22-ാം വയസ്സില്‍ 22 രാജ്യങ്ങള്‍; രണ്ട് വര്‍ഷത്തെ സൈക്കിള്‍ യാത്രയ്ക്കിറങ്ങി അരുണിമ

മലപ്പുറം: 22-ാം വയസ്സില്‍ 22 രാജ്യങ്ങളിലേക്ക് സൈക്കിളില്‍ യാത്രതുടങ്ങി ഒറ്റപ്പാലം സ്വദേശിനി ഐ.പി. അരുണിമ. തിങ്കളാഴ്ച കായികമന്ത്രി വി. അബ്ദുറഹിമാന്‍ മലപ്പുറത്ത് യാത്ര ഫ്‌ളാഗ്ഓഫ് ചെയ്തു. ആദ്യം പോകുന്നത് മുംബൈയിലേക്കാണ്. അവിടെനിന്ന് ജി.സി.സി. രാജ്യങ്ങളിലൂടെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തും.
ഏകദേശം 25,000 കിലോമീറ്ററാണ് സഞ്ചരിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ടുവര്‍ഷംകൊണ്ട് ഇത്രയും രാജ്യങ്ങള്‍ സഞ്ചരിക്കും. ചില രാജ്യങ്ങളില്‍ വിസ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയാമെങ്കിലും വിദേശ സഞ്ചാരിയെന്ന നിലയില്‍ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. നിലവില്‍ അഞ്ചു രാജ്യങ്ങളിലും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്.
അച്ഛന്‍ ഐ.പി. മോഹന്‍ദാസും അമ്മ ധനലക്ഷ്മിയും യാത്രയെ ഏറെ ഇഷ്ടപ്പെടുന്നവരായതിനാല്‍ അവരുടെ പൂര്‍ണപിന്തുണയുണ്ട്. പെണ്‍കുട്ടികള്‍ക്കും ഒറ്റയ്ക്ക് ലോകം ചുറ്റാന്‍ കഴിയുമെന്നുപറയുന്ന അരുണിമ തന്റെ യാത്ര മറ്റുള്ളവര്‍ക്ക് പ്രചോദനമാകുമെന്ന പ്രതീക്ഷയിലാണ്. ഏവിയേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.