സില്‍വർലൈന്‍ ഉപേക്ഷിച്ചിട്ടില്ല; പ്രചാരണം അടിസ്ഥാന രഹിതമെന്ന്‌ കെ.റെയില്‍

Share our post

തിരുവനന്തപുരം : നിർദ്ദിഷ്‌ട‌ കാസര്‍കോട് – തിരുവനന്തപുരം അര്‍ധ അതിവേഗ റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന്‌ കെ. റെയിൽ. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതിനെതുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു വരികയാണെന്നും കെ റെയിൽ അറിയിച്ചു.

റെയില്‍വേ ബോര്‍ഡിന്‍റെ അന്തിമാനുമതി കിട്ടുന്ന മുറയ്‌ക്ക്, കേരളത്തിന്റെ അമ്പതു വര്‍ഷത്തെ വികസനം മുന്നില്‍ കണ്ട് ആവിഷ്‌കരിച്ച സില്‍വര്‍ലൈന്‍ പദ്ധതിയുടെ തുടര്‍ നടപടികളിലേക്ക് കടക്കും. അന്തിമാനുമതിക്കു മുന്നോടിയായി, ഡിപിആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കെ റെയില്‍ കോര്‍പറേഷന്‍ ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

പദ്ധതിയുമായി ബന്ധപ്പെട്ട ഹൈഡ്രോളജിക്കല്‍ പഠനം, സമഗ്ര പാരിസ്ഥിതിഘാത വിലയിരുത്തല്‍ പഠനം, കണ്ടല്‍ക്കാടുകളുടെ സംരക്ഷണം, തീരദേശ പരിപാലനം തുടങ്ങിയ വിവിധ പഠനങ്ങള്‍ വിവിധ ഏജന്‍സികള്‍ക്ക് പൂര്‍ത്തിയാക്കി വരികയാണ്. സില്‍വര്‍ലൈന്‍ അലൈന്‍മെന്റില്‍ വരുന്ന റെയില്‍വേ ഭൂമിയുടേയും നിലിവിലുള്ള റെയില്‍വേ കെട്ടിടങ്ങളുടേയും റെയില്‍വേ ക്രോസുകളുടേയും വിശദമായ രൂപരേഖ സമര്‍പ്പിക്കാന്‍ റെയില്‍വേ ബോര്‍ഡ് കെ – റെയിലിനോട് ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളാണ് ദക്ഷിണ റെയില്‍വേ അധികൃതര്‍ക്ക് കൈമാറിയത്.

2020 സെപ്‌തംബര്‍ ഒമ്പതിനാണ് സില്‍വര്‍ലൈന്‍ ഡിപിആര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചത്. ഡി.പി.ആര്‍ പരിശോധിച്ച് ബോര്‍ഡ് ഉന്നയിച്ച മറ്റ് സംശയങ്ങള്‍ക്കെല്ലാം കെ – റെയില്‍ നേരത്തെ തന്നെ മറുപടി നല്‍കിയിരുന്നു. റെയില്‍വേ ഭൂമിയുടേയും ലെവല്‍ ക്രോസുകളുടേയും വിശദാംശങ്ങള്‍ക്കായി കെ – റെയിലും സതേണ്‍ റെയില്‍വേയും നടത്തിയ സംയുക്ത പരിശോധനയിലാണ് സില്‍വര്‍ലൈനിനു ഏറ്റെടുക്കേണ്ടി വരുന്ന ഇന്ത്യന്‍ റെയില്‍വേയുടെ ഉമടസ്ഥയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചത്. പദ്ധതി കടന്നു പോകുന്ന ഒമ്പത് ജില്ലകളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഭൂമി സില്‍വര്‍ലൈനിന് ആവശ്യമായി വരുന്നുണ്ടെന്നും കെ റെയിൽ അധികൃതർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!