ഡിംപിളിനു വേണ്ടി കോടതിയിൽ ‘അടികൂടി’ ആളൂരും അഫ്‌സലും, ചന്തയല്ലെന്ന് മജിസ്ട്രേറ്റ്: നാടകീയ രംഗങ്ങൾ

കൊച്ചി: മോഡലായ 19കാരിയ പെൺകുട്ടിയെ കൊച്ചിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ കോടതിയിൽ നാടകീയ രംഗങ്ങൾ. പ്രതികളിലൊരാളായ ഡിംപിൾ ലാമ്പ(ഡോളി)ക്ക് വേണ്ടി കോടതിയിൽ രണ്ട് അഭിഭാഷകർ ഹാജരായത് നാടകീയ സംഭവങ്ങൾക്ക് വഴിവെച്ചു. പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ ആളൂരും അഡ്വ അഫ്സലുമാണ് കോടതിയിൽ ഡിംപളിന് വേണ്ടി ഹാജരായത്.കോടതിയിൽ നിന്ന് ഇറങ്ങിപ്പോകാൻ അഡ്വ അഫ്സലിനോട് അഡ്വ ആളൂർ ആവശ്യപ്പെട്ടു.
ബഹളം വെക്കാൻ ഇത് ചന്തയല്ലെന്ന് കേസ് പരിഗണിച്ച കോടതി ഓർമ്മിപ്പിച്ചു. അതിനിടെ താൻ കേസ് ഏൽപ്പിച്ചത് അഡ്വ അഫ്സലിനെയാണെന്ന് പ്രതിയായ ഡിംപൾ വ്യക്തമാക്കി. ഇതോടെയാണ് അഭിഭാഷകർ തമ്മിലെ വാക്കേറ്റം അവസാനിച്ചത്.അതേസമയം, മോഡലിന് നേരെ നടന്നത് ക്രൂരമായ കൂട്ട ബലാത്സംഗമാണെന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആരോപിക്കുന്നു. വാഹനത്തിൽ ഹോട്ടലിന് പുറത്ത് പാർക്കിംഗ് ഏരിയയിലും പൊതുനിരത്തിലും യുവതി പീഡിപ്പിക്കപ്പെട്ടു. എല്ലാത്തിനും പ്രതി ഡിംപളാണ് ഒത്താശ ചെയ്‌തതെന്നും പൊലീസ് പറയുന്നു.
പ്രതികളുടേത് ആസൂത്രിതവും മൃഗീയവുമായ പ്രവൃത്തിയാണെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. കേസിൽ ഒന്നുമുതൽ മൂന്നുവരെയുള്ള പ്രതികളുടെ മൊബൈൽഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ പാസ് വേർഡ് ലോക്കുള്ളതിനാൽ ഇത് പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല. നാലാംപ്രതി ഡിംപിളിന്റെ ഫോണും കണ്ടെടുക്കാനുണ്ട്. മറ്റൊരു സംസ്ഥാനത്തുനിന്നെത്തി ഇവിടെ ഒറ്റയ്ക്ക് താമസിച്ചുവരുന്ന ഡിംപിളിനെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
തുടർന്ന് 26ാം തീയതി വരെ നാലുപ്രതികളെയും കസ്റ്റഡിയിൽ വിട്ട് ഉത്തരവായി.കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് സുധാകരൻ, നിധിൻ മേഘനാഥൻ, സുദീപ്, ഡിംപിൾ ലാമ്പ എന്നിവരെയാണ് എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്.