കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടി: മന്ത്രി വി അബ്ദുറഹിമാൻ

മയ്യിൽ: കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന കേരള ജനതയുടെ വർഷങ്ങളായുള്ള ആവശ്യം ഉടൻ യാഥാർഥ്യമാകുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. അടുത്ത അധ്യയന വർഷം മുതൽ പ്രീ പ്രൈമറി മുതൽ കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം കായികതാരങ്ങളുടെ ക്ഷേമത്തിനും സർക്കാർ പ്രാമുഖ്യം നൽകുന്നുണ്ട്. കായിക മേഖലയെ പരിപോഷിപ്പിക്കാൻ ആരംഭിച്ച പഞ്ചായത്ത് തല സ്പോർട്സ് കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് ഉടൻ രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു.
മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കളിക്കളം നവീകരണ പ്രവൃത്തി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം .വി .ഗോവിന്ദൻ എം.എൽ.എ അധ്യക്ഷനായി. കായികമേഖലയ്‌ക്ക് പ്രാമുഖ്യം നൽകുമ്പോൾ സർക്കാർ ലക്ഷ്യമിടുന്നത് ആരോഗ്യമുള്ള സമൂഹത്തെയാണെന്ന് എം.വി .ഗോവിന്ദൻ പറഞ്ഞു. റീജണൽ സ്പോർട്സ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ടി .ആർ. ജയചന്ദ്രൻ റിപ്പോർട്ട് അവതരപ്പിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ, ഒ. കെ. വിനീഷ്, കെ .കെ പവിത്രൻ, അഡ്വ. റോബർട്ട് ജോർജ്, എൻ .വി. ശ്രീജിനി, എൻ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ .ടി. ചന്ദ്രൻ സ്വാഗതവും പ്രിൻസിപ്പൽ എം.കെ .അനൂപ്കുമാർ നന്ദിയും പറഞ്ഞു.
ലോക പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട വെള്ളി മെഡൽ നേടിയ കെ .പി .പ്രിയയെ മന്ത്രി അനുമോദിച്ചു.
സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച നാലുകോടി രൂപ ഉപയോഗിച്ചാണ് മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് നവീകരിക്കുന്നത്. ഇൻഡോർ ബാസ്‌കറ്റ് ബോൾ കോർട്ട്, മഡ് ഫുട്ബോൾ കോർട്ട്, ഡ്രൈനേജ് സംവിധാനം, കോർട്ടിനും ബിൽഡിങ്ങിനും ചുറ്റും ഇന്റർലോക്ക്, ടോയ്‌ലറ്റ് ബ്ലോക്ക്, ലൈറ്റ് സംവിധാനം എന്നിവയാണ് പദ്ധതിയിലൂടെ യാഥാർഥ്യമാകുന്നത്.