കോഴിക്കോട് : ജില്ലയിൽ തരൂരിന്റെ പരിപാടിയിൽ നിന്ന് കോൺഗ്രസ് നേതാക്കളെയും യൂത്ത് കോൺഗ്രസിനെയും വിലക്കിയതിനോട് രൂക്ഷമായി പ്രതികരിച്ച് കെ മുരളീധരൻ എം. പി. പരിപാടികൾക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതിന് പിന്നിൽ ചില മുഖ്യമന്ത്രി സ്ഥാനമോഹികളാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നടന്നത് എന്താണെന്ന് എല്ലാവർക്കും അറിയാം.എന്നാൽ പാർട്ടി കാര്യമായതിനാൽ പുറത്ത് പറയുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.’സാധാരണ അന്വേഷണം നടത്തുന്നത് എന്താണ് സംഭവിച്ചത് എന്ന് അറിയാനാണ്. ഇവിടെ എന്താ സംഭവിച്ചത് എന്ന് ഞങ്ങൾക്കൊക്കെ അറിയാം.
എന്നാേട് എല്ലാ കാര്യവും ഡി .സി. സി. പ്രസിഡന്റ് പറഞ്ഞിരുന്നു. സംഭവിക്കാൻ പാടില്ലാത്തതാണ് ഇന്നലെ സംഭവിച്ചത്. അത് ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ നോക്കുക. ആർക്കും വിലക്കില്ല, പാർട്ടി പരിപാടിയിൽ കോൺഗ്രസിന്റെ ഏത് നേതാവിനെയും പങ്കെടുപ്പിക്കാമെന്ന് കെ. പി .സി. സി പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. ക്ഷണിച്ചൊരു പരിപാടിയിൽ നിന്ന് പിന്മാറേണ്ടി വന്നത് ചില സമ്മർദ്ദങ്ങളുടെ ഫലമായാണ്. അതെന്താണെന്ന് എനിക്കറിയാം. എന്നാൽ അത് പബ്ളിക്കായി ചർച്ചചെയ്യാൻ താത്പര്യപ്പെടുന്നില്ല. മര്യാദയ്ക്ക് അല്ലാതെയുള്ള ആലോചനകൾ എല്ലാം ഗൂഢാലോചനയാണ്. തടയിട്ടതിന്റെ ഉദ്ദേശം വേറെ ചിലതാണ്. മുഖ്യമന്ത്രി സ്ഥാനമൊക്കെ ആഗ്രഹിക്കുന്നവർക്ക് ചില പ്രയാസങ്ങൾ ഉണ്ടാവാം.എന്നാൽ എനിക്ക് അങ്ങനെയുള്ള മോഹങ്ങൾ ഒന്നും ഇല്ല’- മുരളീധരൻ പറഞ്ഞു.
ഇന്നലെയും ശശി തരൂരിന് അനുകൂലമായി മുരളീധരൻ രംഗത്തുവന്നിരുന്നു. ‘തരൂരിനെ മാറ്റിനിറുത്തി മുന്നോട്ട് പോകാനാവില്ല. തരൂർ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും കോൺഗ്രസ് പ്രവർത്തകർക്ക് പങ്കെടുക്കാം.അതിന്റെ പേരിൽ ഒരു നടപടിയും ഉണ്ടാവില്ല. തരൂരിനെ പാര വയ്ക്കാൻ പലരും നോക്കുന്നുണ്ട്. തനിക്കെതിരെയും ഇത്തരം പാരകൾ ഉണ്ടാകാറുണ്ടായിരുന്നു. തരൂരിന്റെ സേവനം പാർട്ടി വിനിയോഗിക്കും. കോൺഗ്രസിന്റെ മുന്നിൽനിന്ന് പ്രവർത്തിക്കുന്ന നേതാവാണ് അദ്ദേഹം. കോൺഗ്രസ് വിശാല പാർട്ടിയാണെന്നും കേരളത്തിലെ പ്രവർത്തനങ്ങളിൽ തരൂരിന്റെ പങ്കുണ്ടാവുമെന്നുമാണ് ഇന്നലെ മുരളീധരൻ പറഞ്ഞത്.
