കതിരൂരിലുണ്ട്, കണക്റ്റ് ടു സക്‌സസ്

കണ്ണൂർ: തൊഴിലന്വേഷകർക്ക് പ്രതീക്ഷയേകി കതിരൂർ ഗ്രാമപഞ്ചായത്തിന്റെ ‘കണക്റ്റ് ടു സക്‌സസ്’. അഭ്യസ്തവിദ്യർക്ക് ജോലി ഉറപ്പാക്കാൻ പഞ്ചായത്ത് ആരംഭിച്ച പി.എസ് .സി പരിശീലന കേന്ദ്രം കതിരൂർ ടൗണിലാണ്. ഞായർ, ചൊവ്വ ഒഴികെ ആഴ്ചയിൽ അഞ്ചു ദിവസമാണ് പരിശീലനം. രാവിലെ പത്തുമുതൽ ഒന്നുവരെയാണ് ക്ലാസ്. നിലവിൽ അമ്പതോളംപേർ പരിശീലനം നേടുന്നു. ഗണിതം, ഇംഗ്ലീഷ് വിഷയങ്ങളിൽ പ്രഗത്ഭരുടെ ക്ലാസുകളും മറ്റ് വിഷയങ്ങൾക്ക് ഗസ്റ്റ് അധ്യാപകരുടെ സേവനവും ലഭ്യമാക്കുന്നു. പ്രയാസമുള്ള പാഠഭാഗങ്ങൾ പഠിപ്പിക്കാൻ ഉച്ചക്ക് ശേഷം മോണിറ്ററിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടായ പഠനം നടക്കും.
പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ പി റംസീനയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ് പദ്ധതിയുടെ ഏകോപനച്ചുമതല. 2022––23 വാർഷിക പദ്ധതിയിൽപ്പെടുത്തി കേന്ദ്രത്തിനായി പഞ്ചായത്ത് 80,000 രൂപ മാറ്റിവച്ചതിനാൽ പഠിതാക്കളിൽനിന്നും മാസത്തിൽ 500 രൂപ മാത്രമാണ് ഈടാക്കുന്നത്. വൻതുക ഫീസായി വാങ്ങുന്ന സ്വകാര്യ കേന്ദ്രങ്ങളിൽ പരിശീലനത്തിന് പോകാൻ സാധിക്കാത്തവർക്കിത് ആശ്വാസമാണെന്ന് പ്രസിഡന്റ് പി പി സനിൽ പറഞ്ഞു. പ്രവേശനത്തിന് ഫോൺ: 9656597281.