ഫാന്‍സിനമ്പര്‍ ലേലംവരെ കാത്തിരിക്കേണ്ട, താത്കാലിക നമ്പറില്‍ ഓടിക്കാം; പ്രൈസിക്ക് കോടതിയുടെ അഭിനന്ദനം

പുതിയ കാറിന് 5252 എന്ന നമ്പര്‍ വേണമെന്നാണ് പ്രൈസി ജോസഫിന്റെ ആഗ്രഹം. ഇവരുടെ പഴയ കാറിന്റെയും ഭര്‍ത്താവും മകളും ഉപയോഗിക്കുന്ന വാഹനത്തിന്റെയും നമ്പര്‍ ഇതാണ്. പുതിയ വാഹനം വാങ്ങുകയും നികുതിയും ഇന്‍ഷുറന്‍സും അടയ്ക്കുകയും ചെയ്തു. എന്നാല്‍, താത്കാലിക രജിസ്ട്രേഷനില്‍ നിരത്തിലിറക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി വാഹനം ഹര്‍ജിക്കാരിക്ക് കൈമാറിയില്ല. വാഹനത്തിന്റെ ലേലം മൂന്നുമാസത്തിനുശേഷമേ നടക്കൂ. അതുവരെ താത്കാലിക രജിസ്‌ട്രേഷനില്‍ വാഹനം ഓടിക്കാന്‍ അനുവദിക്കണം എന്നായിരുന്നു പ്രൈസിയുടെ ആവശ്യം.
‘ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരുടേയും വാഹനങ്ങളുടെ നമ്പര്‍ 5252 ആണ്. ഭര്‍ത്താവിന്റേയും എന്റേയും മകളുടേയും കാറിന്റെ നമ്പര്‍ 5252 ആണ്. ഭര്‍ത്താവ് ജോയിയുടെ ജന്മദിനം മെയ് രണ്ടിനാണ്. അതാണ് പിന്നീട് വാഹനങ്ങളുടെ നമ്പരായി മാറിയത്. ഞങ്ങളുടെ വിവാഹ ശേഷം സ്‌കൂട്ടര്‍ ഉള്‍പ്പെടെയുള്ള എല്ലാ വണ്ടികള്‍ക്കും 5252 എന്നാണ് നമ്പര്‍. പക്ഷേ ടാക്‌സും ഇന്‍ഷുറന്‍സും വാറണ്ടിയും എല്ലാമായി വലിയൊരു തുക അടച്ചിട്ടും ഇഷ്ടപ്പെട്ട ഫാന്‍സി നമ്പറിന്റെ ലേലം നടക്കുന്നതുവരെ പുതിയ വാഹനം താത്കാലിക രജിസ്ട്രേഷന്‍ നമ്പറില്‍ ഓടിക്കാന്‍ അനുവാദമില്ല. ഇത് വലിയ അനീതിയാണ്.’ പ്രൈസി ജോസഫ് പറയുന്നു.
തമിഴ്‌നാട്ടില്‍ പോയി വാഹനമെടുത്താല്‍ താത്കാലിക പെര്‍മിറ്റ് ലഭിക്കുകയും വാഹനം നിരത്തിലിറക്കുന്നതിനും സാധിക്കും. എന്നാല്‍ നമ്മുടെ സംസ്ഥാനത്ത് അതിന് സാധിക്കില്ല. ഇനി ഇഷ്ട നമ്പറിന് വേണ്ടി രണ്ടോ മൂന്നോ മാസം കാത്തിരുന്നതിന് ശേഷം ലേലം ചെയ്യുമ്പോള്‍ രണ്ടോ മൂന്നോ ലക്ഷം രൂപയൊക്കെ വരുകയാണെങ്കില്‍ അത് അവസാനം വേണ്ടായെന്ന് വെക്കുകയും ചെയ്യേണ്ടി വരും.
കിട്ടുമെന്ന് ഉറപ്പില്ലാത്തതിന് വേണ്ടി അപ്പോള്‍ നമ്മള്‍ പണം കൊടുത്തതിന് ശേഷം കാത്തിരിക്കേണ്ടി വരുന്നു എന്നതാണ്. വാഹന ഡിസ്ട്രിബ്യൂട്ടേഴ്‌സായിരുന്നു കോടതിയെ സമീപിക്കേണ്ടിയിരുന്നത്. എന്റെ കൂട്ടുകാര്‍ തന്നെ ഒരുപാട് പേരെ വാഹനങ്ങള്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നതായി അറിയാം. റോഡ് ടാക്‌സും ഇന്‍ഷുറന്‍സുമെല്ലാം അടച്ചതിന് ശേഷം മാസങ്ങളോളം ഇത്തരത്തില്‍ നമ്പറിന് വേണ്ടി ബുക്ക് ചെയ്തിരിക്കുകയാണ്. വണ്ടി റോഡില്‍ ഇറക്കാന്‍ കഴിയാതെയിരിക്കുകയാണ്. ആരും ഇതുവരേയും കോടതിയിലേക്ക് പോയിട്ടില്ലെന്ന് മാത്രം.- പ്രൈസി ജോസഫ് പറഞ്ഞു.
അതേസമയം മോട്ടോര്‍വാഹന നിയമത്തില്‍ താത്കാലിക രജിസ്ട്രേഷന് അനുമതിയുള്ളപ്പോള്‍ വാഹനം നിരത്തിലിറക്കാനാകില്ലെന്ന നിലപാട് അനീതിയാണെന്നും അനിശ്ചിതമായി കാത്തിരിക്കണമെന്നത് വിവേചനമാണെന്നും കോടതി വിലയിരുത്തി. അതേസമയം പ്രൈസിക്ക് കുടംബവുമായി ഉള്ള ബന്ധത്തെ കോടതി അഭിനന്ദിക്കുകയും ചെയ്തു.