യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ ആർദ്രം പദ്ധതി വിശദീകരണവും സംശയ നിവാരണവും

പേരാവൂർ : യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ ആർദ്രം പദ്ധതി വിശദീകരണവും സംശയ നിവാരണവും പേരാവൂർ റോബിൻസ് ഹാളിൽ നടന്നു.വ്യാപാരികൾക്കും ചെറുകിട ഇടത്തരം സംരംഭകർക്കും ആശ്വാസമായി നടപ്പിലാക്കുന്ന ആർദ്രം പദ്ധതിയുടെ വിശദീകരണം ജില്ലാ പ്രസിഡൻറ് ടി.എഫ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
വ്യാപാരം തൊഴിലായി സ്വീകരിച്ചവർ മരിക്കുമ്പോൾ നിരാലംബരാകുന്ന അവരുടെ കുടുംബത്തെ സഹായിക്കാനാണ് യു.എം.സി. സംസ്ഥാന കമ്മിറ്റി പദ്ധതിക്ക് രൂപം നല്ലിയതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യൻ പദ്ധതി ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
പദ്ധതി പ്രകാരം ഒരു വ്യാപാരി മരിച്ചാൽ മരണാനന്തര സഹായം എന്ന നിലയിൽ നോമിനിക്ക് 10 ലക്ഷം രൂപ ലഭിക്കും. 18 മുതൽ 60 വയസ്സുവരെയുള്ള വ്യാപാരികൾ, ചെറുകിട വ്യവസായികൾ, സേവനദാതാക്കൾ, കുടുംബാംഗങ്ങളുൾപ്പെടെ അവരെ ആശ്രയിച്ചുകഴിയുന്നവർക്ക് പദ്ധതിയിൽ ചേരാം.
കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് നാലുലക്ഷം, വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് രണ്ടരലക്ഷം, ഹൃദയ ശസ്ത്രക്രിയ (ബൈപാസ് സർജറി) ഒരുലക്ഷം, ആൻജിയോപ്ലാസ്റ്റി സർജറി അരലക്ഷം, അംഗഭംഗം സംഭവിച്ചാൽ രണ്ട് ലക്ഷം, ശരീരം പൂർണമായി തളർന്നുപോയാൽ രണ്ടുലക്ഷം വരെ, വലിയ ശസ്ത്രക്രിയകൾ ഒരുലക്ഷം വരെ അർബുദം ഉൾപ്പടെയുള്ള ഗുരുതര രോഗങ്ങൾക്ക് ഒരുലക്ഷം വരെയും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ യുണൈറ്റഡ് മർച്ചൻ്റ്സ് പേരാവൂർ യൂണിറ്റ് പ്രസിഡൻറ് കെ.എം.ബഷീർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നല്കി.യു.എം.സി.മണത്തണ യൂണിറ്റ് പ്രസിഡൻറ് എം.ജി.മന്മഥൻ, ഭാരവാഹികളായ മധു നന്ത്യത്ത്,സൈമൺ മേച്ചേരി, രാജേഷ് ആർ ടെക്, സനിൽ കാനത്തായി, വിനോദ് റോണക്സ് തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ബേബി പാറക്കൽ സ്വാഗതവും ട്രഷറർ വി.കെ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.