ഒരേ വീട്ടിൽ നിറങ്ങളായി ബ്രസീലും അർജന്റീനയും; ഫുട്ബോൾ ആവേശം നാടെങ്ങും കൊടികുത്തി വാഴുന്നു

പരിയാരം : ഫുട്ബോൾ ആവേശം നാടെങ്ങും കൊടികുത്തി വാഴുകയാണ്. കാൽപന്തിന്റെ ദൈവങ്ങൾ കട്ടൗട്ടുകളായി കവലകൾ കയ്യടക്കിക്കഴിഞ്ഞു. എല്ലാ ലോകകപ്പ് കാലത്തും കട്ടൗട്ടുകളും കൊടിതോരണങ്ങളുമായി ഫുട്ബോൾ ആവേശം പ്രകടിപ്പിക്കുന്ന ചെറുപ്പക്കാർ ഒട്ടേറെയുണ്ട് മാതമംഗലം തൗവ്വറയിൽ.
ഇത്തവണ അവർ അൽപം വ്യത്യസ്തമായി ചിന്തിച്ചു. സ്പോർട്സ്മാൻ സ്പിരിറ്റ് നിലനിർത്തിക്കൊണ്ടുതന്നെ ഒരു പെയ്ന്റ് ആർട്ട് പ്രകടനമായിരുന്നു ലക്ഷ്യം.ഇതിനായി കെട്ടിടം അന്വേഷിച്ച് അവർ ചെന്നെത്തിയത് തൗവ്വറ ഭണ്ഡാരം സ്റ്റോപ്പിലെ ജയരാജ് ഷീബ ദമ്പതിമാരുടെ ഉടമസ്ഥതയിലുള്ള പഴയ വീടിനു മുന്നിലാണ്.
ബ്രസീൽ, അർജന്റീന ആരാധകർ സംയുക്തമായി ആവശ്യവുമായി എത്തിയപ്പോൾ ഇവർ വേണ്ടെന്നു പറഞ്ഞില്ല. ഫലമോ, മണിക്കൂറുകൾക്കകം ആരാധകർ വീടിനെ ഇരു രാജ്യങ്ങളുടെയും നിറച്ചാർത്തണിയിച്ചു. ബ്രസീലും അർജന്റീനയും അണിനിരന്ന ഫുട്ബോൾ കോർട്ട് പോലെ തോന്നിപ്പിക്കുന്ന വീട് നാട്ടുകാരുടെ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ കൂടി പ്രതിഫലനമായാണ് ഫുട്ബോൾ പ്രേമികൾ കാണുന്നത്.