മംഗളൂരു സ്‌ഫോടനം: ഷാരിഖ് ആലുവയിലെത്തി, ഓൺലൈനിൽ വന്ന വസ്തുക്കൾ കൈപ്പറ്റി

Share our post

കൊച്ചി: മംഗളൂരുവിൽ വൻബോംബ് സ്‌ഫോടനത്തിന് ആസൂത്രണം ചെയ്‌ത യുവാവിന് തമിഴ്നാടിന് പുറമെ കേരളത്തിലും ബന്ധങ്ങൾ. സ്‌ഫോടനത്തിന് ആഴ്ചകൾക്കുമുമ്പ് എച്ച്. മുഹമ്മദ് ഷാരിഖ് (24) ആലുവയ്‌ക്ക് സമീപം രഹസ്യമായി താമസിക്കുകയും ഓൺലൈൻ വഴി ചില വസ്തുക്കൾ കൈപ്പറ്റുകയും ചെയ്തു. ഇയാൾ ഒളിവിൽക്കഴിഞ്ഞ സ്ഥലം, ബന്ധപ്പെട്ട വ്യക്തികൾ എന്നിവയെക്കുറിച്ച് കേന്ദ്ര- സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങി.

കഴിഞ്ഞ ശനിയാഴ്ച കർണാടകത്തിലെ മംഗളൂരു കങ്കനാടിയിൽ ഓട്ടോറിക്ഷയിൽ സൂക്ഷിച്ച പ്രഷർകുക്കർ ബോംബാണ് പൊട്ടിത്തെറിച്ചത്. ബോംബുമായി പോയ ശിവമോഗ സ്വദേശി എച്ച്. മുഹമ്മദ് ഷാരിഖിനും ഡ്രൈവർക്കും സാരമായി പരിക്കേറ്റിരുന്നു. തീവ്രവാദസംഘടനയായ ഐസിസ് അനുഭാവിയായ മുഹമ്മദ് വൻനാശനഷ്‌ടമുണ്ടാക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ബോംബാണ് പൊട്ടിയതെന്ന് കർണാടക പൊലീസ് കണ്ടെത്തിയിരുന്നു.ഇക്കഴിഞ്ഞ സെപ്തംബർ രണ്ടാംവാരത്തിലാണ് മുഹമ്മദ് ഷാരിഖ് ആലുവയിലെത്തിയത്.

മലയാളിയായ ഒരാൾക്കൊപ്പമായിരുന്നു താമസം. ആമസോൺ വഴി ഓൺലൈനിൽ ബുക്ക് ചെയ്ത പാക്കറ്റ് ഇയാൾ കൈപ്പറ്റിയെന്ന് പൊലീസ് കണ്ടെത്തി. തീവ്രവാദബന്ധമുള്ളവർക്ക് മുമ്പും ഒളിത്താവളമായ ആലുവ ഉൾപ്പെടെ മൂന്നു പ്രദേശങ്ങളിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും സംസ്ഥാന തീവ്രവാദവിരുദ്ധ സ്‌ക്വാഡും അന്വേഷണം തുടങ്ങി. പെരുമ്പാവൂർ, കളമശേരി എന്നിവിടങ്ങളാണ് മറ്റു പ്രദേശങ്ങൾ എന്നാണ് സൂചന. ഇയാൾ നേരത്തെയും കേരളത്തിൽ എത്തിയിട്ടുണ്ടോ, മുൻപോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പങ്കുണ്ടോ, മറ്റു സഹായികൾ ആരൊക്കെ എന്നിവയും അന്വേഷിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!