പരിയാരത്ത് മോഷണം വർധിക്കുന്നു; ആശങ്കയിൽ നാട്ടുകാർ

Share our post

പരിയാരം : പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം പെരുകിയിട്ടും കള്ളനെ പിടികൂടാൻ സാധിക്കാതെ പൊലീസ്. കഴിഞ്ഞ രണ്ടാഴ്ചയായി പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പലയിടത്തും രാപകൽ വ്യത്യാസമില്ലാതെ കവർച്ച നടക്കുന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും കേസിലെ പ്രതികളെ പിടികൂടാനായില്ല.

വീട് കുത്തിത്തുറന്നുള്ള മോഷണം, ക്ഷേത്ര ഭണ്ഡാരം തകർത്ത കവർച്ച എന്നിവയാണു പതിവാകുന്നത്. വീടു കുത്തിത്തുറന്ന സംഭവത്തിൽ പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ഒരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടും വ്യക്തമായ ഒരു തെളിവുകളും ലഭിച്ചില്ലെന്നറിയുന്നു.

7നു രാത്രി പരിയാരം പഞ്ചായത്തിലെ കുപ്പം മുക്കുന്നിലെ പി.എം.കുഞ്ഞിക്കണ്ണന്റെ വീട്ടിൽ നിന്ന് 14 പവൻ സ്വർണാഭരണങ്ങളും 6000 രൂപയും പരിയാരം പാച്ചേനി ഇരിങ്ങൽ കീരന്റെകത്ത് മുഹ്സീനയുടെ വീട്ടിൽ നിന്ന് 13.5 പവൻ സ്വർണാഭരണവും 20000 രൂപയും പരിയാരം പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് ചെനയന്നൂർ പി.കെ.അബ്ദുല്ലയുടെ വീട്ടിൽ നിന്നു 30000 രൂപ മുല്യമുള്ള 1200 ദിർഹവും കവർച്ച നടത്തിയത്.

കഴിഞ്ഞ ദിവസം ചെറുവിച്ചേരി പുതിയ ഭഗവതി ക്ഷേത്രത്തിലെ 5 ഭണ്ഡാരങ്ങൾ തകർത്തു പണം കവർന്നു. ഭൂദാനത്ത് മുത്തപ്പൻ മടപുരയിലെ ഭണ്ഡാരം തകർത്തു പണം മോഷ്ടിച്ചു. സമീപത്തെ ഓട്ടോഡ്രൈവർ മുരിക്കാൽ ബൈജുവിന്റെ വീട് കുത്തിത്തുറന്നു 3000 രൂപ കവർന്നു. കണ്ടോന്താർ തട്ട് കടയിൽ മോഷണ ശ്രമവും നടന്നു. നാട്ടിൽ കവർച്ച വ്യാപകമായി നടക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!