജി ഡിസംബർ അഞ്ചിന് പരിഗണിക്കാൻ സുപ്രീം കോടതി മാറ്റി.വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് ആസാമിലെ ജയിലിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് അമീറുൾ ഹർജി നൽകിയത്.

ആസാമിലുള്ള ഭാര്യയും മാതാപിതാക്കളും അതീവ ദാരിദ്ര്യത്തിലായതിനാൽ വിയ്യൂരിൽ എത്തി തന്നെ സന്ദർശിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.നിയമ വിദ്യാർത്ഥിനിയായ ജിഷയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെയാണ് അമീറുൾ ഇസ്ലാമിനെ വിയ്യൂർ ജയിലിലേയ്ക്ക് മാറ്റിയത്.

വധശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. അടിസ്ഥാന മനുഷ്യാവകാശ പ്രശ്നമാണിതെന്ന് അമീറുളിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.എന്നാൽ 2014ലെ ജയിൽ ചട്ടത്തിലെ 587ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് ജയിൽമാറ്റം അനുവദിക്കാനാകില്ലെന്നാണ് വ്യവസ്ഥ.

വധശിക്ഷയ്ക്കെതിരെയുള്ള അപ്പീൽ കോടതിയുടെ പരിഗണനയിൽ ആണെങ്കിലും അവരെ മറ്റൊരു ജയിലിലേയ്ക്ക് മാറ്റാൻ പാടില്ല. ഈ വ്യവസ്ഥകൾ നിലനിൽക്കെ ആസാമിലേയ്ക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!