എള്ളരിഞ്ഞിയിൽ തണ്ണീർത്തടം മണ്ണിട്ടുനികത്തുന്നു

ശ്രീകണ്ഠപുരം: പയ്യാവൂർ റോഡരികിൽ എള്ളരിഞ്ഞി പൂവത്ത് വ്യാപകമായി കുന്നിടിച്ച് വയലും തണ്ണീർത്തടവും മണ്ണിട്ട് നികത്തുന്നു. കഴിഞ്ഞ ഒരാഴ്ചയോളമായി ഇവിടെ മണ്ണിടൽ തുടരുകയാണ്. നേരത്തെ സ്വകാര്യ വ്യക്തി വയൽനികത്തി കവുങ്ങ് വെച്ചിരുന്നു.
അവശേഷിക്കുന്ന ഭാഗവും ഇപ്പോൾ നികത്തുന്നുണ്ട്. വർഷങ്ങൾ പഴക്കമുള്ള കുളവും മണ്ണിട്ടു മൂടുന്ന സ്ഥിതിയാണ്. ഇത് സമീപത്തെ വയലുകളിൽ നീരൊഴുക്ക് തടസ്സപ്പെടുന്നതിനടക്കം കാരണമാവും. കൃഷി നടത്താനും സാധിക്കില്ല. ഇതിനെതിരെ പ്രദേശവാസികൾ പരാതി നൽകിയിട്ടും വില്ലേജ് അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സംസ്ഥാന പാതയിൽ വളക്കൈ നിടുമുണ്ട വളവിലും വൻതോതിൽ കുന്നിടിച്ച് മണ്ണ് കടത്തുന്നുണ്ട്. വില്ലേജ് അധികൃതരുടെ ഒത്താശയിൽ ഞായറാഴ്ചയും മറ്റ് അവധി ദിവസങ്ങളിലുമാണ് ഇവിടെ കുന്നിടിച്ച് മണ്ണ് കടത്തുന്നത്. ഇതിനെതിരെയും പരാതി ഉയർന്നിരുന്നു.