കതിരൂര്‍ മനോജ് വധം: വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സി.ബി.ഐയുടെ ആവശ്യം തള്ളി
ന്യൂഡല്‍ഹി: കണ്ണൂരില്‍ ആര്‍.എസ്.എസ്. നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സി.ബി.ഐ.യുടെ ആവശ്യം സുപ്രീംകോടതി തള്ളി. സി.ബി.ഐ.യുടെ ആവശ്യത്തിനുപിന്നില്‍ രാഷ്ട്രീയമാണെന്ന് സംശയിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേസില്‍ പ്രതികള്‍ക്കുമേല്‍ കുറ്റം ചുമത്തുന്ന നടപടി നാലുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ. കോടതിയോട് നിര്‍ദേശിച്ചു.
2018-ല്‍ നല്‍കിയ ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ കേസിലെ മുഖ്യ പ്രതിയായ പ്രകാശനെ മാത്രമായിരുന്നു സി.ബി.ഐ. എതിര്‍ കക്ഷിയാക്കിയിരുന്നത്. കേസിലെ പ്രതികളായ സി.പി.എം. നേതാക്കളായ പി. ജയരാജന്‍, ടി.ഐ. മധുസുധന്‍ ഉള്‍പ്പെടെ 23 പേരെക്കൂടി ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യമാണ് സി.ബി.ഐ. ഇന്ന് സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. പ്രതികള്‍ക്കുവേണ്ടി അഭിഭാഷാകന്‍ ജിഷ്ണു എം.എല്‍. ഹാജരായി.
