ഫ്രീറ്റ്‌സ് ഗുഗർ ഇല്ലിക്കുന്നിലെത്തി

തലശേരി: പഴയ ഓർമകൾ തേടി അമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്വിറ്റ്സർലൻഡിൽനിന്ന് ഫ്രീറ്റ്സ് ഗുഗറും ഭാര്യ എലിസബത്ത് ഗുഗറും തലശേരി ഇല്ലിക്കുന്നിലെത്തി. 1970–- -73 കാലത്ത് എൻ.ടി.ടി.എഫ് തലശേരി കേന്ദ്രത്തിൽ സാങ്കേതിക വിദഗ്‌ധനായിരുന്നു ഗുഗർ. എൻ.ടി.ടി.എഫിലെ പഴയ ശിഷ്യരെയും സഹപ്രവർത്തകരെയും നേരിൽക്കണ്ട് സൗഹൃദം പുതുക്കി.
തലശേരി കേന്ദ്രം പ്രിൻസിപ്പൽ ആർ അയ്യപ്പന്റെ നേതൃത്വത്തിൽ സ്വീകരണവുമൊരുക്കി.നൂതന സാങ്കേതികവിദ്യ കുട്ടികളെ അഭ്യസിപ്പിക്കാനും നിരവധി പേർക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി നൽകാനും എൻ.ടി.ടി.എഫിന് സാധിക്കുന്നതായി ഗുഗർ പറഞ്ഞു.ചരിത്രത്തിൽ ഇടംനേടിയ ഹെർമൻ ഗുണ്ടർട്ട് ബംഗ്ലാവിലെ മ്യൂസിയം, പാലയാട് പുതുതായി ആരംഭിച്ച എൻ.ടി.ടി.എഫ് അസാപ് കമ്യൂണിറ്റി സ്കിൽ പാർക്ക് എന്നിവ അദ്ദേഹം സന്ദർശിച്ചു.
ഗുണ്ടർട്ട് ബംഗ്ലാവ് ഉൾപ്പെടെ അക്കാലത്ത് എൻ.ടി.ടി.എഫിന്റെ ഭാഗമായിരുന്നു. സാങ്കേതിക വിദ്യാഭ്യാസരംഗത്തെ അനന്ത സാധ്യതകളെ കുറിച്ച് കുട്ടികളുമായി സംവദിച്ച ഗുഗർ അമ്പത് വർഷത്തിനിടെ തലശേരിയിലുണ്ടായ മാറ്റം കണ്ടറിഞ്ഞാണ് മടങ്ങിയത്.