അതേസമയം, കേരളത്തിലെ കോൺഗ്രസിന്റെ ഉന്നത നേതാക്കൾ അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിട്ടും ശശിതരൂരിന്റെ മലബാർ പര്യടനത്തിന് കോഴിക്കോട്ട് ആവേശോജ്വല തുടക്കമായിരുന്നു ഇന്നലെ ഉണ്ടായത്. സെമിനാറിൽ നിന്ന് സംഘാടകരായ ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി പിൻവാങ്ങിയെങ്കിലും കോഴിക്കോട് എം.പി എം.കെ. രാഘവന്റെ നേതൃത്വത്തിൽ ജവഹർ യൂത്ത് ഫൗണ്ടേഷൻ ചടങ്ങ് നടത്തുകയും നൂറുകണക്കിനാളുകൾ പങ്കെടുക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി,സംസ്ഥാന ജനറൽസെക്രട്ടറി വി.പി. ദുർഖിഫിൽ എന്നിവരും കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർമാരും ജില്ലാപഞ്ചായത്ത് അംഗങ്ങളും ചടങ്ങിന്റെ ഭാഗമായി.വിലക്കിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാഗാന്ധി, രാഹുൽഗാന്ധി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എന്നിവർക്ക് എം.കെ. രാഘവൻ പരാതി നൽകും.
കെ.പി. കേശവമേനോൻ ഹാളിലായിരുന്നു ഇന്നലത്തെ രണ്ട് പരിപാടികളും. രാവിലത്തെ പരിപാടിക്ക് നേതൃത്വം നൽകിയത് ലായേഴ്‌സ് കോൺഗ്രസ് സിറ്റി കമ്മിറ്റിയാണ്. വിവാദമായ രണ്ടാമത്തെ സെമിനാറിന്റെ സംഘാടകർ യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയായിരുന്നു. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ്,ഹൈക്കമാൻഡിൽനിന്ന് നിർദ്ദേശമുള്ളതിനാൽ പിൻമാറുകയാണെന്ന വിവരം യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം ഫേസ്ബുക്കിലൂടെ അറിയിച്ചത്. തുടർന്നാണ് എം.കെ. രാഘവൻ ചെയർമാനായ ജവഹർ യൂത്ത് ഫൗണ്ടേഷൻ പരിപാടി ഏറ്റെടുത്തത്.
ഇന്നലെ എം.ടി.വാസുദേവൻനായർ, ആചാര്യ എം.ആർ.രാജേഷ്, കെ.പി.ഉണ്ണികൃഷ്ണൻ എന്നിവരെയും മുൻ എം.പി.വീരേന്ദ്രകുമാറിന്റെ വീടും തരൂർ സന്ദർശിച്ചു. ഇന്നും പ്രമുഖരെ സന്ദർശിക്കുന്നുണ്ട്.നാളെ പാണക്കാട്ട് ലീഗ് അദ്ധ്യക്ഷനും കുഞ്ഞാലിക്കുട്ടിയടക്കം മറ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷം മടങ്ങും.പ്രഭാഷണ പരിപാടികൾക്കു പുറമേ, മത-സാംസ്‌കാരിക നേതാക്കളെ സന്ദർശിക്കുന്നതും ചർച്ചകൾ നടത്തുന്നതുമാണ് നേതൃത്വത്തിലെ പ്രമുഖരെ ചൊടിപ്പിച്ചത്. കേരളത്തിൽ തരൂരിന്റെ രാഷ്ട്രീയ സ്വാധീനം വർദ്ധിക്കാൻ അതിടയാക്കുമെന്ന് അവർക്ക് ആശങ്കയുണ്ട്.