കണ്ണൂർ ജയിലിലെ സി.പി.എമ്മുകാരായ തടവുകാർക്ക് ആയുർവേദ സുഖചികിത്സ

Share our post

കണ്ണൂർ : സെൻട്രൽ ജയിലിലെ സി.പി.എമ്മുകാരായ പ്രതികൾക്കു ‘റൊട്ടേഷൻ’ വ്യവസ്ഥയിൽ ജില്ലാ ആയുർവേദ ആസ്പത്രിയിൽ സുഖചികിത്സ. ഏറ്റവുമൊടുവിൽ സുഖചികിത്സാ പട്ടികയിൽ ഉളളതു പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളാണ്. ഇവരിൽ കെ.അനിൽകുമാർ അടക്കം 2 പേർ ഇതിനകം ചികിത്സ പൂർത്തിയാക്കി. പീതാംബരന്റെ ചികിത്സ 30 ദിവസം പിന്നിട്ടു. കതിരൂർ മനോജ്, ടി.പി.ചന്ദ്രശേഖരൻ വധക്കേസുകളിൽപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതികളെല്ലാം ജില്ലാ ആയുർവേദ ആസ്പത്രിയിൽ സുഖചികിത്സ ലഭിച്ചവരാണ്.

ഇതിൽ, വിചാരണ പൂർത്തിയാകാത്ത റിമാൻഡ് പ്രതികൾ അടക്കമുണ്ട്. ഒരു കേസിലെ പ്രതികളെല്ലാം സുഖചികിത്സ പൂർത്തിയാക്കിയ ശേഷം അടുത്ത കേസിലെ പ്രതികളെ ചികിത്സയ്ക്ക് അയക്കുന്ന ‘റൊട്ടേഷൻ’ സമ്പ്രദായമാണു നിലവിലുള്ളത്. ഒരു കേസിലെ ഒരു പ്രതിക്കാണ് ഒരു സമയത്തു ‘സുഖചികിത്സ’.

അതേസമയം, സുഖചികിത്സ അല്ലെന്നും നട്ടെല്ലിന് അസുഖം ബാധിച്ചതിനാൽ ജയിലിലെ ഡോക്ടറുടെ നിർദേശപ്രകാരം ജില്ലാ ആയുർവേദ മെഡിക്കൽ ബോർഡിന്റെ അനുമതിയോടെ ചികിത്സ നൽകുന്നുവെന്നുമാണ് ജയിൽ അധികൃതരുടെ വിശദീകരണം.

ജയിലിലെ പ്രതികൾക്ക് ആയുർവേദ ചികിത്സ നൽകുന്നതു നിയമപരമായി തെറ്റ് അല്ലെങ്കിലും ഇതിന്റെ പേരിൽ സിപിഎമ്മുകാർക്കു ലഭിക്കുന്നതു സുഖചികിത്സ ആണെന്നാണ് ആരോപണം. വിവാദ കേസുകളിലെ സിപിഎമ്മുകാരായ പ്രതികൾക്കു സുഖചികിത്സ നൽകുന്നതു നേരത്തെയും വിവാദം ഉയർത്തിയിരുന്നു. സുഖചികിത്സയുടെ സമയത്ത് പല സിപിഎം നേതാക്കളും പ്രതികളെ ആസ്പത്രിയിൽ രഹസ്യമായി സന്ദർശിക്കാറുണ്ട്. കാവലിന് ഉള്ള ജയിൽ ഉദ്യോഗസ്ഥർ ഇതു കണ്ണടയ്ക്കാറാണു പതിവ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!