പീഡനക്കേസില്‍ സസ്‌പെന്‍ഷന്‍; പെരുമ്പാവൂരിലെ കോണ്‍ഗ്രസ് ജാഥയില്‍ മുഖ്യപ്രഭാഷണം നടത്തുന്നത് എല്‍ദോസ്

Share our post

കൊച്ചി: പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയെ മുഖ്യപ്രഭാഷണത്തിന് ക്ഷണിച്ച് പെരുമ്പാവൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍. പെരുമ്പാവൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഷാജി സലിം നയിക്കുന്ന വാഹന പ്രചരണ ജാഥയുടെ പോസ്റ്ററില്‍ എല്‍ദോസിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാത്രമല്ല, കുറുപ്പംപടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിലും എല്‍ദോസിന്റെ ചിത്രമുള്ള പോസ്റ്റര്‍ പുറത്തെത്തിയിട്ടുണ്ട്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. വര്‍ഗീസ് നയിക്കുന്ന തെരുവ് വിചാരണ യാത്രയുടെ പോസ്റ്ററിലാണ് എല്‍ദോസിന്റെ ചിത്രമുള്ളത്.പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍ എല്‍ദോസിനെ കോണ്‍ഗ്രസില്‍നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഡി.സി.സിയുടെയും കെ.പി.സി.സിയുടെയും ഭാരവാഹിത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നു എന്നറിയിച്ചത് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനായിരുന്നു. എന്നാല്‍ മണ്ഡലത്തിലെ പരിപാടികള്‍ക്ക് സസ്‌പെന്‍ഷന്‍ ബാധകമല്ലെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ന്യായീകരണം.സംസ്ഥാന നേതൃത്വത്തിന്റെയും ഡി.സി.സിയുടെയും പരിപാടികളില്‍ പങ്കെടുക്കുന്നതിന് മാത്രമാണ് എല്‍ദോസിന് തടസ്സമുള്ളതെന്നും മണ്ഡലത്തിലെ പരിപാടികളില്‍ പങ്കെടുക്കാനാകും എന്ന ന്യായമാണ് പ്രാദേശിക നേതൃത്വം പറയുന്നത്.

അതേസമയം, എല്‍ദോസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനോട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ട്. എന്നാല്‍ ഐ ഗ്രൂപ്പിലെ ഒരു വിഭാഗം അദ്ദേഹത്തെ പങ്കെടുപ്പിക്കണം എന്ന ആവശ്യം ശക്തമായി ഉയര്‍ത്തി. ഇതിന്റെ ഭാഗമായാണ് പോസ്റ്റര്‍ പുറത്തെത്തിയതെന്നാണ് വിവരം.

മുഖ്യപ്രഭാഷണം നടത്താന്‍ എല്‍ദോസ് എത്തുമോ എന്നുള്ളതാണ് അറിയാനുള്ളത്. മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ചപ്പോള്‍ എല്‍ദോസിനെ പങ്കെടുപ്പിക്കുന്നതില്‍ തടസ്സമില്ലെന്ന് അറിയിപ്പ് ലഭിച്ചതായും പ്രാദേശിക നേതൃത്വം അറിയിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!