കോഴിക്കോട്:സൗഹൃദ, പ്രണയസല്ലാപങ്ങൾക്കുപയോഗിക്കുന്ന ഡേറ്റിങ് ആപ്പുകളിലെ ചതിക്കുഴിയിൽ നമ്മുടെ കുട്ടികളും വീഴുന്നു. അജ്ഞാതനായ സുഹൃത്തിൽനിന്ന് ഭീഷണിക്കും തട്ടിപ്പിനുമിരയായി കൗൺസിലിങ്ങിനെത്തുന്നവർ കൂടുകയാണ്. വയസ്സ് കൂട്ടിക്കാണിച്ച് വ്യാജപ്രൊഫൈലുണ്ടാക്കിയാണ് കുട്ടികൾ ആപ്പിൽ കയറുന്നത്.
കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തെ ആശ്രയിച്ചവരിൽ പലരും ഡേറ്റിങ് ആപ്പുകൾ രഹസ്യമായി ഉപയോഗിക്കുന്നുണ്ടെന്ന് സൈബർ വിദഗ്ധർ പറയുന്നു. ചിലർ ആപ്പിലൂടെയുള്ള പണംതട്ടലിലും സെക്‌സ് റാക്കറ്റുകളുടെ ഭീഷണിയിലും കുടുങ്ങി. സ്വകാര്യവിവരങ്ങളും പശ്ചാത്തലവും മനസ്സിലാക്കിയാണ് കുട്ടികളെ വലയിലാക്കുന്നത്. മാനക്കേടു ഭയന്ന് ചതിക്കപ്പെട്ടവർ പുറത്തുപറയാറില്ല. അതിനാൽ ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുകയോ തട്ടിപ്പിനിരയായവരുടെ എണ്ണം പുറത്തുവരികയോ ചെയ്യുന്നില്ല.
ഇന്റർപോളിന്റെ മുന്നറിയിപ്പ്
ഡേറ്റിങ് ആപ്പുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണ ഏജൻസിയായ ഇന്റർപോൾ കഴിഞ്ഞവർഷം ജനുവരിയിൽ ഇന്ത്യയുൾപ്പെടെ 194 അംഗരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞദിവസം ഡൽഹിയിൽ ശ്രദ്ധയെന്ന പെൺകുട്ടിയുടെ കൊലപാതകത്തിലൂടെയാണ് ഡേറ്റിങ് ആപ്പുകളുടെ സുരക്ഷ രാജ്യത്ത് വീണ്ടും ചർച്ചയിലാകുന്നത്. ആപ്പിലൂടെ പരിചയപ്പെട്ട കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച അഫ്താബ് പൂനംവാല നടത്തിയ ക്രൂരകൃത്യത്തിൽ രാജ്യമാകെ നടുങ്ങി.
കുട്ടിക്കളിയല്ല
• മുതിർന്നവരെന്ന വ്യാജേനയാണ് കുട്ടികൾ പലരും അക്കൗണ്ടുണ്ടാക്കുന്നത്. ആപ്പുകളുണ്ടാക്കുന്ന അപകടങ്ങൾ പലപ്പോഴും തിരിച്ചറിയാൻ കഴിയില്ല. ‘അജ്ഞാതനായ സുഹൃത്തു’മായി ചാറ്റു ചെയ്യും. ചിത്രങ്ങളും വീഡിയോകളും മറ്റും അയച്ചുനൽകും. പിന്നീട് പ്രശ്നത്തിലാകും
• കുട്ടികളുടെ കുടുംബത്തിലുള്ളവരും ഇരകളായി മാറാം. സാമൂഹികമാധ്യമ അക്കൗണ്ടിൽനിന്ന് വീട്ടുകാരുടെ ചിത്രങ്ങളെടുത്ത്, അവരുടെ പേരിൽ അക്കൗണ്ട് തുടങ്ങി അപമാനിക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.
• മുഖംകാണിക്കാതെ നഗ്നവീഡിയോ കോളിന് തയ്യാറാവുന്ന പെൺകുട്ടികൾ ഡേറ്റിങ് ആപ്പുകളിലുണ്ട്. പലരും അകപ്പെട്ടുപോയതാണ്.
• സെക്‌സ് ചാറ്റിങ് ബിസിനസും ആപ്പിലൂടെ നടക്കുന്നു. പണം അടച്ചാൽ സേവനം നൽകുന്നതാണ് രീതി
സുരക്ഷ ഉറപ്പാക്കാം
സാമൂഹികമാധ്യമ അക്കൗണ്ട് വിവരങ്ങളും ഫോൺ നമ്പറും ഉൾപ്പെടെ വ്യക്തിഗത വിവരങ്ങൾ അപരിചിതർക്ക് നൽകരുത്. കഴിവതും ഡേറ്റിങ് ആപ്പുമായി ഇൻസ്റ്റഗ്രാമും മറ്റും ലിങ്ക് ചെയ്യാതിരിക്കുക. ആരെന്ന് കൃത്യമായ വിവരം നൽകാത്ത പ്രൊഫൈലുകളോട് ഇടപെടരുത്. പണം അയയ്ക്കാനുള്ള അഭ്യർഥനയോട് ഒരിക്കലും പ്രതികരിക്കരുത്.
അറിഞ്ഞുകൊണ്ട് വലയിൽ
‘ഫോൺ നമ്പർ മാറ്റുകയും അക്കൗണ്ട് റദ്ദാക്കുകയും ചെയ്താൽ രക്ഷപ്പെടുമെന്ന ധാരണയിലാണ് പലരും. പക്ഷേ, ഇങ്ങനെ ചെയ്താലും സുരക്ഷിതമാവില്ല. സൈബറിടത്തിൽ ഒന്നും ഇല്ലാതാകുന്നില്ല. 11 വയസ്സുള്ള കുട്ടികൾ മുതൽ വിവാഹിതരായ മധ്യവയസ്കരുൾപ്പെടെ സഹായംതേടി എത്തിയിട്ടുണ്ട്. കുട്ടികൾ കുടുങ്ങാതെ മാതാപിതാക്കളും മുതിർന്നവരുമാണ് ശ്രദ്ധിക്കേണ്ടത്. അബദ്ധങ്ങളിലേക്ക് എത്താനുള്ള വഴിയടച്ചശേഷം കുട്ടികൾക്ക് മാത്രമേ ഫോൺ നൽകാവൂ എന്ന് സൈബർ ക്രൈം വിദഗ്ധ ധന്യ മേനോൻ പറഞ്ഞു.