ഒരു കുട്ടി പുറത്തിറങ്ങിയാല്‍ തിരിച്ചുവരുമെന്ന് ഉറപ്പുണ്ടോ ? കൊച്ചി കോര്‍പ്പറേഷനോട് ഹൈക്കോടതി

Share our post

കൊച്ചി: പനമ്പള്ളി നഗറില്‍ മൂന്ന് വയസുകാരന് ഓടയില്‍വീണ് പരിക്കേറ്റ സംഭവത്തില്‍ കൊച്ചി കോര്‍പ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സൈക്കിളുമായി ഒരുകുട്ടി പുറത്തിറങ്ങിയാല്‍ വീട്ടില്‍ മടങ്ങിയെത്തുമെന്ന് ഉറപ്പുണ്ടോ എന്ന് ഹൈക്കോടതി കോര്‍പ്പറേഷനോട് ആരാഞ്ഞു. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി കോടതിയില്‍ ക്ഷമാപണം നടത്തി. കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായത്. സംഭവത്തെ ന്യായീകരിക്കാന്‍ ശ്രമിക്കേണ്ടെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് കേസ് പരിഗണിച്ചത്.

നടുക്കമുണ്ടാക്കുന്ന സംഭവമാണ് നടന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓടയുടെ ഫോട്ടോകളടക്കം കോടതി പരിശോധിച്ചു. ആരാണ് ഇത്തരത്തില്‍ കാന നിര്‍മിച്ചതെന്ന് കോടതി ആരാഞ്ഞു. കേരളത്തിലുടനീളം പല നടപ്പാതകളിലും ഇത്തരത്തിലുള്ള അപകടക്കെണികളുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. കൊച്ചിയില്‍ നടന്ന സംഭവത്തില്‍ കോര്‍പ്പറേഷനാണ് ഉത്തരവാദിത്വം. കൊച്ചി മെട്രോ നഗരമല്ലേ ? കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ എന്ത് ചെയ്യുമായിരുന്നു ? എം.ജി റോഡിലെയടക്കം ഫുട്പാത്തിലൂടെ നടക്കാന്‍ കഴിയുന്ന അവസ്ഥയാണോ എന്ന് കോടതി ആരാഞ്ഞു. ഓടകള്‍ രണ്ടാഴ്ചയ്ക്കകം അടയ്ക്കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. അങ്ങനെ ചെയ്യാമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി കോടതിയെ അറിയിച്ചു. ഡിസംബര്‍ രണ്ട് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.

വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം. കടവന്ത്രയില്‍ നിന്ന് പനമ്പിള്ളി നഗറിലുള്ള വീട്ടിലേക്കു മടങ്ങവേയാണ് മൂന്ന് വയസുകാരന്‍ ഓടയിലേക്കു വീണത്. അമ്മയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് കുഞ്ഞിന് ജീവന്‍ നഷ്ടമായില്ല. മലിനജലം ഉള്ളില്‍ ചെന്ന കുഞ്ഞിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. റോഡരികിലൂടെ നടന്ന കുഞ്ഞ് കാലു തെറ്റി ഓടയിലേക്കു വീഴുകയായിരുന്നു. ഒഴുകി പോകാന്‍ തുടങ്ങിയ കുഞ്ഞിനെ അമ്മ കാലു കൊണ്ട് തടഞ്ഞതിനാല്‍ അപകടമൊഴിവായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!