തോക്ക്, ബോംബ്, പന്നിത്തല, പെരുമ്പാമ്പിന്റെ നെയ്യ്; ലഹരിക്കേസ് പ്രതിയുടെ ശേഖരം കണ്ട് ഞെട്ടി പോലീസ്

തിരുവനന്തപുരം: ലഹരിക്കടത്ത് കേസിലെ പ്രതിയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവും നാടന്‍ തോക്കും നാടന്‍ ബോംബും ഉള്‍പ്പെടെയുള്ളവ പിടികൂടി. വെഞ്ഞാറമൂട് കോട്ടുക്കുന്നം ഇടവംപ്പറമ്പ് വൃന്ദാവനത്തില്‍ ദിലീപിനെ (43)യാണ് പോലീസ് പിടികൂടിയത്.
ഇയാളുടെ വീട്ടില്‍നിന്നു കാട്ടുപന്നിയുടെ തല, പെരുമ്പാമ്പിന്‍ നെയ്യ്, ഒരുകിലോയോളം കഞ്ചാവ്, ഹാഷിഷ് ഓയില്‍, നാടന്‍ തോക്ക്, ആറ് നാടന്‍ ബോംബ്, 11 ചാക്ക് റേഷന്‍ അരി, മൂന്ന് ലക്ഷത്തോളം രൂപ എന്നിവയാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ പ്രഭുല്ല (32)യെയും പോലീസ് പ്രതിയാക്കി കേസെടുത്തിട്ടുണ്ട്. പ്രഭുല്ലയാണ് വീട്ടില്‍ ലഹരിവസ്തുക്കളുടെ ചില്ലറ വില്‍പ്പന നടത്തിയിരുന്നത്. വീട്ടിലേക്ക് ആരെയും കടക്കാന്‍ അനുവദിക്കാതെ കാവലിനായി പത്തോളം നായ്ക്കളെയും വളര്‍ത്തിയിരുന്നു.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ അമ്പതോളം കേസുകളുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പോലീസ് വീട് വളഞ്ഞു പ്രതിയെ പിടികൂടിയത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ജി.ബിനു, വെഞ്ഞാറമൂട് എസ്.എച്ച്.ഒ. സൈജുനാഥ്, എസ്.ഐ. മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.