ലൈഫിലും കേന്ദ്രം വട്ടമിടുന്നു ; ഹഡ്‌കോ വായ്‌പയും സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധിയിൽ ഉൾപ്പെടുത്താൻ നീക്കം

Share our post

തിരുവനന്തപുരം: വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ പാവങ്ങൾക്ക്‌ അത്താണിയാകുന്ന ലൈഫ്‌ ഭവനപദ്ധതിയും തകർക്കാൻ കേന്ദ്ര സർക്കാർ കരുനീക്കം. പദ്ധതി നടപ്പാക്കാൻ ആശ്രയിക്കുന്ന ഹഡ്‌കോ വായ്‌പയെ സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധിയിൽ ഉൾപ്പെടുത്തണമെന്ന വാദമുയർത്തി ലൈഫ്‌ സ്‌തംഭിപ്പിക്കാനാണ്‌ ശ്രമം. നേരത്തേ കിഫ്‌ബിയെയും സാമൂഹ്യസുരക്ഷാ പെൻഷൻ കമ്പനിയെയും ഇതേ തന്ത്രമുപയോഗിച്ച്‌ കേന്ദ്രം തകർക്കാൻ നോക്കിയിരുന്നു.ലൈഫിനായി ഹഡ്‌കോയിൽനിന്ന്‌ കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ 5500 കോടി രൂപ വായ്പയാണ്‌ എടുത്തിട്ടുള്ളത്‌.

മുതൽ തിരിച്ചടവ്‌ തദ്ദേശസ്ഥാപനങ്ങളും, പലിശ സംസ്ഥാന സർക്കാരും ഉറപ്പാക്കുന്നു. ഇതിനെ സംസ്ഥാനത്തിന്റെ വായ്‌പാ പരിധിയിൽ ഉൾപ്പെടുത്തി പദ്ധതി നിർത്തിവയ്പിക്കാനാണ്‌ നീക്കം.പട്ടിക വിഭാഗങ്ങളും മത്സ്യത്തൊഴിലാളികളും കുടിയേറ്റ കുടുംബങ്ങളും ഉൾപ്പെടെ ഒമ്പത്‌ ലക്ഷത്തിലേറെ കുടുംബത്തിന്‌ അടച്ചുറപ്പുള്ള വീട്‌ ഉറപ്പാക്കാനാണ്‌ ലൈഫ്‌ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്‌. ഭവനനിർമാണത്തിനായി കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ നീക്കിവയ്‌ക്കുന്ന തുകകൾ സമാഹരിക്കുകയും ബാക്കി ഹഡ്‌കോയടക്കം ഏജൻസികൾവഴി കണ്ടെത്തുകയുമാണ്‌.

ആഗസ്‌ത്‌ 20 വരെ 3,01,912 വീട്‌ പൂർത്തിയാക്കി. 24,635 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുന്നു. ഇതുവരെ 12,213 കോടി രൂപ ചെലവിട്ടു. അടുത്തഘട്ടത്തിനായി കണ്ടെത്തിയ 4,62,611 കുടുംബത്തിൽ 1,51,478ഉം സ്ഥലവും വീടുമില്ലാത്തവരാണ്‌. 171 തദ്ദേശസ്ഥാപനത്തിലെ അർഹരെക്കൂടി ഉൾപ്പെടുത്തുമ്പോൾ അഞ്ചുലക്ഷം കവിയും. എല്ലാവർക്കും വീട്‌ ഉറപ്പാക്കിയ ആദ്യ സംസ്ഥാനമാകുകയെന്ന സംസ്ഥാനത്തിന്റെ ലക്ഷ്യം തകർക്കാനാണ്‌ കേന്ദ്രം കോപ്പുകൂട്ടുന്നത്‌.സിഎജി ഓഡിറ്റ്‌ റിപ്പോർട്ടിൽ കിഫ്‌ബിയുടെയും പെൻഷൻ കമ്പനിയുടെയും വായ്‌പകൾ സംബന്ധിച്ച്‌ വിവാദ നിരീക്ഷണങ്ങൾ ഉൾപ്പെടുത്തിയാണ്‌ ഇവയ്ക്കെതിരായ കരുനീക്കമാരംഭിച്ചത്‌.

വായ്പ സംസ്ഥാനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ടു. ഇതിന്റെ ചുവടുപിടിച്ച്‌, വിദേശ വായ്‌പകളടക്കം മുടക്കംവരുന്ന നിലയിൽ കിഫ്‌ബിയിൽ കേന്ദ്ര ഏജൻസികളുടെ അനാവശ്യ ഇടപെടലുകൾ തുടരുന്നു. സഹകരണ ബാങ്കുകളുടെയും സർക്കാർ ഏജൻസികളുടെയും മിച്ചവിഭവമാണ്‌ പെൻഷൻ കമ്പനിക്ക്‌ ലഭ്യമാക്കുന്നത്‌. ഈ താൽക്കാലിക ഇടപാടുകളെ വായ്‌പായി കണക്കാക്കി, സംസ്ഥാനത്തിന്റെ വായ്‌പാ പരിധിയിൽ ഉൾപ്പെടുത്തണമെന്നും സിഎജി ആവശ്യപ്പെട്ടിരുന്നു. ക്ഷേമ പെൻഷനുകളുടെ പ്രതിമാസ വിതരണം മുടക്കുന്ന സാഹചര്യമാണ്‌ സൃഷ്ടിക്കപ്പെടുന്നത്‌.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!